മധുരിക്കുന്ന ഓര്‍മ്മകള്‍ ഓടി കളിക്കുന്ന കുട്ടിക്കാലത്തെ ഓണം

ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും പ്രതീകമായ ഓണം വീണ്ടും വന്നെത്തി. കുട്ടിക്കാലത്തെ ഓണവും ആഘോഷങ്ങളും ഒരു മലയാളിയും മറക്കില്ല. ലോകത്തെവിടെയാണങ്കിലും സ്വന്തം നാട്ടില്‍ എത്തിച്ചേരാന്‍ ഏതൊരു മലയാളിയും ആഗ്രഹിക്കുന്നത്. കള്ളവും ചതിയും ഇല്ലാത്ത ഒരു നാട് നമ്മുടെ കുട്ടിക്കാലത്ത്  ഉണ്ടായിരുന്നു. ഇന്നത്തെ ഓണം കച്ചവടമാണ്. ഓര്‍ഡര്‍ കൊടുത്താല്‍ ഓണ സദ്യ വീട്ടില്‍ എത്തും. പ്ലാസ്റ്റിക്‌ വാഴയിലയില്‍ വിളമ്പുന്ന സദ്യ ഉണ്ട് ടി വിയിലെ ഓണവും കണ്ടുള്ള ഓണഘോഷമാണ് ഇപ്പോള്‍ ഉള്ളത്.

കുട്ടിക്കാലത്ത് ഓണപരീക്ഷ കഴിയാന്‍ കാത്തിരിക്കും.   അത്തം മുതല്‍ പത്തു ദിവസവും വീട്ടില്‍ പൂക്കളം ഇട്ടിരുന്നു. കൂട്ടുകാരുമൊന്നിച്ചു വൈകിട്ട്  തന്നെ പൂവെല്ലാം പറിക്കും. അമ്പല കുളത്തിന്റെ അരികില്‍ നില്‍ക്കുന്ന ആമ പൂ പറിക്കാന്‍ പോയൊരു കുട്ടിക്കാലം. അടുത്തള്ള പറമ്പില്‍ നിന്ന് തുമ്പപൂ പറിച്ചു ചേമ്പിലയില്‍ നിറയ്ക്കും. കോളാമ്പിയും, ബെന്തി,വാടാമല്ലി ,പൂച്ചപ്പൂ, മുക്കൂറ്റി എല്ലാം പറിച്ചു നടന്നിരുന്നു ആ കുട്ടിക്കാലം മറക്കാൻ പറ്റില്ല. വീട്ടില്‍ കൊണ്ടുവന്ന പൂ വാടാതെ ഇരിക്കാന്‍ വാഴയിലയില്‍ വെള്ളം തളിച്ച് വയ്ക്കും.

അത്തം തൊട്ടു രാവിലെ മുറ്റത്തു പൂക്കളത്തിനുവേണ്ടി ചാണകം മെഴുകിയ തറയില്‍   പൂക്കള്‍ കൊണ്ട്  പൂക്കളം ഒരുക്കും. അതിനു ശേഷം ആരുടെ പൂക്കളമാണ് നല്ലതെന്നറിയുന്നതിനു വേണ്ടി  അടുത്ത  വീടുകളിലേക്ക് ഒരോട്ടമാണ്. അത്തം തൊട്ടു തിരുവോണം വരെ പൂക്കള്‍ ഇടും. തിരുവോണത്തിനു വലിയ പൂക്കളമായിരിക്കും. പൂക്കളത്തിന്റെ കൂടെ ഓണത്തപ്പനും കാണും. വീട്ടിലെയ്ക്കുള്ള വഴിവരെ ഇടക്ക് പൂക്കളും ഓണത്തപ്പനും വച്ചു  അലങ്കരിക്കും. നിലവിളക്ക് കൊളുത്തി വാഴയിലയില്‍ അടയും വച്ചു   മാവേലിയെ കാത്തിരുന്ന കുട്ടിക്കാലം.

തിരുവോണത്തിന്റെ അന്ന് രാവിലെ കുളിച്ചു പുതിയ ഉടുപ്പെല്ലാം ഇട്ടു കാലത്തെ തയ്യാറാക്കും. ഓണ സദ്യ നേരത്തെ ആകുന്നതുകൊണ്ട് കാലത്ത് പലഹാരം ഒന്നും കാണില്ല. അടയും ഉപ്പേരിയും  എല്ലാം ആയിരിക്കും. കായ്   വറുത്തതും ശര്‍ക്കര പുരട്ടിയും, ചേന ഉപ്പേരിയും ചീട വറത്തതുമെല്ലാം അമ്മ നേരത്തെ തന്നെ ഉണ്ടാക്കി കാണും. ഓണത്തിന്റെ അന്ന് 11 മണി കഴിയുമ്പോള്‍  സദ്യ വിളമ്പും. വിളക്കുത്തു തുശനില വച്ചു എല്ലാം വിഭവങ്ങളും ആദ്യം അതില്‍ വിളമ്പും. ഇല നിറച്ചു പലതരം കറികളും ഉപ്പേരിയും പപ്പടവും പാഴവും എല്ലാം കാണും. സദ്യയുണ്ട് പായസവും കഴിച്ചു പിന്നെ കളിക്കുവാന്‍ വേണ്ടി അടുത്തള്ള കൂട്ടുകാരുടെ അടുത്തെയ്ക്കു  ഓട്ടമാണ്. അടുത്തള്ള ഒഴിഞ്ഞ പറമ്പിലായിരിക്കും കളി. ഊഞ്ഞാല്‍ ആട്ടവും,  സാറ്റു കളിയും, കളം വരച്ചുള്ള തൊട്ടികളിയും, പുഞ്ചകളിയും, കോല്‍ കളിയും  എന്നുവേണ്ട പല കളികളും ആ കാലത്ത് ഉണ്ടായിരുന്നു .  പ്രായം ചെന്നവരുടെ കളിയായിരുന്നു പകിടകളി.

ഓണം കഴിഞ്ഞുള്ള ദിവസങ്ങളില്‍ പിന്നെ അമ്മാവന്മാരുടെയും ചിറ്റയുടെയും വീടുകളിലാണ്  ഒത്തുകൂടുന്നത്. അവിടെയും സദ്യ ആയിരിക്കും. അങ്ങനെ ഓണ ദിവസങ്ങളില്‍ എന്നും പായസം കൂട്ടിയുള്ള സദ്യയായിരിക്കും. ഓണ അവധിയും കഴിഞ്ഞു സ്കൂള്‍ തുറന്നു വീണ്ടും സ്കൂളിലേക്ക്. അടുത്ത ഓണവും കാത്തിരുന്ന ആ കുട്ടിക്കാലം ഇനി തിരിച്ചു വരില്ല എന്നറിയാം. എന്നാലും ഓര്‍മ്മയിലൂടെ ആ കുട്ടിക്കാലത്തേയ്ക്ക് വീണ്ടുമൊരു യാത്ര.

 

Top