മത്സരിച്ചെങ്കില്‍ ട്രമ്പിനെ തോല്‍പ്പിച്ചേനെയെന്നു ഒബാമ

വാഷിംഗ്ടണ്‍:മൂന്നാമത് തവണയും മത്സരിക്കാന്‍ തനിക്കു കഴിഞ്ഞിരുന്നെങ്കില്‍ ഡൊണാള്‍ഡ് ട്രമ്പിനെ തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നുവെന്നു പ്രസിഡന്റ് ബരാക് ഒബാമ. സുഹൃത്തും മുന്‍ഉപദേശകനുമായ ഡേവിഡ് ആക്‌സല്‍റോഡിനു നല്‍കിയ ഒരുഅഭിമുഖത്തിലാണ് ഒബാമ ഉറപ്പായും താന്‍ വിജയിക്കുമായിരുന്നുവെന്നു പറഞ്ഞത്.എല്ലാവരെയും ഉള്‍ക്കൊള്ളുകയും മധ്യവര്‍ഗക്കാരായ അമേരിക്കക്കാരെ സഹായിക്കുകയും ചെയ്തിരുന്ന തന്റെ നയമാണ് ഒബാമയുടെ ശുഭാപ്തി വിശ്വാസത്തിനു അടിസ്ഥാനം.രാജ്യമൊട്ടാകെ ജനങ്ങളുമായി നടത്തിയ സംഭാഷണങ്ങളില്‍നിന്നുമാണ് അത് മനസ്സിലായത്. വിയോജിക്കുന്നവര്‍ അവര്‍ക്കു തോന്നുന്നതായ കാര്യങ്ങള്‍ തുറന്നുപറഞ്ഞു.ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഹിലരി ക്ലിന്റണെ ഒബാമ പ്രശംസിച്ചു.വളരെ വിഷമകരമായ സാഹചര്യങ്ങളില്‍ നല്ലപ്രകടനമാണ് അവര്‍ കാഴ്ചവെച്ചത്.എന്നാല്‍ അവരോടു ഒരു ഇരട്ടത്താപ്പ് സമീപനമാണ് കൈക്കൊണ്ടത്. മാധ്യമങ്ങളുമായി വളരെക്കാലമായി നല്ല ബന്ധത്തിലല്ലാതിരുന്ന അവരുടെ തെറ്റുകള്‍ പെരുപ്പിച്ചുകാട്ടുകയാണുണ്ടായത്.

സമ്പദ്ഘടന മെച്ചപ്പെടുകയാണെന്നും എന്നാല്‍ ചിലവിഭാഗക്കാര്‍ക്ക് മറ്റൊള്ളവര്‍ക്കൊപ്പമെത്താന്‍ കഴിഞ്ഞില്ലെന്ന തോന്നലുണ്ടെന്നും ഒബാമ പറഞ്ഞു.വെള്ളക്കാരായ അമേരിക്കന്‍ തൊഴിലാളികളെ ഡെമോക്രറ്റുകള്‍ കൈവിട്ടുവെന്ന ആക്ഷേപം ശുദ്ധഅസംബന്ധമാണെന്നും അദ്ദേഹംപറഞ്ഞു. ഡെമോക്രാറ്റ് രാഷ്ട്രീയക്കാര്‍ ആ വിഭാഗക്കാരുമായി ആശയവിനിമയം നടത്താത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഒബാമ ഒരിക്കലും ജയിക്കുമായിരുന്നില്ല എന്നായിരുന്നു ട്രമ്പിന്റെ പ്രതികരണം. ഒബാമയുടെ അഭിമുഖം വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ നടത്തിയ ട്വീറ്റില്‍ തൊഴിലില്ലായ്മ,ഇസ്ലാമികസ്റ്റേറ്റ്,ഒബാമ കെയര്‍ തുടങ്ങിയകാരണങ്ങളും അദ്ദേഹംചൂണ്ടിക്കാട്ടി. തന്റെപാര്‍ട്ടിക്ക് സംഭവിച്ച നാടകീയമായ തോല്‍വിയോടെയാണ് വൈറ്റ് ഹൗസിലെ കാലാവധി അവസാനിക്കുന്നതെന്നതില്‍ ഒബാമ വളരെ നിരാശനാണെന്നു അഭിമുഖം നടത്തിയ ഇപ്പോള്‍ സിഎന്‍എന്‍ ചാനലില്‍ കമന്റേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന ആക്‌സല്‍റോഡ് പറഞ്ഞു.

Top