പെരിയാറിലൂടെ കൂടുതല്‍ വെള്ളം ഒഴുകുന്നു; എറണാകുളം ജില്ല ആശങ്കയില്‍

ആലുവ: ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഇന്ന് രാവിലെ തുറന്നതോടെ എറണാകുളം ജില്ലയിലെ ജനങ്ങള്‍ ആശങ്കയിലാണ്. രാവിലെ ഏഴ് മണിക്ക് ഇടുക്കി ഡാമില്‍ നിന്നും തുറന്നു വിട്ട അധികജലം ഉച്ചയ്ക്ക് 12.30 നും ഒരു മണിയ്ക്കും ഇടയില്‍ ആലുവയിലെത്തും എന്നാണ് കരുതുന്നത്.

ഇടമലയാര്‍,ഇടുക്കി,ഭൂതത്താന്‍ക്കെട്ട് ഡാമുകളില്‍ നിന്നുമുള്ള വെള്ളം ഒഴുകിയെത്തി തുടങ്ങിയതോടെ പെരിയാര്‍ തീരത്ത് ആശങ്ക കനക്കുകയാണ്. ആലുവ, ഏലൂര്‍ തുടങ്ങിയ പല പ്രദേശങ്ങളിലേയും നൂറു കണക്കിന് വീടുകള്‍ ഇതിനോടകം വെള്ളത്തിലായിട്ടുണ്ട്. വെള്ളപ്പൊക്കമേഖകളിലും പരിസരത്തും കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.നിലവില്‍ പെരിയാറിന്റെ നൂറ് മീറ്റര്‍ പരിധിയിലുള്ളവരെയാണ് മാറ്റി പാര്‍പ്പിച്ചത്. എന്നാല്‍ ഇതിലേറെ ദൂരത്തില്‍ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടര്‍ന്ന് ആളുകള്‍ സ്വമേധയാ ഒഴിഞ്ഞു പോയിട്ടുണ്ട്.

പെരിയാറിലെ ചെളിയുടെ അംശം ക്രമാതീതമായി കൂടിയതിനെ തുടര്‍ന്ന് നദിയില്‍ നിന്നുള്ള പമ്പിംഗ് വാട്ടര്‍അതോറിറ്റി നിര്‍ത്തി വച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിലെ 57 ദുരിതാശ്വാസ ക്യാംപുകളായി 1076 കുടുംബങ്ങളിലെ 3521 പേര്‍ അഭയം പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലേറെ ആളുകള്‍ ബന്ധുവീടുകളിലേക്ക് പോയിട്ടുണ്ടെന്നാണ് കരുതുന്നത്.

അതേസമയം ഇന്നും നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഉച്ചയ്ക്ക് ശേഷം വിമാനത്താവളത്തിലെ ലാന്‍ഡിംഗ് നിര്‍ത്തിവെക്കാനോ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തി വയ്ക്കാനോ സാധ്യതയുണ്ട്. നിലവില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലാണെന്നും വെള്ളത്തിന്റെ ഒഴുക്ക് കൂടി കണക്കിലെടുത്ത് 12 മണിയ്ക്ക് യോഗം ചേര്‍ന്ന് അടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇന്നലെ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടപ്പോള്‍ എത്തിയ വെള്ളം റണ്‍വേയില്‍ കയറിയതിനെ തുടര്‍ന്ന് രണ്ടര മണിക്കൂറോളം വിമാനത്താവളത്തിലെ ലാന്‍ഡിംഗ് നിരോധിച്ചിരുന്നു. എന്നാല്‍ ഇന്ന് ഇടമലയാറിനൊപ്പം ഇടുക്കി ഡാമില്‍ നിന്നും കൂടി വെള്ളമെത്തുന്നതോടെ കാര്യങ്ങള്‍ കുറേ കൂടി സങ്കീര്‍ണാവും എന്നാണ് സിയാല്‍ അധികൃതര്‍ പറയുന്നത്. ഇന്നലെ റണ്‍വേയില്‍ നിറഞ്ഞ വെള്ളം പമ്പ് ഉപയോഗിച്ച് കളഞ്ഞാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കിയത്.

Top