ഒരിക്കല്‍ നിങ്ങള്‍ പ്രകൃതിയെ കൊന്നു.. ഇന്ന് പ്രകൃതി നിങ്ങളെ കൊല്ലുന്നു; മുന്നറിയിപ്പ് നല്‍കിയ ഈ ഗാനം യാഥാര്‍ത്ഥ്യമായി

കലിതുള്ളി കാലവര്‍ഷം എല്ലാം നശിപ്പിച്ച് മുന്നോട്ട് പോകുമ്പോള്‍ ഒന്ന് ഓര്‍ക്കുക കുറ്റക്കാര്‍ നമ്മള്‍ തന്നെയാണ്. വെള്ളം കെട്ടിനിര്‍ത്താന്‍ ഭൂമിയിലേക്ക് ഇറക്കാന്‍ മരങ്ങള്‍ ഇല്ല. കാട് വെട്ടി കോണ്‍ഗ്രീറ്റ് ആക്കി.

പ്രകൃതിയുടെ ആ വിലാപം 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് കവിത രൂപത്തില്‍ ഇഞ്ചക്കാട് ബാലചന്ദ്രന്‍ അവതരിപ്പിച്ചപ്പോള്‍ അതത്ര ശ്രദ്ധിക്കപ്പെട്ടില്ല, എന്നാല്‍ നമ്മുടെ നാട് നാശത്തിലേക്ക് കൂപ്പ് കുത്തുന്നെന്ന് മുന്നറിയിപ്പ് നല്‍കി 24 വര്‍ഷങ്ങള്‍ക്ക് ശേഷം ആ കവിത രശ്മി സതീഷ് ഒരു സമരപന്തലില്‍ പാടിയപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി പടര്‍ന്നു.

‘ഇനി വരുന്ന തലമുറക്ക് ഇവിടെ വാസം സാധ്യമോ’ എന്ന ചോദ്യം കവിതയില്‍ ഒരു മുന്നറിയിപ്പായിരുന്നുവെങ്കില്‍ ഇന്ന് അത് യാഥാര്‍ത്ഥ്യമാകുമോ എന്ന വലിയ ആശങ്കക്ക് തന്നെ കാരണമായിരിക്കുകയാണ്. ഇന്ന് സംസ്ഥാനം ഭയപ്പെടുന്ന അവസ്ഥ അന്ന് കവി മുന്നില്‍ കണ്ടിരുന്നു.

നദികള്‍ക്കു പോലും വഴിമുടക്കി കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചും, ഡാമുകള്‍ പടുത്തുയര്‍ത്തിയും, മലയിടിച്ചും, മണല് വാരിയും, വെടിമരുന്നു ഉപയോഗിച്ച് പാറകള്‍ പൊട്ടിച്ചും, ബോര്‍വെല്‍ ഉപയോഗിച്ച് വെളളമൂറ്റിയും, അന്തരീക്ഷത്തില്‍ അനിയന്ത്രിതമായി വിഷ പുകകള്‍ ‘നിക്ഷേപിച്ച് ‘മലിനമാക്കിയും, മരങ്ങള്‍ വെട്ടിമാറ്റിയും, പാടങ്ങള്‍ നികത്തിയുമെല്ലാം പ്രകൃതിയെ സംഹരിക്കാന്‍ ഇറങ്ങിയ മനുഷ്യര്‍ .

ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ തുടരുന്ന കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ പട്ടാളമടക്കമുള്ള സുരക്ഷാസേനകളും രംഗത്തിറങ്ങിക്കഴിഞ്ഞു.

അന്തരീക്ഷ മലനീകരണമില്ലാതാക്കി ശുദ്ധവായു നല്‍കുന്ന കാടുകള്‍, മലകള്‍ എല്ലാം ‘കച്ചവടക്കണ്ണുകള്‍’ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

പ്രകൃതിയെ ചൂഷണം ചെയ്താല്‍ . . ആക്രമിച്ചാല്‍ . . അതിന്റെ ഫലം മനുഷ്യര്‍ തന്നെ അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് നല്‍കുമ്പോഴും ഇഞ്ചക്കാട് ബാലചന്ദ്രനെ പോലെയുള്ള കവികള്‍ ഓര്‍മ്മിപ്പിക്കുമ്പോഴും മുഖം തിരിക്കുന്നവര്‍ ഇപ്പോള്‍ കേരളം നേരിടുന്ന ഭീതിയുടെ പശ്ചാത്തലത്തിലെങ്കിലും ഉടന്‍ തിരുത്തല്‍ നടപടിക്ക് തയ്യാറാവുകയാണ് വേണ്ടത്.

മഹാദുരന്തം മൂന്‍കൂട്ടിക്കണ്ട് കാല്‍ നൂറ്റാണ്ടു മുന്‍പ് ഇഞ്ചക്കാട് ബാലചന്ദ്രന്‍ എഴുതിയ കവിത;

ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
മലിനമായ ജലാശയം അതി
മലിനമായൊരു ഭൂമിയും ..

തണലുകിട്ടാന്‍ തപസ്സിലാണിന്നിവിടെയെല്ലാമലകളും.
ദാഹനീരിനു നാവുനീട്ടി വലഞ്ഞു പുഴകള്‍ സര്‍വവും
കാറ്റുപോലും വീര്‍പടക്കി കാത്തുനില്‍ക്കും നാളുകള്‍
ഇലകള്‍ മൂളിയ മര്‍മരം കിളികള്‍ പാടിയ പാട്ടുകള്‍
ഒക്കെയിങ്ങുനിലച്ചു, കേള്‍പ്പതു പ്രിഥ്വി തന്നുടെ നിലവിളി .

നിറങ്ങള്‍ മായും ഭൂതലം വസന്തമിങ്ങു വരാത്തിടം
നാളെ നമ്മുടെ ഭൂമിയോ മഞ്ഞുമൂടിയ പാഴ്‌നിലം
സ്വാര്‍ത്ഥ ചിന്തകലുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവ് കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനീയും ജീവിതം
ഒരുമയോടെ നമുക്ക് നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ

പെരിയ ഡാമുകള്‍ രമ്യ ഹര്‍മ്യം അണു നിലയം യുദ്ധവും
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ് ചൊല്ലിടാം
വികസനം അത് മര്‍ത്യ മനസ്സിന്‍ അതിരില്‍ നിന്ന് തുടങ്ങണം
വികസനം അത് നന്മ പൂക്കും ലോക സൃഷ്ടിക്കാ യിടാം

Top