പ്രോസ്റ്റേറ്റ് ക്യാന്‍സര്‍: 50 വയസ്സിന് മുകളില്‍ ഉള്ള എല്ലാ പുരുഷന്മാരും നിര്‍ബന്ധമായും PSA ടെസ്റ്റിന് വിധേയമാകണം

പ്രതിരോധത്തെക്കാള്‍ രോഗം വരാതെ നോക്കുന്നതാണ് അഭികാമ്യം . അതുകൊണ്ട് തന്നെ 50 വയസ്സിന് മുകളില്‍ ഉള്ള എല്ലാ പുരുഷന്മാരും നിര്‍ബന്ധമായും PSA ടെസ്റ്റിന് വിധേയമാകണം

പുരുഷന്മാരുടെ മരണത്തിനു കാരണമാകുന്ന രോഗങ്ങളില്‍ ഇന്ന് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രോഗമാണ് പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍. പലപ്പോഴും രോഗം നിര്‍ണ്ണയിക്കാന്‍ വൈകുന്നത് തന്നെയാകും രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും.ഹൃദയാഘാതം പോലെ തന്നെ പുരുഷന്മാരില്‍ ഏറ്റവുമധികം ഭയപ്പെടെണ്ടുന്ന ഒരു രോഗാവസ്ഥയാണിത്‌

സാധാരണ 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരില്‍ ആണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ കാണാറുള്ളത്. എന്നാല്‍ ചെറുപ്പക്കാര്‍ക്ക് ഇത് വരില്ല എന്നൊന്നും പറയാനാവില്ല.

ദിനംപ്രതി ഇന്ത്യയില്‍ പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു എന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ പ്രോസ്റ്റേറ്റ് കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ അവഗണിക്കപ്പെടുന്നത് തന്നെയാണ് ഈ മരണനിരക്ക് വര്‍ധിക്കാനുള്ള പ്രധാനകാരണം. പ്രോസ്റ്റേറ്റ് കാന്‍സര്‍ എങ്ങനെയാണ് നിര്‍ണ്ണയിക്കാന്‍ കഴിയുന്നത്‌ എന്നൊന്ന് നോക്കാം.

മറ്റു കാന്‍സറുകളെ അപേക്ഷിച്ചു വളരെ സാവധാനത്തിലാണ് പ്രോസ്റ്റേറ്റ് കാൻസർ വളരുന്നത്‌. ആദ്യ ഘട്ടം തന്നെ രോഗം നിര്‍ണ്ണയിക്കാന്‍ സാധിച്ചാല്‍ നൂറു ശതമാനം രോഗിക്ക് ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിക്കും.

50 വയസ്സിന് മുകളില്‍ ഉള്ള എല്ലാ പുരുഷന്മാരും പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ( Prostate Specific Antigen ( PSA )എന്ന ടെസ്റ്റ് നടത്തുന്നത് രോഗം നിര്‍ണ്ണയിക്കാന്‍ ഏറെ സഹായകമാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഒരു പ്രോട്ടീൻ ആണ് PSA അഥവാ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ. ഇതിന്റെ രക്തത്തിലെ അളവു നോക്കിയാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രവർത്തനത്തെക്കുറിച്ച് അറിയാന്‍ സാധിക്കും. എന്നാല്‍ ഈ പ്രോട്ടീന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നത് കാൻസറിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. ഇത്തരം ഘട്ടങ്ങളില്‍ ഡോക്ടര്‍മ്മാര്‍ പ്രോസ്റ്റേറ്റ് ബയോപ്സിക്ക് നിഷ്കഷിക്കാറുണ്ട്. അതുപോലെ പ്രധാനമാണ് അടുത്ത ബന്ധുക്കളിലാർക്കെങ്കിലും പ്രോസ്റ്റേറ്റ് കാൻസർ വന്നിട്ടുണ്ടോ എന്നതും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ രോഗത്തിനുള്ള സാധ്യത രണ്ടിരട്ടിയാണ്.

എപ്പോഴുമുള്ള ക്ഷീണം, ശരീരഭാരം ക്രമാതീതമായി കുറയുക, മൂത്രതടസ്സം, തുടകള്‍ക്കും എല്ലുകള്‍ക്കും വേദന, കാലില്‍ നീര്‍ക്കെട്ട്, പുറംവേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. എന്നാല്‍ ഈ ലക്ഷണങ്ങള്‍ കൊണ്ട് മാത്രം ഒരാള്‍ക്ക് പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ ആണെന്നും ഉറപ്പിക്കാന്‍ സാധിക്കില്ല. പ്രോസ്റ്റേറ്റക്ടമി സര്‍ജറി, ഹോര്‍മോണ്‍ തെറാപ്പി,കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി എന്നിവയാണ് പൊതുവേയുള്ള ചികിത്സാരീതികള്‍. രോഗിയുടെ പ്രായം, രോഗത്തിന്റെ വ്യാപനം എന്നിവ കണക്കാക്കിയാണ് ചികിത്സ നിശ്ചയിക്കുന്നത്.
പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ശസ്ത്രക്രിയ തന്നെയാണ്. പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ കൂടുതല്‍ പടരാതിരിക്കാന്‍ ഹോര്‍മോണ്‍ തെറാപ്പിയും ചെയ്യാറുണ്ട്. എന്നാല്‍ ഇത് എല്ലാവരിലും അധികമായി പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു ചികിത്സാരീതിയല്ല.

Top