നയതന്ത്ര പ്രതിസന്ധികള്‍ രൂക്ഷമാക്കി സൗദി അറേബ്യയുടെ നീക്കം

റിയാദ്: വീണ്ടും നയതന്ത്ര പ്രതിസന്ധികള്‍ രൂക്ഷമാക്കി സൗദി അറേബ്യയുടെ നീക്കം. ടൊറന്റോയിലേക്കുള്ള വിമാനസര്‍വ്വീസ് സൗദി അറേബ്യ നിര്‍ത്തിവെച്ചു. സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കനേഡിയന്‍ സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സൗദിയുടെ നടപടി.

സമര്‍ ബദാവിയടക്കമുള്ള വനിതാ ആക്ടിവിസ്റ്റുകളെ ജയിലിലടച്ച സൗദിയുടെ നടപടികളെ വിമര്‍ശിച്ചുകൊണ്ട് കാനഡ ട്വീറ്റ് ചെയ്തതാണ് രാജ്യത്തെ ചൊടിപ്പിച്ചത്. ഇതിനു പിന്നാലെ 24 മണിക്കൂറിനകം രാജ്യം വിടാന്‍ കനേഡിയന്‍ അംബാസഡറോട് സൗദി ആവശ്യപ്പെടുകയായിരുന്നു.

കാനഡയിലുള്ള തങ്ങളുടെ അംബാസഡറെ സൗദി തിരിച്ചുവിളിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പുതിയ വ്യാപാര ബന്ധങ്ങളും മരവിപ്പിക്കുകയും ചെയ്തിരുന്നു.

നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ സൗദി നടപടിയില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിലകൊള്ളുമെന്നും സൗദിയുടെ നടപടിയോട് കാനഡയുടെ വിദേശകാര്യ മന്ത്രി ക്രിസറ്റിയ ഫ്രീലാന്‍ഡ് പ്രതികരിച്ചിരുന്നു.

Top