50 ശതമാനം സ്ത്രീ സംവരണ ആവശ്യം ;അമ്മയില്‍ തര്‍ക്കം രൂക്ഷമാകും

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിനുശേഷം രൂപീകരിക്കപ്പെട്ട വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) പുതിയ ആവശ്യവുമായി മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യെ സമീപിച്ചു. അമ്മയില്‍ സ്ത്രീകള്‍ക്ക് 50% സംവരണം വേണമെന്നാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് ആവശ്യപ്പെടുന്നത്.

ഇക്കാര്യം ആവശ്യപ്പെട്ട് അമ്മയ്ക്കു കത്തുനല്‍കിയെന്ന് ഡബ്ല്യുസിസി അംഗവും അമ്മയിലെ എക്‌സിക്യുട്ടീവ് അംഗവുമായ രമ്യ നമ്പീശന്‍ അറിയിച്ചു. അമ്മയുടെ അടുത്ത യോഗത്തില്‍ അതു ചര്‍ച്ചചെയ്യുമെന്നും രമ്യ പറയുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന്റെ ‘രാമലീല’ സിനിമ കാണമെന്ന മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പരാമര്‍ശത്തോട് രമ്യ നമ്പീശന്‍ യോജിച്ചില്ല.

അത്തരമൊരു പരാമര്‍ശം മഞ്ജുവിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് രമ്യ പറഞ്ഞത്. അമ്മയില്‍ സ്ത്രീ സംവരണം ആവശ്യമാണെന്ന കത്ത് സംഘടനയ്ക്കുള്ളില്‍ വലിയ തര്‍ക്കത്തിന് ഇടനല്‍കിയേക്കും. ഭൂരിപക്ഷം അംഗങ്ങളും നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പമാണ് നിലകൊണ്ടത്. ഇത് സംഘടനയിലെ സ്ത്രീ വിരുദ്ധതയാണ് കാണിക്കുന്നതെന്ന് അന്നുതന്നെ ആരോപണമുണ്ടായിരുന്നു.

Top