ജോലി വൈകിയതിന് ജീവനക്കാരെ മൂത്രം കുടിപ്പിച്ചു, ബെല്‍റ്റുകൊണ്ട് അടിച്ചു, തല മൊട്ടയടിച്ചു…

ബീജിങ്: ജോലി വൈകിയതിന് ജീവനക്കാരെ മൂത്രം കുടിപ്പിച്ചു, ബെല്‍റ്റുകൊണ്ട് അടിച്ചു, തല മൊട്ടയടിച്ചു. ചൈനയില്‍ കെട്ടിട നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരെകൊണ്ട് ഉദ്യോഗസ്ഥര്‍ ചെയ്യിക്കുന്നതാണ് ഇതൊക്കെ. വീട് നവീകരണവുമായി ബന്ധപ്പെട്ട് ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കമ്പനി അധികൃതര്‍ ടോയ്‌ലറ്റിലെ മൂത്രം കുടിപ്പിക്കുകയോ, പാറ്റയെ തിന്നാന്‍ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ ബെല്‍റ്റ് ഉപയോഗിച്ചുള്ള മര്‍ദ്ദനത്തിന് ഇരയാക്കുകയോ ചെയ്യുമെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

പറഞ്ഞസമയത്തിനുള്ളില്‍ ജോലി തീര്‍ത്തില്ലെങ്കില്‍ ഇതുമാത്രമല്ല ശിക്ഷ. തല മൊട്ടയടിപ്പിക്കുക, ടോയ്‌ലറ്റിലെ വെള്ളം കുടിപ്പിക്കുക, മാസ ശംബളം കുറയ്ക്കുക എന്നിങ്ങനെയുള്ള ശിക്ഷാവിധികളും കമ്പനി നടപ്പിലാക്കാറുണ്ട്. കമ്പനിയിലെ മറ്റ് ജീവനക്കാരുടെ മുന്നില്‍വച്ചാണ് ശിക്ഷ നടപ്പിലാക്കുക.

ഇത് കൂടാതെ ജോലി സമയത്ത് ലോതര്‍ ഷൂസ് ധരിക്കാതെ എത്തുന്ന ജോലിക്കാരും കമ്പനി സംഘടിപ്പിക്കുന്നതോ മറ്റ് യോഗങ്ങളിലോ ഔപചാരികമായ വസ്ത്രം ധരിക്കാതെ എത്തുന്ന ജോലിക്കാരും 500 രൂപ പിഴയടക്കണം. ഇത്തരത്തില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ പേരു വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ചൈനയിലെ ഗുയിഹോയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് കമ്പനിയിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജീവനക്കാരെ അപമാനിച്ചതിനെതിരെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ജീവനക്കാരോടുള്ള കമ്പനിയുടെ നടപടിക്കള്‍ക്കെതിരെ ചൈനയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Top