നിർത്താതെ ദുരിതപ്പെയ്ത്ത്.. പമ്പയിൽ ഒരാൾപ്പൊക്കം വെള്ളം.. കടകൾ വെള്ളത്തിനടിയിൽ

വരുന്ന 48 മണിക്കൂറില്‍ കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്. സൈന്യമടക്കം രക്ഷാപ്രവര്‍ത്തനത്തിന് വിവിധ ജില്ലകളിലായി രംഗത്തുണ്ട്. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്ന് കഴിഞ്ഞു.

ചെറുതോണി പാലം വെളളത്തിനടിയിലായി. ചെറുതോണി നഗരത്തിലേക്കും വെള്ളം കയറിക്കൊണ്ടിരിക്കുന്നു. ചെറുതോണി ബസ് സ്റ്റാൻഡ് ഭാഗികമായി തകർന്നു. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. മഴ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ചെറുതോണി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നതോടെ വെള്ളപ്പൊക്ക ഭീതിയിലാണ് എറണാകുളം അടക്കമുള്ള സ്ഥലങ്ങള്‍. എന്നാല്‍ ഭയപ്പെടാനായി ഒന്നുമില്ലെന്നും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വെളളപ്പൊക്ക സാധ്യത പരിഗണിച്ച് എറണാകുളത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

സെക്കന്‍ഡില്‍ 600 ഘനമീറ്റര്‍ വെള്ളമാണ് ഇടുക്കി ഡാമില്‍ നിന്നും പുറത്ത് പോകുന്നത്. ഡാമിലേക്ക് എത്തുന്ന വെള്ളമാകട്ടെ 900 ഘനമീറ്ററും. ഏറ്റവും പുതിയ കണക്ക് പ്രകാരം ഡാമിലെ വെള്ളത്തിന്റെ നിരക്ക് 240.62 അടിയാണ്. വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന്റെ അളവ് ഇനിയും കൂട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇടുക്കിയില്‍ കനത്ത മഴ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 27 ആയി. പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച കേരളത്തിലെത്തും. കൊച്ചിയിലെത്തിയ ശേഷം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ശേഷം റോഡ് മാര്‍ഗം ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദര്‍ശിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ പത്തനംതിട്ട കൊച്ചുപമ്പ അണക്കെട്ട് തുറന്നതിനെ തുടര്‍ന്ന് പമ്പാ നദിയിലെ ജലനിരപ്പ് ഒരാള്‍പ്പൊക്കത്തില്‍ ഉയര്‍ന്നു. പമ്പയിലെ കടകളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശബരിമലയിലും കനത്ത മഴ തുടരുകയാണ്. പമ്പ, കക്കി ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ വിവിധയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കനത്ത കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗത്തിലും ചിലപ്പോള്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അടുത്ത 24 മണിക്കൂര്‍ മുന്നറിയിപ്പ് ബാധകമാണ്.ഇതുവരെയും കാര്യങ്ങള്‍ നിയന്ത്രണത്തില്‍ തന്നെയാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് മാധ്യമങ്ങളോട് പറഞ്ഞു. വയനാട്, ഇടുക്കി, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് മഴക്കെടുതി നേരിടുന്നത്. പെരിയാറിന്റെ കരയില്‍ നിന്നും 6500ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളം സുരക്ഷിതമാണെന്നും അടക്കേണ്ടി വന്നാല്‍ തിരുവനന്തപുരം വിമാനത്താവളം സജ്ജമാക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

Top