യു.എസ് കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന പീറ്റര്‍ ജേക്കബിന്റെ പ്രചാരണ ആസ്ഥാനം ഉദ്ഘാടനം ചെയ്തു

സോമര്‍വില്‍: ന്യൂജേഴ്‌സിയിലെ ഏഴാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പീറ്റര്‍ ജേക്കബിന്റെ പ്രചാരണം സജീവമായി. സോമര്‍വില്ലില്‍ പീറ്റര്‍ ജേക്കബിന്റെ ഇലക്ഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനത്തിന് ധാരാളം പേരെത്തിയത് ആവേശം പകരുന്ന അനുഭവമായി. പീറ്റര്‍ ജേക്കബ് മുമ്പോട്ടു വയ്ക്കുന്ന പുരോഗമനപരമായ ആശയങ്ങളും പരിപാടികളും പാര്‍ട്ടിയണികളെ മാത്രമല്ല, നിഷ്പക്ഷമായി ചിന്തിക്കുകയും വോട്ടു ചെയ്യുകയും ചെയ്യുന്ന നല്ലൊരു വിഭാഗം ആളുകളെയും സ്വാധീനിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്നത് ശുഭപ്രതീക്ഷയ്ക്ക് വകനല്‍കുന്നതായി പീറ്റര്‍ ജേക്കബും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വിശ്വസിക്കുന്നു.
തുടക്കത്തില്‍ സെനറ്റര്‍ ബേര്‍ണി സാന്‍ഡേഴ്‌സിന്റെ പുരോഗമനപരമായ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്ന പീറ്റര്‍ ജേക്കബ് സാധാരണക്കാര്‍ക്കു വേണ്ടിയുള്ളതും മാറ്റത്തിനു വേണ്ടിയുള്ളതുമായ ആ രാഷ്ട്രീയ മുന്നേറ്റം തുടരുമെന്ന് വിശ്വസിക്കുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യുമെന്ന് വ്യക്തമാക്കുന്നു.
സാമൂഹ്യക്ഷേമ വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസം നേടിയ പീറ്റര്‍ ജേക്കബ് ന്യൂജേഴ്‌സിയിലെ ഭവനരഹിതരുടെയും സമൂഹത്തിലെ മറ്റ് ദുര്‍ബ്ബല വിഭാഗങ്ങളുടെയും ഇടയില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സമയം കണ്ടെത്തുന്നു. ഇതുവഴി ലഭിച്ച ഉള്‍ക്കാഴ്ച സാമൂഹ്യ നീതിക്കു വേണ്ടി പോരാടുവാനുള്ള ഊര്‍ജവും പ്രചോദനവും നല്‍കുന്നുവെന്നും രാഷ്ട്രീയം കേവലം തൊഴിലായി കണ്ട് ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളോട് നീതി പുലര്‍ത്താത്ത നിലവിലുള്ള സംവിധാനത്തിന് മാറ്റം വരുത്തുവാന്‍ ജനങ്ങള്‍ തന്റെ പിന്നില്‍ അണിനിരക്കുകയാണെന്നും പീറ്റര്‍ ജേക്കബ് പറയുന്നു. ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 9 വരെയും വീക്കെന്‍ഡുകളില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം 5 മണി വരെയും തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

 

Top