‘എന്റെ മകന്‍ കുറ്റക്കാരനാണെങ്കില്‍ അവനെ തൂക്കിലേറ്റിക്കൊള്ളൂ, എന്റെ മകന്റെ തെറ്റിന് നിരപരാധികളായ ബിഹാറികളെ അവിടെ നിന്ന് അടിച്ചോടിക്കരുതേ”…: പൊട്ടിക്കരഞ്ഞ് ബലാത്സംഗക്കേസ് പ്രതിയുടെ അമ്മ

‘എന്റെ മകന്‍ കുറ്റക്കാരനാണെങ്കില്‍ അവനെ തൂക്കിലേറ്റിക്കൊള്ളൂ, എന്റെ മകന്റെ തെറ്റിന് നിരപരാധികളായ ബിഹാറികളെ അവിടെ നിന്ന് അടിച്ചോടിക്കരുതേ” – ബലാത്സംഗക്കേസ് പ്രതിയെന്ന് ആരോപിക്കുന്ന യുവാവിന്റെ അമ്മയാണ് കരഞ്ഞു കൊണ്ട് മാധ്യമങ്ങളുടെ മുന്‍പില്‍ ഈ അപേക്ഷയുമായി വന്നത്. ഗുജറാത്തിലെ സബര്‍കന്ത ജില്ലയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബിഹാറില്‍ നിന്നടക്കമുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ വ്യാപക അക്രമമാണ് നടക്കുന്നത്. സെപ്റ്റംബര്‍ 28 ന് 14 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ബലാത്സംഗം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ അക്രമം തുടങ്ങിയത്.

ഹിന്ദി സംസാരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അടിച്ചോടിക്കുകയാണ്. ബിഹാറില്‍ നിന്നും യുപിയില്‍ നിന്നുമുള്ള തൊഴിലാളികളാണ് ഏറ്റവുമധികം അക്രമത്തിനിരയായത്. നിരവധി പേര്‍ നാട്ടിലേയ്ക്ക് മടങ്ങി. ഇതിനിടെയാണ് കുറ്റാരോപിതന്റെ അമ്മ രമാവതി ദേവി ഗുജറാത്ത് ജനതയോട് അപേക്ഷയുമായി രംഗത്തുവന്നത്. കുറ്റക്കാരനാണെങ്കില്‍ തന്റെ മകനെ ശിക്ഷിച്ചോളൂ, നിരപരാധികളായ മറ്റുള്ളവരെ അവിടെ നിന്ന് അടിച്ചോടിക്കരുതേയെന്നാണ് അപേക്ഷയെന്നും അവര്‍ പറഞ്ഞു.

”എന്റെ മകന് പ്രായപൂര്‍ത്തിയായിട്ടില്ല. അവന് മാനസിക വളര്‍ച്ചയും കുറവാണ്. പലപ്പോഴും അവന്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കാറുണ്ട്. അഞ്ചാം ക്ലാസ് വരെ മാത്രമേ അവന്‍ പഠിച്ചിട്ടുള്ളു. മക്കളില്‍ മൂന്നാമനാണ് അവന്‍. രണ്ടു വര്‍ഷം മുമ്പാണ് അവന്‍ ആരോടും പറയാതെ വീടു വിട്ടിറങ്ങിയത്. ഏതാനും മാസം മുമ്പാണ് അവന്‍ എവിടെയാണുള്ളതെന്ന വിവരം പോലും എനിക്ക് ലഭിച്ചത്” – പിതാവ് പറയുന്നു. അക്രമങ്ങളെ തുടര്‍ന്ന് 60,000ത്തിലധികം ഹിന്ദി ഭാഷക്കാരായ കുടിയേറ്റ തൊഴിലാളികള്‍ ഗുജറാത്ത് വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Top