പാകിസ്താനി സിനിമാതാരം ഭര്‍ത്താവിന്റെ വെടിയേറ്റു മരിച്ചു

ഇസ്ലാമാബാദ്: പ്രശസ്ത പാകിസ്താനി ഗായികയും സിനിമാ നടിയുമായ രേഷ്മ വെടിയേറ്റ് മരിച്ചു. ഭര്‍ത്താവാണ് ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ.

രേഷ്മ താമസിക്കുന്ന വീട്ടില്‍ എത്തിയ ഭര്‍ത്താവ് നടിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി പൊരുത്തപ്പെടാനാവാതെ വന്നതോടെ, നടി കുറെ നാളുകളായി ഹാക്കിമാബാദില്‍ സഹോദരനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.

പാഷ്ടോ ഗാനങ്ങളിലൂടെ ജനശ്രദ്ധ നേടിയ രേഷ്മ ,’ഴോബല്‍ ഗോലുന’ എന്ന പ്രശസ്ത പാകിസ്ഥാനി നാടകത്തിലും അഭിനയിച്ചിരുന്നു. പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍വാലയില്‍ ഈ വര്‍ഷം ഫെബ്രുവരിക്ക് ശേഷം പ്രശസ്തരായ വനിതാ താരങ്ങള്‍ക്ക് നേര്‍ക്കുണ്ടാകുന്ന പതിനഞ്ചാമത്തെ അക്രമസംഭവമാണ് ഇത്. ഫെബ്രുവരി മൂന്നിന് പ്രശസ്ത നടി സുണ്‍ബുള്‍ വെടിയേറ്റ് മരിച്ചിരുന്നു.

Top