ഒരു പര്‍വതത്തെ ചലിപ്പിക്കുവാന്‍ കഴിയുന്ന അണുപരീക്ഷണം; ഉത്തരകൊറിയ അവസാനം നടത്തിയ അണുബോംബ് പരീക്ഷണത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത്‌

2017 സെപ്റ്റംബര്‍ മൂന്നിന് ഉത്തരകൊറിയ അവസാനമായി നടത്തിയ അണുബോംബ് പരീക്ഷണത്തിന്റെ തീവ്രത അതിഭയങ്കരമായിരുന്നുവെന്ന് കണ്ടെത്തല്‍. ഒരു പര്‍വതത്തെ മുഴുവനായി ചലിപ്പിക്കുവാന്‍ കഴിയുന്നതായിരുന്നു ആ ആണവപരീക്ഷണമെന്നാണ് പുതിയ കണ്ടെത്തല്‍. അണുബോംബ് പരീക്ഷണത്തെത്തുടര്‍ന്ന് ഉത്തരകൊറിയന്‍ രഹസ്യ ആണവപരീക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന മാന്‍ടാപ് പര്‍വ്വതത്തിന് സ്ഥാനചലനമുണ്ടായെന്നാണ് ഉപഗ്രഹ ചിത്രങ്ങളെ വിശകലനം ചെയ്ത ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

രണ്ട് ആണവസ്‌ഫോടനങ്ങളാണ് 2017 സെപ്റ്റംബറില്‍ ഉത്തരകൊറിയ നടത്തിയത്. സമീപരാജ്യങ്ങളിലെ ഭൂകമ്പമാപിനികളില്‍ രണ്ട് ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയതോടെയാണ് ഉത്തരകൊറിയ ആണവസ്‌ഫോടനം നടത്തിയെന്ന സൂചന ലോകരാജ്യങ്ങള്‍ക്ക് ലഭിച്ചത്. ആദ്യത്തെ ചലനം 6.3 തീവ്രതയും രണ്ടാമത്തേത് 4.1 തീവ്രതയുമാണ് രേഖപ്പെടുത്തിയത്.

ഭൂചലനത്തിന്റെ തീവ്രത അനുസരിച്ച് 120 കിലോടണ്‍ മുതല്‍ 304 കിലോടണ്‍ വരെ ശക്തിയുള്ള സ്‌ഫോടനമാണ് ഉത്തരകൊറിയ നടത്തിയതെന്നാണ് കണക്കാക്കുന്നത്. അമേരിക്ക നാഗസാക്കിയില്‍ ഇട്ട അണുബോംബിന്റെ പത്തിരട്ടിയിലേറെ പ്രഹരശേഷിയുള്ളതാകും ഈ സ്‌ഫോടനമെന്നും കണക്കാക്കപ്പെടുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് മാന്‍ടാപ് പര്‍വ്വതം 11.5 അടി തെക്കോട്ട് നീങ്ങിയെന്നാണ് കണക്കാക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍ പര്‍വതത്തിന്റെ വലിപ്പം 1.6 അടിയോളം കുറഞ്ഞതായും കണക്കാക്കുന്നു. ഉത്തരകൊറിയയുടെ ആറാമത്തെ ആണവപരീക്ഷണമായിരുന്നു അത്. ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലുതും. അണുപരീക്ഷണ കേന്ദ്രമായ പങ്‌യേ റിയില്‍ മാന്‍ടാപ് പര്‍വതത്തിന് സമീപം വലിയ ടണലിലായിരുന്ന പരീക്ഷണം നടത്തിയത്.

ഹൈഡ്രജന്‍ ബോംബാണ് പരീക്ഷിച്ചതെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിംഗ് ജോംഗ് ഉന്‍ അന്ന് അവകാശപ്പെട്ടിരുന്നു. അമേരിക്ക നാഗസാക്കിയില്‍ ഇട്ട അണുബോംബിന്റെ പത്തിരട്ടിയിലേറെ പ്രഹരശേഷിയുള്ളതാകും ഈ സ്‌ഫോടനമെന്നും കണക്കാക്കപ്പെടുന്നു. ഇത്തരത്തിലുള്ള വന്‍ സ്‌ഫോടനങ്ങള്‍ താങ്ങാനുള്ള ശേഷി മാന്‍ടാപ് പര്‍വ്വതത്തിനില്ലെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ഉത്തരകൊറിയ ഇനിയും ആണവപരീക്ഷണം ഇവിടെ നടത്തിയാല്‍ പര്‍വ്വതം തന്നെ തകര്‍ന്നുവീഴാനുള്ള സാധ്യതയും ഏറെയാണ്.

Top