ഭൂകമ്പം യുഎഇയെ ബാധിച്ചിട്ടില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: ഇറാഖ്-ഇറാന്‍ അതിര്‍ത്തിപ്രദേശത്ത് ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനം യുഎഇയെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ റിക്ടര്‍ സ്‌കെയില്‍ 7.3 തീവ്രതയില്‍ ഉണ്ടായ ഭൂചലനം ഇറാഖിലും ഇറാനിലും മറ്റ് സമീപ പ്രദേശങ്ങളിലുമായി 350ലേറെ മരണത്തിനും നിരവധി പേരുടെ പരിക്കിനും കെട്ടിടങ്ങള്‍ക്കും മറ്റും വന്‍ നാശനഷ്ടത്തിനും ഇടയാക്കിയിരുന്നു.

ദുബൈയില്‍ നിന്ന് 1,378 കിലോ മീറ്റര്‍ അകലെയുള്ള പ്രഭവകേന്ദ്രത്തില്‍ നിന്നുണ്ടായ ഭൂചലനം യുഎഇയിലെ ചില ബഹുനില കെട്ടിടങ്ങളിലെ മുകള്‍ നിലകളിലുള്ളവര്‍ക്ക് മാത്രമാണ് അനുഭവപ്പെട്ടത്. ചെറിയ രീതിയിലുള്ള പ്രകമ്പനം അനുഭവപ്പെട്ടതൊഴിച്ചാല്‍ താമസക്കാര്‍ക്കോ കെട്ടിടങ്ങള്‍ക്കോ അപകടങ്ങളോ നാശനഷ്ടങ്ങളോ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ദുബൈ മുനിസിപ്പാലിറ്റി സര്‍വെ വിഭാഗം ഡയറക്ടര്‍ എന്‍ജിനീയര്‍ മുഹമ്മദ് മഷ്‌റൂം പറഞ്ഞു.

ഭൂചലനമുണ്ടാകുമ്പോള്‍ ഉയര്‍ന്ന കെട്ടിടങ്ങളിലും ടവറുകളിലും അത് എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കാനായി അടുത്ത കാലത്തായി മുനിസിപ്പാലിറ്റി നാല് സ്മാര്‍ട് സിസ്റ്റം ആരംഭിച്ചിരുന്നതായും ഡയരക്ടര്‍ പറഞ്ഞു. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിലുള്ള ദുരന്തസാധ്യതകള്‍ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു ഇത്. ഇതനുസരിച്ച് അടിയന്തര രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സംവിധാനങ്ങളും മുനിസിപ്പാലിറ്റി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഞായറാഴ്ചയുണ്ടായ ഭൂചലനം എന്തെങ്കിലും അപകടസാധ്യത ഉണ്ടാക്കിയതായി സ്മാര്‍ട്ട് സംവിധാനങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അത്തരം അറിയിപ്പ് സന്ദേശങ്ങളൊന്നും അവ നല്‍കിയില്ലെന്നും അവര്‍ അറിയിച്ചു.

അതേസമയം, ഭൂകമ്പം യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലുണ്ടാക്കിയ പ്രകമ്പനങ്ങളെക്കുറിച്ചും അതിന്റെ ആഘാതത്തെ കുറിച്ചും വിശദമായ പഠനം നടത്താനുള്ള സംവിധാനം ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

Top