റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിസന്ധി രൂക്ഷം ;ശമ്പളം കിട്ടാത്ത അവതാരകന്‍ ഹാരിയുടെ ചോദ്യം സൈബര്‍ ലോകത്ത് വൈറല്‍

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയില്‍ ശമ്പളം ലഭിക്കാത്ത മാധ്യമപ്രവര്‍ത്തകരുടെ അസ്വസ്ഥത പുകയുന്നു. മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിന്റെ പേരില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അടക്കം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

ഈ അവസരത്തില്‍ മാസം ജീവനക്കാര്‍ക്ക് 1000 രൂപ ശമ്പളം നല്‍കിയതെന്ന ആരോപണവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതേസമയം, ചാനല്‍ ആവശ്യത്തിന് ലോണ്‍ വ്യവസ്ഥയില്‍ നികേഷ് കുമാര്‍ പുതിയ കാറുകള്‍ എടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതോടെ ശമ്പളം കിട്ടാത്ത ജീവനക്കാരുടെ പ്രതിഷേധം കനത്തിരിക്കുകയാണ്.

ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഗ്രൂപ്പില്‍ വാര്‍ത്താ അവതാരകന്‍ പരസ്യ പ്രതിഷേധവുമായി വന്നു. അവതാരകന്‍ ഹാരിയാണ് ചാനല്‍ മേധാവി നികേഷ് കുമാറിനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

എനിക്ക് താന്‍ തരാനുള്ള പണം എവിടെ? നികേഷേ ഞാന്‍ ജോലി ചെയ്തതിന്റെ കാശ് എവിടെ? അവിടെ ജോലി ചെയ്യുന്ന ഗതികേടുകാര്‍ക്ക് താങ്കള്‍ മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരിക്കും. എന്റെ അനുഭവത്തില്‍ താനൊരു ഫിനാഷ്യല്‍ ഫ്രോഡ് ആണ്. ജോലി ചെയ്ത കാശ് കിട്ടിയേ തീരൂ- ഹാരി കുറിപ്പില്‍ ചോദിക്കുന്നു.

ശമ്പളമില്ലാത്തതിനാല്‍ ഹാരി അവധിയിലാണ്. ഇതിനിടെ പലവട്ടം നികേഷിനെ വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ലെന്നാണ് ആരോപണം. ഇതേ തുടര്‍ന്നാണ് ഇയാള്‍ റിപ്പോര്‍ട്ടറിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ഗുരുതര പരാമര്‍ശവുമായി പോസ്റ്റ് ഇട്ടത്. എഡിറ്റേഴ്സ് അവര്‍ നികേഷ് അവതരിപ്പിക്കുന്ന സമയത്തായിരുന്നു പോസ്റ്റ് എത്തിയത്.

ഗുരുതര പരാമര്‍ശങ്ങളുള്ള പോസ്റ്റില്‍ ചാനലിലെ മറ്റ് ജീവനക്കാര്‍ ആരും പ്രതികരിക്കുന്നില്ലെന്നും ശ്രദ്ധേയമാണ്. നികേഷും ഗ്രൂപ്പില്‍ പോസ്റ്റുകളോട് പ്രതികരിച്ചിട്ടില്ല. പക്ഷേ നികേഷിനെ കടന്നാക്രമിക്കുന്ന കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പാറിപ്പറക്കുകയാണ്. ഇതോടെ റിപ്പോര്‍ട്ടറിലെ പ്രതിസന്ധിയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

ഫ്ളവേഴ്സ് ചാനല്‍ പുതിയ ന്യൂസ് ചാനല്‍ തുടങ്ങുകയാണ്. റിപ്പോര്‍ട്ടറിലെ ശമ്പളം കിട്ടാത്ത മിടുക്കരെ എല്ലാം ഫ്ളവേഴ്സ് ചാനല്‍ നോട്ടമിടുന്നുണ്ട്. കഴിഞ്ഞ ദിവസം ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ വിജയകുമാറും അങ്ങോട്ട് മാറി. ഇതോടെ ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധിയായി റിപ്പോര്‍ട്ടറില്‍ മാറുകയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നുവെന്ന പരസ്യ നിലപാട് നികേഷ് എടുത്തിരുന്നു. എന്നാല്‍ ചാനല്‍ പ്രതിസന്ധിയിലായതോടെ വീണ്ടും ചര്‍ച്ചകളുമായി നികേഷ് തന്നെ രംഗത്ത് എത്തി. ഉടമസ്ഥാവകാശ കേസുകളും പുലിവാലായി. ഇതിനിടെയാണ് ജീവനക്കാരുടെ കൊഴിഞ്ഞു പോക്കും ശമ്പളം ഇല്ലാത്തതിന്റെ പേരില്‍ പരസ്യ പ്രതികരണവും നികേഷിനെ വെട്ടിലാക്കുന്നത്.

റിപ്പോര്‍ട്ടറിന്റെ പല ബ്യൂറോകളും അടച്ചു പൂട്ടിയതായും സൂചനയുണ്ട്. വാടകയ്ക്ക് ഓടിയിരുന്ന വാഹനങ്ങളും പിന്മാറി. ഇതോടെ ഉണ്ടായ പ്രതിസന്ധി മറികടക്കാന്‍ കാറുകള്‍ പുതുതായി വാങ്ങാന്‍ നികേഷ് തയ്യാറായി. ലോണിന് വാങ്ങാനാണ് നീക്കം. ശമ്ബളം നല്‍കാതെ വാഹനം വാങ്ങുന്നതും ജീവനക്കാരെ പ്രകോപിപ്പിക്കുന്നുണ്ട്. എന്ന് ശമ്പളം നല്‍കുമെന്ന് കൃത്യമായി പറയാന്‍ നികേഷിന് കഴിയുന്നില്ല. ഇവിടെയാണ് ചാനലിലെ പ്രതിസന്ധി രൂക്ഷമാകുന്നത്.

ഫ്ളവേഴ്സിലേക്ക് ആളുകളുടെ ഒഴുക്കുണ്ടാകാനുള്ള സാധ്യത കണ്ടിട്ടും പ്രശ്ന പരിഹാരത്തിന് നികേഷിന് കഴിയുന്നില്ലെന്നിടത്താണ് പ്രശ്നം. ചാനല്‍ റേറ്റിംഗില്‍ നേരിയ മുന്നേറ്റം ഉണ്ടാക്കിയതായും വിലയിരുത്തലുണ്ട്. ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും സീരിയലിലെ പീഡനം നിഷാ സാരംഗ് വെളിപ്പെടുത്തിയത് റിപ്പോര്‍ട്ടറിലൂടെയാണ്. അങ്ങനെ റിപ്പോര്‍ട്ടര്‍ വീണ്ടും വാര്‍ത്തയിലൂടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ഇതിനിടെയാണ് ഹാരിയുടെ വാട്സാപ്പിലെ കുറിപ്പ് നികേഷനെ തളര്‍ത്താന്‍ പോന്ന വണ്ണം ചര്‍ച്ചയാകുന്നത്.

ഹാരിയുടെ വാട്സാപ്പിലെ കുറിപ്പ് ഇങ്ങനെ:

”നികേഷേ ഒരാളോടും വഴക്കുണ്ടാക്കിയോ ഒച്ചയെുടുത്തോ ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. പരമാവധി നിശബ്ദത പാലിച്ചും ക്ഷമിച്ചും ജീവിക്കുന്നയാള്‍ എന്നാണ് സ്വയം വിലയിരുത്തല്‍. ഒരു ജെന്റില്‍മാന്‍ എഗ്രിമെന്റില്‍ കൈ കൊടുത്ത് പിരിയാനാണ് എല്ലായിടത്തും ശ്രമിച്ചിട്ടുള്ളത്. പക്ഷേ താന്‍ എന്നെ വിലയിരുത്തുന്നതില്‍ അടിമുടി തെറ്റിപ്പോയി. തന്നേക്കാള്‍ ഏതറ്റം വരേയും പോകാന്‍ ഞാന്‍ തയ്യാര്‍. സ്വയം ചാകാന്‍ തീരുമാനിച്ചവന് എന്ത് ഭയം? താന്‍ പച്ചക്ക് ചതിച്ച നൂറുകണക്കിന് ആളുകളില്‍ ഒരാളാകാന്‍ ഏന്തായാലും ഞാനില്ല.

എനിക്ക് താന്‍ തരാനുള്ള പണം എവിടെ? നികേഷേ ഞാന്‍ ജോലി ചെയ്തതിന്റെ കാശ് എവിടെ? അവിടെ ജോലി ചെയ്യുന്ന ഗതികേടുകാര്‍ക്ക് താങ്കള്‍ മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരിക്കും. എന്റെ അനുഭവത്തില്‍ താനൊരു ഫിനാഷ്യല്‍ ഫ്രോഡ് ആണ്. ജോലി ചെയ്ത കാശ് കിട്ടിയേ തീരൂ. എന്റെ ഒരു ഫോണ്‍ കോള്‍ പോലും അറ്റന്റ് ചെയ്യാന്‍ ധൈര്യമില്ലാത്ത താന്‍ എന്തിനാടോ ആണായി ജീവിച്ചിരിക്കുന്നത്? ഞാന്‍ ജോലി ചെയ്തതിന് എനിക്ക് താന്‍ തരാനുള്ള പണത്തെ കുറിച്ചാണ് എനിക്ക് സംസാരിക്കാനുള്ളത്. അല്ലാതെ ഇയാളെ അസഭ്യം പറയാനോ ഇകഴ്ത്തി സംസാരിക്കാനോ അല്ല. എന്ത് ഭീരുവോടോ നികേഷ താന്‍?”

Top