നിയമങ്ങൾ കാറ്റിൽ പറത്തി കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസിനെതിരെ കേസ്

തിരുവനന്തപുരം ബിഷപ്പ് ഫ്രാങ്കോ മുളക്കലിൽ നിന്നും ബലാത്സംഗം നേരിട്ട കന്യാസ്ത്രീയെ മോശക്കാരിയാക്കാനായി ഫോട്ടോയും കുറിപ്പും പുറത്ത് വിട്ട നടപടിക്കെതിരെ കേസ്. സന്യാസി സഭയായ മിഷണറീസ് ഓഫ് ജീസസിനെതിരെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

മിഷനറീസ് ഓഫ് ജീസസ് നേതൃത്വം മാധ്യമങ്ങൾക്കാണ് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം കൈമാറിയത്. പ്രസിദ്ധീകരിക്കുമ്പോള്‍ തിരിച്ചറിയും വിധം നല്‍കിയാല്‍ മിഷനറീസ് ഓഫ് ജീസസ് ഉത്തരവാദിയായിരിക്കില്ല എന്ന അറിയിപ്പോടെയായിരുന്നു വാര്‍ത്താക്കുറിപ്പിന്റെ ഭാഗമാക്കി ചിത്രം മാധ്യമങ്ങള്‍ക്കു നൽകിയത്.

പീഡനക്കേസിലെ ഇരകളെ തിരിച്ചറിയുംവിധം ഒരുവിവരവും പുറത്തുവിടരുതെന്നാണു നിയമം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണ കമ്മിഷന്‍റെ പ്രാഥമിക കണ്ടെത്തലുകള്‍ എന്ന പേരിലായിരുന്നു സഭയുടെ വാര്‍ത്താക്കുറിപ്പ്. കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ ഗൂഢാലോചന നടത്തിയെന്നും വാര്‍ത്താകുറിപ്പിൽ കണ്ടെത്തലുണ്ട്.

2015 മെയ് 23 ന് ഫ്രാങ്കോ പങ്കെടുത്ത ഒരു ചടങ്ങില്‍ പരാതിക്കാരിയായ കന്യാസ്ത്രീയും പങ്കെടുത്തിരുന്നുവെന്നാണ് ചിത്രം നല്‍കികൊണ്ട് മിഷനറീസ് ഓഫ് ജീസസ് പറയുന്നത്. ഇരുവരും ഒരുമിച്ച് ഒരു വീട് വെഞ്ചരിപ്പ് ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ഇത്. ഇരുവരും വീട് വെഞ്ചരിപ്പിന് ഒരുമിച്ചിരിക്കുന്നത് ആരോപണം തെറ്റാണെന്നതിന്‍റെ തെളിവാണ്. ലൈംഗിമായി പീഡിപ്പിക്കപ്പെട്ട സ്ത്രീ, പീഡിപ്പിച്ച ആള്‍ക്കൊപ്പം സ്വന്തം താത്പര്യപ്രകാരം പങ്കെടുക്കില്ലെന്നുമാണ് മിഷനറീസിന്‍റെ വാദം.

2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ തന്നെ പീഡിപ്പിച്ചുവെന്ന് പറയുന്ന ബിഷപ്പിനൊപ്പം കന്യാസ്ത്രീ വളരെ ആവേശത്തോടെയാണ് 2015 ല്‍ നടന്ന ഈ ചടങ്ങില്‍ പങ്കെടുത്തത്. കന്യാസ്ത്രീ അധികാരികളോട് അനുവാദം വാങ്ങി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അതിനാല്‍ അരോപണം അടിസ്ഥാന രഹിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും അവര്‍ ആരോപിച്ചു.ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ പങ്ക് അന്വേഷിക്കാനായി നിയോഗിച്ച കമ്മീഷന്‍റെ പ്രാഥമിക കണ്ടെത്തല്‍ പ്രസിദ്ധീകരിക്കാനായി നല്‍കിയ വാര്‍ത്താ കുറിപ്പിലാണ് ചിത്രവും നല്‍കിയത്.

Top