നടപടിയെടുത്തില്ലെങ്കില്‍ തകരും ; ഗള്‍ഫില്‍ സാമ്പത്തിക ഞെരുക്കം; ശമ്പളം വെട്ടിക്കുറക്കും

ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക മരവിപ്പ് നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. ഇനിയും ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ വന്‍ തിരിച്ചടിയായിരിക്കും ഫലമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കി. ഈ പശ്ചാത്തലത്തില്‍ സൗദിയും യുഎഇയും ശക്തമായ ചെലവ് ചുരുക്കല്‍ നടപടി പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.

അറബ് രാജ്യങ്ങള്‍ മൊത്തം പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിസന്ധിയാണ് ഐഎംഎഫ് പ്രധാനമായും ഊന്നിപ്പറഞ്ഞത്. സര്‍ക്കാരിന്റെ പല പദ്ധതികളും ഒഴിവാക്കപ്പെടാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഗള്‍ഫില്‍ ഇനിയും ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കും.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്നാണ് ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ദ് ഗള്‍ഫ് ഭരണാധികാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദുബായില്‍ സംഘടിപ്പിച്ച പ്രത്യേക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെയാണ് ഐഎംഎഫ് മേധാവി ഗള്‍ഫ് രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളി സംബന്ധിച്ച് വിശദീകരിച്ചത്. സര്‍ക്കാര്‍ ചെലവുകള്‍ വന്‍ തോതില്‍ വെട്ടിക്കുറയ്ക്കണം. ശമ്പളം മാത്രമല്ല, സബ്‌സിഡികള്‍ പൂര്‍ണമായും ഒഴിവാക്കണം. ഇപ്പോള്‍ സബ്‌സിഡി ഇനത്തില്‍ വലിയ തുക ചെലവ് വരുന്നുണ്ടെന്നും ഇതില്ലാതാക്കണമെന്നുമാണ് നിര്‍ദേശം.

നിലവില്‍ സൗദി അറേബ്യയും യുഎഇയും നിരവധി ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും മതിയാകില്ലെന്നാണ് ഐഎംഎഫ് മേധാവിയുടെ മുന്നറിയിപ്പ്. യുവജനങ്ങള്‍ക്ക് ജോലി ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഗള്‍ഫ് മേഖലയില്‍ യുവജനങ്ങള്‍ക്ക് ജോലി ഉറപ്പാക്കണം. വലിയ ശമ്പളം വാങ്ങുന്നവരുടെ ശമ്പളം വെട്ടിക്കുറയ്ക്കണം. സര്‍ക്കാരിന്റെ ചെലവുകള്‍ തീരെ ചുരുക്കണം. സബ്‌സിഡികള്‍ പൂര്‍ണമായും ഇല്ലാതാക്കണം തുടങ്ങിയവയാണ് പ്രതിസന്ധി മറികടക്കാന്‍ ഐഎംഎഫ് മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശം.

ഐഎംഎഫ് നേരത്തെ നല്‍കിയ നിര്‍ദേശം അനുസരിച്ച് ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ച രാജ്യങ്ങളെ ലഗാര്‍ദ് അഭിനന്ദിച്ചു. ഇനിയും നടപടികള്‍ സ്വീകരിക്കണമെന്നാണ് അവര്‍ പറയുന്നത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളും ബജറ്റ് കമ്മി നേരിടുന്ന കാര്യവും അവര്‍ ഓര്‍മിപ്പിച്ചു.കഴിഞ്ഞ വര്‍ഷം അറബ് രാജ്യങ്ങളില്‍ മൊത്തം 1.9 ശതമാനത്തിന്റെ വളര്‍ച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ പകുതി മാത്രമേ ഇത് വരൂ. അറബ് മോണിറ്ററി ഫണ്ട് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ ആഭ്യന്തര ഉല്‍പ്പാദനത്തേക്കാള്‍ 55 ശതമാനം അധികമാണ് സര്‍ക്കാര്‍ ചെലവ്. സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കുമ്പോള്‍ ആരോഗ്യം, വിദ്യാഭ്യാസം, പൊതു നിക്ഷേപം എന്നീ കാര്യങ്ങളില്‍ പോരായ്മ സംഭവിക്കരുതെന്നും ഐഎംഎഫ് ഓര്‍മിപ്പിച്ചു.

Top