ശബരിനാഥന്റെ വിജയം ഭരണത്തിനുള്ള അംഗീകാരവും ജി. കാര്‍ത്തികേയന് അരുവിക്കരയിലെ ജനങ്ങള്‍ നല്‍കിയ ആദരാഞ്ജലികളും: മുഖ്യമന്ത്രി

രുവിക്കരയിലെ ശബരിനാഥന്‍റ്റെ വിജയം യുഡിഎഫ് സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരണെന്ന് ഉമ്മന്‍ ചാണ്ടി. കൂടാതെ ജനവിധി ജി കാര്‍ത്തികേയന് അരുവിക്കരയിലെ ജനങ്ങള്‍ നല്‍കിയ ആദരാഞ്ജലിയാണെന്നും, ജനങ്ങളുടെ ഹൃദയം കീഴടക്കിയതിന്റെ ഫലമാണ് തെരഞ്ഞെടുപ്പിലെ മികച്ച ഭൂരിപക്ഷമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയം യുഡിഎഫിനു മേല്‍ വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഈ ഉത്തരവാദിത്വം ഏറ്റെടുത്തു മുന്നോട്ടുപോയാല്‍ കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചു ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന സൂചനകളാണ് തരുന്നത്. യുഡിഎഫ് കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍മുതല്‍ നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ നിയമപരമായി മുന്നോട്ട് കൊണ്ടുപോകാനോ അത് ജനങ്ങളില്‍ എത്തിക്കാനോ അവര്‍ക്ക് സാധിച്ചില്ല. ഇതാണ് യുഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷമുള്ള മൂന്ന് ഉപതെരഞ്ഞെടുപ്പിലും മുന്നണിക്ക് മികച്ച വിജയത്തിന് കാരണം. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അനുഭവങ്ങളില്‍ നിന്ന് പഠിക്കുന്നില്ല പ്രവര്‍ത്തനശൈലി മാറ്റാന്‍ അവര്‍ തയ്യാറാകുന്നില്ല. ഇതാണ് അവരുടെ തുടര്‍ പരാജയങ്ങള്‍ക്ക് കാരണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് തെരഞ്ഞെടുപ്പ് ഫലം. വികസനവും കരുതലും ഉറപ്പാക്കിയാണ് പ്രവര്‍ത്തിച്ചത്. ചെറിയ ഭൂരിപക്ഷമെന്നത് ഭരണത്തെ ബാധിക്കാതെയാണ് ഭരിച്ചത്.

ജനങ്ങളുടെ ആഗ്രഹവും അഭിലാഷവും അനുസരിച്ച് നിരവധി പരിപാടികള്‍ ഏറ്റെടുത്താണ് മുന്നോട്ടുപോയത്. യുഡിഎഫിന്റെ യോജിച്ച പ്രവര്‍ത്തനത്തിനും നേതാക്കളുടെ കൂട്ടായ്മയ്ക്കും അംഗീകാരമാണ് ഈ വിജയം. എംപിമാരും എംഎല്‍എമാരും ദിവസങ്ങളോളം അവിടെ താമസിച്ചു പ്രവര്‍ത്തിച്ചു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തിച്ചത്. അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. സ്ഥാനാര്‍ഥി എന്ന നിലയില്‍ ശബരീനാഥന്‍ അരുവിക്കരയിലെ ജനങ്ങളുടെ മനസ്സു കീഴടക്കി. യുവാക്കളുടെയും നിയോജകമണ്ഡലത്തിലെ ജനങ്ങളുടെയും പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ ശബരീനാഥന് കഴിയുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Top