ആക്രമവും അനീതിയും അധികാര മോഹങ്ങളും നിറയുന്ന ദേവാലയങ്ങള്‍; തോക്കുമായി എത്തുന്ന വിശ്വാസികള്‍: ഒരു സാക്ഷ്യം പറച്ചില്‍

ശാന്തിയും സമാധാനവും ലഭിക്കുവാന്‍ വിശ്വാസികള്‍ എത്തുന്ന ഇടങ്ങളാണ് ഓരോ ദേവാലയവും. മനസ്സിന്റെ ആകുലതങ്ങളെ പറിച്ചെറിയാന്‍ താന്‍ വിശ്വസിക്കുന്ന ദൈവം തന്നെ സഹായിക്കുമെന്നത് ഓരോ വിശ്വാസിയുടെയും വിശ്വാസം മാത്രമല്ല, തകര്‍ക്കാനാവാത്ത കരുത്താണ്. ദേവാലയമെന്ന ശാന്തിയുടെ വിളനിലയങ്ങളില്‍ പക്ഷേ തോക്കുമായി എത്തേണ്ട കാര്യം വിശ്വാസിക്കുണ്ടോ? കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാമെങ്കിലും അമേരിക്കയില്‍ ചില പള്ളികളില്‍ ഇത് സംഭവിച്ചിരിക്കുന്നു. ഇത് തുറന്നുപറയുന്നത് ജേണലിസ്റ്റായ പി പി ചെറിയാനാണ്.

അമേരിക്കയില്‍ ചില ആരാധാനയങ്ങളിലേക്ക് വരുന്ന ചില വിശ്വാസികളെങ്കിലും എത്തുന്നത് തോക്കുമായിട്ടാണെന്ന് പി.പി. ചെറിയാന്‍ പറയുന്നു. അത്യാവശ്യത്തിന് തോക്ക് തങ്ങളും കരുതിയിട്ടുണ്ടെന്നുള്ള വിശ്വാസികളുടെ തുറന്നു പറച്ചിലിനെയാണ് ഇദ്ദേഹം ഇവിടെ പ്രതിപാദിക്കുന്നത്. ‘ഞാന്‍ ഈ മീറ്റിംഗിന് വരുന്നത് ഒന്നുമില്ലാതെയാണ് എന്നാണോ നീ ധരിച്ചിരിക്കുന്നത്. നിന്നെയൊക്കെ ചുട്ടുപറപ്പിക്കാന്‍ പറ്റിയ സാധനം എന്റെ കൈവശം കരുതിയിട്ടുണ്ട്’, പള്ളിയിലെ മീറ്റിംഗ് കഴിഞ്ഞ് പുറത്തുവന്ന ഒരംഗം പ്രതികരിച്ചത് ഇപ്രകാരമെന്ന് ചെറിയാന്‍ പറയുന്നു.

ജീവിതപ്രാരാബ്ധങ്ങളില്‍ വലഞ്ഞ് മാസങ്ങളോളം കപ്പല്‍ യാത്ര ചെയ്ത് അമേരിക്ക എന്ന സ്വപ്‌നലോകത്ത് എത്തിച്ചേര്‍ന്ന് ആദിമ പ്രവാസി സമൂഹം വിശ്രമരഹിതമായ കഠിനാദ്ധ്വാനത്തിലൂടെ കഷ്ടപ്പാടുകളില്‍ നിന്നും മോചനം നേടുന്നു. എന്നാല്‍ പിന്നീട് പടിപടിയായുള്ള സാമ്പത്തിക വളര്‍ച്ചയില്‍ നോട്ടുകള്‍ കുമിഞ്ഞു കൂടുമ്പോള്‍ ഇത്തരക്കാരുടെ സ്വസ്ഥത നഷ്ടപ്പെടുകയാണെന്ന് ചെറിയാന്‍ പറയുന്നു.

മനസ്സിനെ ഇത്തരം വേവലാധികള്‍ വേട്ടയാടുമ്പോള്‍ ഈശ്വരനെ വിട്ടുനല്‍കാതെ സ്വന്തം സംരക്ഷണം ഭൂരിപക്ഷവും ഏറ്റെടുക്കുമ്പോളാണ് ഈശ്വരവിശ്വാസം ചോദ്യം ചെയ്യപ്പെടുന്നത്. ആഴ്ചയിലൊരിക്കലെങ്കിലും ആരാധനയുടെ പേരില്‍ ദേവാലയങ്ങളില്‍ എത്തിച്ചേരുന്ന വിശ്വാസികള്‍ മറ്റുള്ളവരുടെ കുറ്റവും കുറവും പങ്കിടുകയും അതിനു ശേഷം ദേവാലയത്തില്‍ കുടിയിരിക്കുന്ന ഈശ്വരനെ കുറിച്ചും പൂജാകര്‍മ്മങ്ങള്‍ക്കായി വാങ്ങിയിരിക്കുന്ന വിലമതിക്കാനാവാത്ത സജ്ജീകരണങ്ങളെക്കുറിച്ച് ആകുലപ്പെടുകയാണെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

സമ്പന്നരായ പ്രവാസികളെ പ്രത്യേകിച്ചും മലയാളികളെയും സമ്പന്നതയുടെ പ്രതീകമായി അവര്‍ കെട്ടിയുയര്‍ത്തിയ ദേവാലയങ്ങളെയും തസ്‌കരന്‍മാര്‍ കവര്‍ച്ച ചെയ്യുകയാണ്. ഈശ്വരന്‍ ദാനമായി നല്‍കിയ ധനം ഈശ്വരപ്രസാദത്തിനായി ചിലവഴിക്കാതെ സൂക്ഷിക്കുന്നതിന്റെ അനന്തരഫലങ്ങളാണിവ, ചെറിയാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

കവര്‍ച്ച ചെയ്യപ്പെടുക മാത്രമല്ല, ദേവാലയങ്ങളില്‍ ആക്രമവും, അനീതിയും, സ്വജനപക്ഷപാതവും, ഗ്രൂപ്പീസവും, അധികാരമോഹവും, കാപട്യവും നിറഞ്ഞുനില്‍ക്കുകയാണ്. പ്രവാസി മലയാളികളുടെ ആരാധനാലയങ്ങളുടെ സ്ഥിതിയും സമാനമാണെന്നും യാഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ദേവാലയങ്ങള്‍ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു.

Top