ഉത്തര കൊറിയ സ്വന്തം പട്ടാളക്കാരനെ വെടിവെച്ചു

സോള്‍ ദക്ഷിണ കൊറിയയിലേക്കു കടക്കാന്‍ ശ്രമിച്ച സ്വന്തം സൈനികനെ ഉത്തരകൊറിയ വെടിവച്ചു വീഴ്ത്തി. നാല്‍പത് റൗണ്ട് വെടിവയ്ക്കുകയും അഞ്ചു തവണ മര്‍ദിക്കുകയും ചെയ്തുവെന്ന് ദക്ഷിണ കൊറിയന്‍ സേന അറിയിച്ചു. തിങ്കളാഴ്ച പാന്‍മുന്‍ജോം പ്രവിശ്യയിലാണു സംഭവം. അതീവ ഗുരുതരാവസ്ഥയിലായ സൈനികന്‍ ദക്ഷിണ കൊറിയയില്‍ ചികില്‍സയിലാണ്.

ഉത്തര കൊറിയന്‍ അതിര്‍ത്തി വഴി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികനെതിരെ വെടിവയ്പ്പുണ്ടായത്. വാഹനത്തിലെത്തിയ സൈനികന്‍ ദക്ഷിണ കൊറിയയെ ലക്ഷ്യമാക്കി നീങ്ങിയതോടെയായിരുന്നു വെടിവയ്പ്പ്. കെട്ടിടത്തിന്റെ മറവിലൊളിച്ച ഇയാളെ പിന്നീട് ദക്ഷിണ കൊറിയന്‍ സേന രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ സൈനികന്റെ നില അതീവ ഗുരുതരമാണ്.
അതേസമയം, ഉത്തര കൊറിയയുടെ അതിര്‍ത്തി രക്ഷാസേനയില്‍ ഉള്‍പ്പെടുന്ന സൈനികനല്ല പിടിയിലായതെന്നാണ് ദക്ഷിണ കൊറിയയുടെ വിലയിരുത്തല്‍.

സൈനിക യൂണിഫോമില്‍നിന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ചു പ്രതികരിക്കാന്‍ ഉത്തര കൊറിയ ഇതുവരെ തയാറായിട്ടില്ല. ഇരു കൊറിയകളുടെയും സൈന്യം മുഖാമുഖം നില്‍ക്കുന്ന അതിസുരക്ഷാ മേഖലയാണു പാന്‍മുന്‍ജോം. യുഎസിന്റെ നേതൃത്വത്തിലുള്ള യുഎന്‍ കമാന്‍ഡ് (യുഎന്‍സി) ആണ് ഇവിടെ സുരക്ഷ നിര്‍വഹിക്കുന്നത്.

Top