ന്യൂയോര്‍ക്ക് പോലീസിനെ മറികടന്ന് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് ചരിത്രനേട്ടം

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്‍തുടരുന്ന കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് 1 മില്ല്യന്‍ (പത്തുലക്ഷം) ലൈക്ക് നേടി ചരിത്രം കുറിച്ചു. ലോകത്തിലെ വമ്പന്‍ പൊലീസ് സന്നാഹമായ ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിനെ മറികടന്നാണ് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് മാന്ത്രിക സംഖ്യ കടന്നത്.

ഇതിന്റെ ഔദ്യോഗിക അറിയിപ്പ് ജനുവരി 10 ന് വൈകുന്നേരം പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഫെയ്സ്ബുക്ക് ഇന്ത്യ (ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി) മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.

ചടങ്ങില്‍ ഈ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച പൊലീസിന്റെ ഫെയ്സ്ബുക്കിന്റെ പിന്നിലുള്ള ഉദ്യാഗസ്ഥരെ മുഖ്യമന്ത്രി ആദരിക്കും. തുടര്‍ന്ന് സുരക്ഷിതമായ യാത്രയെക്കുറിച്ച് റെയില്‍വെ പൊലീസ് തയ്യാറാക്കിയ ബോധവത്കണ ഹ്രസ്വചിത്രത്തിന്റെ സിഡിയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

സോഷ്യല്‍ മീഡിയ വഴി പൊലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും, ട്രാഫിക് – സൈബര്‍ സംബന്ധമായ ബോധവത്കണവും, നിയമകാര്യങ്ങളും ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണ് കേരള പൊലീസ് ഫെയ്സ്ബുക്ക് പേജ് ആരംഭിച്ചത്.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പൊതു ജനങ്ങള്‍ കൈനീട്ടി സ്വീകരിച്ചതോടെ വന്‍ ജനപിന്‍തുണയാണ് കേരള പൊലീസിന്റെ ഫെയ്സ് ബുക്ക് പേജിന് ലഭിച്ചിരുന്നത്. പേജില്‍ ട്രോളുകളുടേയും, വീഡിയോകളുടേയും രൂപത്തില്‍ അവതരിപ്പിച്ച ആശയം വന്‍ ഹിറ്റായതോടെയാണ് ലോകോത്തര പൊലീസ് പേജുകളെ പിന്നിലാക്കി കേരള പൊലീസിന്റെ പേജ് നേട്ടം കൊയ്യുന്നത്.

Top