മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ വീട്ടിലെ മദ്യം കുടിച്ച് പൂസായി, ബോധം വീണപ്പോള്‍ സംഭവിച്ചത്‌

തിരുവനന്തപുരം: മോഷണത്തിനായി വീട്ടില്‍ക്കയറിയ കള്ളന്‍ അലമാരയ്ക്കുള്ളില്‍ ആദ്യം കണ്ടത് മദ്യം. രണ്ടെണ്ണം അടിച്ചാലോ എന്നൊരു പൂതി. പിന്നെ ഒന്നും നോക്കിയില്ല ഒട്ടും വൈകാതെ ഫ്രിഡ്ജ് തുറന്നു വെള്ളമെടുത്തു. ബോട്ടില്‍ പൊട്ടിച്ച് രണ്ടെണ്ണം വിട്ടു. പിന്നെ കുപ്പി തിരികെ വയ്ക്കാന്‍ തോന്നിയില്ല.

അങ്ങനെ കവര്‍ച്ചാ ശ്രമം മാറ്റിവച്ച് ഒറ്റയിരിപ്പിനു ഫുള്‍ ബോട്ടില്‍ മദ്യം അകത്താക്കി. ഒടുവില്‍ ലഹരി തലയ്ക്കു പിടിച്ച് അന്തം വിട്ടുറങ്ങി. നേരം പുലര്‍ന്നപ്പോള്‍ കള്ളന്‍ കണ്ടത് ആളും ബഹളവും. പകച്ചുപോയ അയാള്‍ വിട്ടുമാറാത്ത ഹാങ്ങോവറില്‍ പോലീസിനോട് തൊഴുതു പറഞ്ഞു. ‘ഇനി മദ്യപിക്കില്ല സാറേ’.

കഴക്കൂട്ടം പാങ്ങപ്പാറ മാങ്കുഴിയില്‍ റിട്ട.സൈനികന്റെ വീട്ടിലായിരുന്നു ഈ രസകര സംഭവം. വീട്ടുകാര്‍ കൊച്ചിയിലെ ബന്ധുവീട്ടില്‍ പോയതറിഞ്ഞാണു കക്കാന്‍ കയറിയതാണ് കള്ളന്‍. ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായ ഇയാളെ കോടതിയില്‍ ഹാജരാക്കി.

Top