അതിവേഗ കുതിപ്പില്‍ ഖത്തര്‍ ; ഇനി 5ജി യുഗം

ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ ഉപയോക്താക്കൾക്കു ലഭ്യമാക്കി ചരിത്രം സൃഷ്ടിച്ച ഖത്തർ ഇന്റർനെറ്റ് വേഗത്തിലും ഒന്നാം സ്ഥാനത്ത് . ലോകം കാത്തുകാത്തിരിക്കുന്ന സാങ്കേതികവിദ്യ വ്യാപിക്കാൻ അധികകാലം വേണ്ടെന്ന സൂചനയാണ് ഖത്തർ നൽകുന്നത്. ഒരു ഹൈ ഡെഫിനിഷൻ ചലച്ചിത്രം ഡൗൺലോഡ് ചെയ്യാൻ 30 സെക്കൻഡ് മതിയെന്ന വാഗ്ദാനവുമായാണ് 5ജി എത്തുന്നത്.

ദോഹയിലെ പേൾ ഖത്തർ മുതൽ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള ഭാഗത്ത് 5ജി സൂപ്പർനെറ്റ് ഉറീഡൂ ലഭ്യമാക്കി കഴിഞ്ഞു. ലഗൂണ മാൾ, കത്താറ കൾച്ചറൽ വില്ലേജ്, വെസ്റ്റ്ബേ, കോർണിഷ്, സൂഖ് വാഖിഫ് എന്നിവിടങ്ങളും ഇതിന്റെ പരിധിയിൽ വരുമെന്നാണ് അറിയുന്നത്.

‘ഇന്ന് ഖത്തറും ഉറീഡൂവും ചരിത്രം സൃഷ്ടിക്കുകയാണ്. ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യയും സേവനങ്ങളും ലഭ്യമാക്കുന്ന കമ്പനിയായി ഉറീഡൂ മാറിയിരിക്കുന്നു. ഖത്തറിലെ ജനങ്ങൾക്കാണ് ലോകത്ത് ആദ്യമായി ഈ സേവനം ഉപയോഗിക്കാൻ കഴിയുന്നത്. രാജ്യത്തു വിവരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രോൽസാഹിപ്പിക്കാനുള്ള നടപടിയാണിതെന്നാണ് ഉറീഡൂ ഖത്തർ സിഇഒ വലീദ് അൽ സയ്ദ് അന്ന് പറഞ്ഞത്.

5ജി സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ 2016 മുതൽ ആരംഭിച്ചതാണ്. 5ജി സാങ്കേതികവിദ്യ സ്ഥാപിക്കാനും, പരിശോധനകൾ നടത്താനുമായി വലിയ നിക്ഷേപം നടത്തി. ഖത്തർ ദേശീയ വീക്ഷണം 2030നെ അടിസ്ഥാനമാക്കിയുള്ള സ്മാർട് ആപ്ലിക്കേഷനുകൾ ലഭ്യമാക്കുന്നതിൽ 5ജി സൂപ്പർനെറ്റ് വലിയ പങ്കുവഹിക്കും.

സെക്കൻഡിൽ 63.22 എംബിയാണു ഖത്തറിലെ മൊബൈൽ ഡൗൺലോഡ് വേഗം. 16.53 എംബിപിഎസാണ് അപ്‌ലോഡ് വേഗം.രണ്ടാം സ്ഥാനത്തുള്ള നോർവെയിൽ സെക്കൻഡിൽ 62.14 എംബിയാണു ഡൗൺലോഡ് വേഗം. രാജ്യാന്തരതലത്തിൽ ശരാശരി ഡൗൺലോഡ് വേഗം സെക്കൻഡിൽ 23.54 എംബിയും, അപ്‌ലോഡ് വേഗം സെക്കൻഡിൽ 9.28 എംബിയുമാണ്. എന്നാൽ 4ജി ഇന്റർനെറ്റിൽ വൻ മുന്നേറ്റം നടത്തിയെന്ന് അവകാശപ്പെടുന്ന ഇന്ത്യ ഇന്റർനെറ്റ് വേഗത്തിന്റെ പട്ടികയിൽ 109–ാം സ്ഥാനത്താണ്. സെക്കൻഡിൽ 9.12 എംബിയാണ് ഇന്ത്യയിലെ മൊബൈൽ ഡൗൺലോഡ് വേഗം. 3.62 എംബിയാണ് അപ്‌ലോഡ് വേഗം. 4.62 എംബി ഡൗൺലോഡ് വേഗവുമായി ലിബിയയാണു പട്ടികയിൽ ഏറ്റവും അവസാനം. 124–ാം സ്ഥാനത്താണു ലിബിയയുള്ളത്. ഫിക്സ്ഡ് ബ്രോഡ്ബാൻഡ് വേഗത്തിന്റെ കാര്യത്തിൽ സിംഗപ്പൂരാണ് ഒന്നാമത്. സെക്കൻഡിൽ 180.57 എംബിയാണു സിംഗപ്പൂരിലെ ഫിക്സ്ഡ് ബ്രോഡ്ബാൻഡ് വേഗം. ഇക്കാര്യത്തിൽ ആഗോള ശരാശരി 46.25 എംബിപിസ് മാത്രവും. ഹോങ്കോങ്ങിൽ 150.70 എംബിപിഎസും ഐസ്‌ലൻഡിൽ 148.95 എംബിപിഎസുമാണ് ഫിക്സ്ഡ് ബ്രോഡ്ബാൻ‍ഡ് വേഗം.

ഫിക്സ്ഡ് ബ്രോഡ്ബാൻഡിന്റെ കാര്യത്തിൽ 48–ാമതാണ്. 36.42 എംബിപിഎസാണു ഖത്തറിലെ ഫിക്സ്ഡ് ബ്രോഡ്ബാൻഡ് വേഗം. ഡേറ്റാ വേഗത്തിന്റെ കാര്യത്തിൽ 4ജിയും കടന്ന് 5ജിയിലേക്കെത്തിയ ലോകത്തെതന്നെ ആദ്യത്തെ രാജ്യമാണു ഖത്തർ. ഖത്തറിലെ പൊതുമേഖലാ ടെലികോം കമ്പനിയായ ഉറീഡൂവാണു ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ അവതരിപ്പിച്ചത്. ഇതിനകം 5ജി ടവറുകളുടെ എണ്ണം അൻപതാക്കി ഉറീഡൂ വർധിപ്പിക്കുകയും ചെയ്തു. ഡേറ്റാ വേഗം സെക്കൻഡിൽ ഒരു ജിഗാ ബൈറ്റ്സ് മുതൽ പത്തു ജിഗാ ബൈറ്റ്സ് വരെയാക്കി ഉയർത്താൻ 5ജി സാങ്കേതികവിദ്യയിലൂടെ സാധിക്കും.

Top