തട്ടിപ്പുകാരി പൂമ്പാറ്റ സിനി വീണ്ടും പിടിയില്‍

തൃശൂര്‍: കൊലപാതകവും സ്വര്‍ണത്തട്ടിപ്പുമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ തട്ടിപ്പുകാരി സിനി ലാലു എന്ന പൂമ്പാറ്റ സിനി വീണ്ടും അറസ്‌റ്റില്‍. ലോണ്‍ അടയ്‌ക്കാതിരിക്കാനുള്ള മാര്‍ഗമുണ്ടാക്കിത്തരാമെന്നുപറഞ്ഞ്‌ കബളിപ്പിച്ച്‌ വീട്ടമ്മയുടെ 12 പവന്‍ സ്വര്‍ണാഭരണം തട്ടിയ കേസിലാണ്‌ എറണാകുളം കുമ്പളങ്ങി സ്വദേശിനിയും അടൂര്‍ നീലിക്കാട്‌ വീട്ടില്‍ ലാലുവിന്റെ ഭാര്യയുമായ സിനിയെന്ന(38) പൂമ്പാറ്റ സിനിയെ രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഇന്നലെ തൃശൂര്‍ പാലിയേക്കരയിലെ വാടകവീട്ടില്‍നിന്ന്‌ വനിതാ പോലീസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌. നിരവധി സ്‌റ്റേഷനുകളില്‍ കൊലപാതകമുള്‍പ്പെടെ മുപ്പതോളം കേസുകള്‍ ഇവര്‍ക്കെതിരേയുണ്ട്‌. കൊലപാതകക്കേസിലും പണംതട്ടിയ കേസിലും പിടിയിലായ സിനി ആറുമാസം മുമ്പാണു ജാമ്യത്തിലിറങ്ങിയത്‌.

2012 ലാണ്‌ തൃശൂര്‍ മുളങ്കുന്നത്തുകാവ്‌ സ്വദേശിനി റോസിയുടെ 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ സിനി തട്ടിയെടുത്തത്‌. ട്രെയിന്‍ യാത്രയ്‌ക്കിടെ റോസിയുമായി പരിചയപ്പെട്ട്‌ ബന്ധം സ്‌ഥാപിച്ച ശേഷമായിരുന്നു സിനിയുടെ തട്ടിപ്പ്‌. സര്‍വീസ്‌ സഹകരണബാങ്കില്‍നിന്ന്‌ റോസി ലോണ്‍ എടുത്തിരുന്നു. ഈ ലോണ്‍ അടയ്‌ക്കാതിരിക്കാന്‍ വഴിയുണ്ടെന്നു പറഞ്ഞുപറ്റിച്ച്‌ സ്വര്‍ണം മുഴുവന്‍ വാങ്ങിച്ചെടുത്തു. സ്വര്‍ണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന്‌ റോസി വനിതാ പോലീസില്‍ പരാതി നല്‍കിയിരുന്നു.

അന്ന്‌ സിനിയെ അറസ്‌റ്റു ചെയ്‌തെങ്കിലും ജാമ്യമെടുത്ത്‌ മുങ്ങി. ട്രെയിന്‍യാത്രയ്‌ക്കിടെ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥയെ ഭീഷണിപ്പെടുത്തി പത്തുപവന്റെ ആഭരണങ്ങള്‍ ഊരിവാങ്ങിയ കേസിലും സിനി പ്രതിയാണ്‌. സ്വര്‍ണ ബിസിനസില്‍ പങ്കാളികളാക്കാമെന്ന്‌ വാഗ്‌ദാനം നല്‍കി സ്‌ത്രീകളെ പറ്റിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ കഴിഞ്ഞവര്‍ഷം നവംബര്‍ 20ന്‌ ഷാഡോ പോലീസ്‌ പിടികൂടിയിരുന്നു. വനിതാ പോലീസ്‌ എസ്‌.ഐ. ഉമാദേവി, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ മിനി, ലാല എന്നിവര്‍ ചേര്‍ന്നാണ്‌ സിനിയെ അറസ്‌റ്റു ചെയ്‌തത്‌.

Top