തലമുടിക്ക് അഴകും തിളക്കവും നല്‍കും പപ്പായ മാസ്‌ക്ക്

മാലാഖമാരുടെ ഫലമെന്നാണ് ക്രിസ്റ്റഫര്‍ കൊളംബസ് പപ്പായയെ വിശേഷിപ്പിച്ചത്. ലോകം ചുറ്റാനിറങ്ങിയ സഞ്ചാരിയെ ആകര്‍ഷിച്ചതും പപ്പായയുടെ മനോഹരമായ സ്വര്‍ണ്ണവര്‍ണ്ണമാകാം. ആരോഗ്യവും അഴകും ഒത്ത മുഖം നല്‍കാന്‍ പപ്പായക്കുളള കഴിവ് പ്രസിദ്ധമാണ്. സ്‌കിന്നിനു മാത്രമല്ല മുടിക്കും സൗന്ദര്യ കൂട്ട് ഒരുക്കാന്‍ പപ്പായ നല്ലതാണ്. മനോഹരമായ തലമുടി വേണമെന്ന ആഗ്രഹം ഉളളവര്‍ക്കവര്‍ക്കു ട്രൈ ചെയ്യാനായി പപ്പായകൊണ്ടൊരുക്കാവുന്ന സൗന്ദര്യക്കൂട്ടാണ് പപ്പായ ഹെയര്‍ മാസ്‌ക്ക്.

ആവശ്യമൂളള സാധനങ്ങള്‍:പപ്പായ,ഒലിവ് ഓയില്‍.

തയ്യാറാക്കുന്ന വിധം-നല്ല ഗുണനിലവാരമുളള പപ്പായ വേണം ഹെയര്‍മാസ്‌ക്കുണ്ടാക്കാനായി തിരഞ്ഞെടുക്കേണ്ടത്. മഞ്ഞകളറുളള നന്നായി പഴുത്ത പപ്പായ രണ്ടായി പകുത്തെടുക്കണം. ഇനി ഒരുഭാഗം മാസ്‌ക്കുണ്ടാക്കാനായി ഉപയോഗിക്കാം. കുരുകളഞ്ഞ പപ്പായ ചെറിയ കഷ്ണങ്ങളാക്കിയതിനു ശേഷം മിക്‌സിയില്‍ അടിച്ചെടുക്കുക. പപ്പായ പള്‍പ്പ് ഇനി ഒരു പാത്രത്തിലേക്കു മാറ്റാം. ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്തിളക്കുക. വരണ്ട മുടി ഉളളവര്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ എണ്ണ ചേര്‍ക്കാം. അടുത്തതായി ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ കൂടി ചേര്‍ക്കണം.നന്നായി യോജിപ്പിച്ചു കഴിഞ്ഞാല്‍ ഹെയര്‍ മാസ്‌ക്ക് റെഡി.

മാസ്‌ക്ക് മുടിയില്‍ പുരട്ടുന്നതിനു മുന്‍പെ മൂടി നന്നായി കഴുകണം. ഈര്‍പ്പം, പപ്പായ മാസ്‌ക്ക് മുടിയില്‍ നന്നായി പിടിക്കാന്‍ സഹായിക്കും.

തലയോട്ടിയിലും മുടിയിലും പപ്പായ മാസ്‌ക്ക് നന്നായി തേച്ചു പിടിപ്പിക്കണം. മുടിത്തുമ്പിലും പുരട്ടാന്‍ മറക്കരുത്.മുടിയുടെ അറ്റം പൊട്ടുന്നത് തടയാന്‍ സഹായിക്കും. പപ്പായയുടെ തണുപ്പില്‍ തലകുളിര്‍ത്ത് മുപ്പതു മിനിറ്റ് കഴിയുമ്പോള്‍ തല നന്നായി കഴുകാം.ഷാമ്പൂ വേണ്ടവര്‍ക്ക് അതുപയോഗിച്ചു കഴുകി കണ്ടീഷണര്‍ പുരട്ടാം. ഇനി കണ്ണാടിയിലേക്കു നോക്കിക്കോളു. തിളങ്ങുന്ന മുടി കാണുമ്പോള്‍ ഒരു ആത്മവിശ്വാസം തോന്നുന്നില്ലേ?

പകുത്തു വെച്ച പപ്പായയുടെ ബാക്കി ഭാഗം എന്തുചെയ്യും? ഒരല്‍പ്പം സൗന്ദര്യം മുഖത്തു കൂടി വരുത്തണമെന്നുണ്ടങ്കില്‍ നേരെ അടുക്കളയിലേക്ക് പോകാം. മിച്ചം വന്ന പപ്പായ വ്യത്തിയാക്കണം. കുറച്ച് കറ്റാര്‍വാഴനീര് എടുത്ത് പപ്പായയുമായി ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ഇനി ഈ മിശ്രിതം മുഖത്തു പരട്ടണം. അരമണിക്കൂര്‍ കഴിഞ്ഞു കഴുകികളയാം.സ്‌കിന്നിനു നല്ല തിളക്കം ഉണ്ടാകും. ഒരു പപ്പായ കൊണ്ട് രണ്ട് സൗന്ദര്യക്കൂട്ടുണ്ടാക്കുന്ന വിദ്യ വേഗത്തില്‍ പരീക്ഷിച്ചോളൂ.

Top