ഒപെക്കില്‍ നിന്ന് ഖത്തര്‍ അടുത്തവര്‍ഷത്തോടെ പിന്‍മാറും

ദോഹ: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ നിന്ന് ഖത്തര്‍ പിന്‍മാറുന്നു. അടുത്തവര്‍ഷത്തോടെ ഒപെക്കില്‍ നിന്ന് പിന്‍മാറുമെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി സാദ് ഷെരിദ അല്‍ കാബിയാണ് അറിയിച്ചു.

സൗദി അറേബ്യ, യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ തീരുമാനം.2019 ജനുവരിയില്‍ തന്നെ ഖത്തര്‍ കൂട്ടായ്മയില്‍ നിന്ന് പിന്‍മാറും. ഒപെകില്‍ നിന്ന് പിന്‍മാറുന്ന കാര്യം സ്ഥിരീകരിച്ച് ഖത്തര്‍ പെട്രോളിയം ട്വീറ്റ് ചെയ്തിട്ടുണ്ട്.

എണ്ണ വിതരണക്കാരായ പതിനഞ്ചോളം രാജ്യങ്ങളാണ് ഒപെക് കൂട്ടായ്മയിലുള്ളത്.
പ്രകൃതി വാതക ഉത്പാദന മേഖല കൂടുതല്‍ വികസിപ്പിക്കാനും ഉത്പദാനം വര്‍ഷത്തില്‍ 7.7 കോടി ടണ്ണില്‍ നിന്ന് 11.1 കോടി ടണ്ണാക്കി അടുത്ത വര്‍ഷത്തോടെ ഉയര്‍ത്താന്‍ തീരുമാനിച്ചതായും ഖത്തര്‍ ഊര്‍ജ മന്ത്രി ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡിസംബര്‍ 9ന് ഒപെക് രാജ്യങ്ങളുടെ യോഗം നടക്കുന്നുണ്ട്. ഈ യോഗത്തില്‍ ഖത്തര്‍ ഔദ്യോഗിക തീരുനമെടുക്കുമെന്നാണ് കരുതുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദ്രവ രൂപത്തിലുള്ള പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഖത്തര്‍. ലോകത്ത് വിതരണം ചെയ്യുന്നതില്‍ 30 ശതമാനവും ഖത്തറില്‍ നിന്നാണ് വിതരണം ചെയ്യുന്നത്.

Top