യുഎഇയ്‌ക്കെതിരെ ശക്തമായ നീക്കവുമായി ഖത്തര്‍

യുഎഇ ഭരണകൂടത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് ഖത്തര്‍. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ യുഎഇക്കെതിരെ ഖത്തര്‍ പരാതി നല്‍കി. യുഎഇ ഭരണകൂടം ചെയ്ത സംഭവങ്ങള്‍ വിശദീകരിച്ചാണ് പരാതി. ഖത്തറുകാരെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. യുഎഇക്ക് കനത്ത തിരിച്ചടിയാണ് ഖത്തറിന്റെ നീക്കം. ഖത്തറിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ ആഗോളതലത്തില്‍ യുഎഇയുടെ പ്രതിഛായക്ക് മങ്ങലേല്‍ക്കും. രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഏറ്റുമുട്ടുന്ന കാഴ്ചകള്‍ക്കാണ് ഇനി സാക്ഷിയാകേണ്ടി വരിക. ഉപരോധം പ്രഖ്യാപിച്ച് ഒരു വര്‍ഷം തികഞ്ഞിരിക്കെയാണ് ഖത്തര്‍ വ്യത്യസ്തമായ വഴി സ്വീകരിച്ചിരിക്കുന്നത്.

ഖത്തര്‍ വാര്‍ത്താ ഏജന്‍സിയാണ് യുഎഇക്കെതിരെ നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ അകല്‍ച്ചയിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണിത്. ഖത്തറിനെതിരായ ഉപരോധം ഉടന്‍ അവസാനിപ്പിക്കില്ലെന്ന് നേരത്തെ യുഎഇ വ്യക്തമാക്കിയിരുന്നു. ഖത്തറുകാര്‍ക്ക് ഹജ്ജ്, ഉംറ എന്നിവയ്ക്ക് വിലക്കില്ലെന്ന സൗദിയുടെ നിലപാടും ഖത്തര്‍ തള്ളി.

ഖത്തര്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നുവെന്നാണ് സൗദി സഖ്യത്തിന്റെ ആരോപണം. സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഉപരോധം ഖത്തറിനെയും ഖത്തറുകാരെയും അപമാനിക്കുന്നതാണെന്ന അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ പരാതിയില്‍ ഖത്തര്‍ ആരോപിക്കുന്നു. ഖത്തറിനെ മോശമായി ചിത്രീകരിക്കാനും യുഎഇ ശ്രമിച്ചുവത്രെ.

ഖത്തറുകാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയായിരുന്നു യുഎഇ. ഖത്തറുകാര്‍ക്കെതിരെ പ്രചാരണം നടത്താന്‍ മുന്നില്‍ നിന്നു. ഖത്തറുകാരെ മാത്രമല്ല ഖത്തറില്‍ താമസിക്കുന്നവരെയും അപമാനിച്ചു. സോഷ്യല്‍ മീഡിയകളില്‍ ഖത്തറിനെതിരെ യുഎഇ പ്രചാരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

ഖത്തറിനെതിരെ വിദ്വേഷ പ്രചാരണം നടത്തി. ഖത്തര്‍ കുടുംങ്ങളെ ഭിന്നിപ്പിച്ചു. നിയമവിരുദ്ധ നടപടികളാണ് യുഎഇ സ്വീകരിച്ചത്. ഭാര്യമാരെ ഭര്‍ത്താക്കന്‍മാരില്‍ നിന്നും രക്ഷിതാക്കളെ മക്കളില്‍ നിന്നും വേര്‍പ്പെടുത്തി. കുടുംബങ്ങള്‍ക്ക് ഐക്യപ്പെടാന്‍ ഇപ്പോള്‍ അവസരമില്ലാതായെന്നും ഖത്തര്‍ പരാതിയില്‍ ആരോപിക്കുന്നു.

ഖത്തര്‍ വിഷയത്തില്‍ യുഎഇക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ യുഎന്‍ മനുഷ്യാവകാശ കമ്മീഷണറുടെ റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന നീക്കങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. ഇക്കാര്യവും പരാതിയില്‍ ഊന്നിപ്പറയുന്നു.

ഉപരോധം പ്രഖ്യാപിച്ച ശേഷം ഖത്തറുകാരെ യുഎഇയില്‍ നിന്ന് പുറത്താക്കി. യുഎഇയിലേക്ക് പിന്നീട് പ്രവേശനം നല്‍കിയില്ല. മാത്രമല്ല, യുഎഇ വഴി മറ്റുരാജ്യങ്ങളിലേക്ക് പോകാനും അനുവദിച്ചില്ലെന്നും പരാതിയിലുണ്ട്. യുഎഇ പൗരന്‍മാരോട് ഖത്തറില്‍ നിന്ന് പുറത്തേക്ക് പോരാന്‍ ആവശ്യപ്പെട്ടു. യുഎഇക്കും ഖത്തറിനുമിടയിലുള്ള വ്യോമ, നാവിക മാര്‍ഗങ്ങളെല്ലാം അടച്ചുവെന്നും പരാതിയില്‍ പറയുന്നു.

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉപരോധം പ്രഖ്യാപിച്ച ശേഷം നടന്ന നീക്കങ്ങളെന്നും ഖത്തര്‍ പറയുന്നു. സിഇആര്‍ഡി പ്രഖ്യാപനത്തില്‍ സൗദിയും ബഹ്‌റൈനും ഈജിപ്തും ഒപ്പുവച്ചിട്ടില്ല. അതുകൊണ്ടാണ് അവര്‍ക്കെതിരെ ഖത്തര്‍ പരാതി ഉന്നയിക്കാത്തത്. പ്രഖ്യാപനത്തില്‍ ഒപ്പുവച്ച യുഎഇ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് ചെയ്തതെന്നും പരാതിയില്‍ പറയുന്നു.

Top