അഴിമതിക്കെതിരായ നടപടിയെന്ന പേരില്‍ സൗദി കിരീടാവകാശി നടത്തിയ അറസ്റ്റുകള്‍ ശുദ്ധ തട്ടിപ്പെന്ന് റിപ്പോര്‍ട്ട്

റിയാദ്: അഴിമതിക്കെതിരായ നടപടിയെന്ന പേരില്‍ സൗദി കിരീടാവകാശി നടത്തിയ അറസ്റ്റുകള്‍ ശുദ്ധ തട്ടപ്പെന്ന് റിപ്പോര്‍ട്ട്. തന്റെ അധികാരം അരക്കിട്ടുറപ്പിക്കുന്നതിനായി ഭാവിയില്‍ ഭീഷണിയായേക്കാവുന്ന മുഴുവന്‍ ആളുകളെയും തുറുങ്കിലടയ്ക്കുകയെന്ന വൃത്തികെട്ട തന്ത്രമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പാക്കിയതെന്നാണ് വിലയിരുത്തല്‍. 11 രാജകുമാരന്‍മാര്‍ അടക്കമുള്ള മന്ത്രിമാരും മുന്‍മന്ത്രിമാരും ബിസിനസ് പ്രമുഖരും ഉള്‍പ്പെടെയുള്ളവരെയായിരുന്നു കഴിഞ്ഞയാഴ്ച അഴിമതിയുടെ പേരില്‍ സൗദി ഭരണകൂടം തുറുങ്കിലടച്ചത്.

പ്രാഥമിക നിയമനടപടിക്രമങ്ങള്‍ പോലും പാലിക്കാതെയാണ് ഭരണത്തില്‍ ഇന്നതസ്ഥാനം വഹിക്കുന്നവരെയടക്കം ഏകപക്ഷീയമായി കിരീടാവകാശി തന്നിഷ്ടപ്രകാരം അറസ്റ്റ് ചെയ്തത്. ഇതുതന്നെ അദ്ദേഹത്തിന്റെ നിഗൃഢമായ ലക്ഷ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അഴിമതിക്കെതിരായ നടപടികളാണെങ്കില്‍ നിയമത്തിന്റെ ശരിയായ വഴികളിലൂടെ ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ തടസ്സമില്ലെന്നിരിക്കെയാണ് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയുള്ള കിരീടാവകാശിയുടെ നീക്കങ്ങള്‍.

സൗദിയുടെ ചരിത്രത്തിലാദ്യമായി മുഴുവന്‍ സുരക്ഷാ വിഭാഗങ്ങളുടെയും അധികാരം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കൈകളില്‍ വന്നുവെന്നതാണ് അറസ്റ്റ് നടപടികളുടെ ഏറ്റവും പ്രധാനപ്പെട്ട ഫലം. സൈന്യം, ആഭ്യന്തര സുരക്ഷാ സംവിധാനങ്ങള്‍, നാഷനല്‍ ഗാര്‍ഡ് എന്നീ മൂന്ന് സുരക്ഷാ വിഭാഗങ്ങളുടെയും നിയന്ത്രണം അദ്ദേഹത്തിന്റെ കൈയിലായി. ഇതുവരെ അധികാരം ബാലന്‍സ് ചെയ്യുന്നതിന്റെ ഭാഗമായി രാജകുടുംബത്തിലെ പ്രധാനപ്പെട്ട വിഭാഗങ്ങള്‍ക്കിടയില്‍ ഇതു മൂന്നും വീതിച്ചുനല്‍കുകയായിരുന്നു പതിവ്. അതാണ് ഇദ്ദേഹം തെറ്റിച്ചിരിക്കുന്നത്.

ഭാവിയില്‍ തന്റെ അധികാരസ്ഥാനത്തിന് വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന മുതൈബ് ബിന്‍ അബ്ദുല്ലയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ കണ്ണിലെ കരട്. അബ്ദുല്ല രാജാവിന്റെ ഇഷ്ടമകനായ അദ്ദേഹം തന്റെ അധികാരത്തിന് ഭീഷണിയാണെന്ന തിരിച്ചറിവാണ് നാഷനല്‍ ഗാര്‍ഡിന്റെ തലവനായിരുന്ന അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ തന്നെ പലരും സൗദിയിലെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

തന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് രാജകുമാരന്‍മാര്‍ക്ക് പുറമെ, സൗദിയിലെ അതിസമ്പന്നനായ വലീദ് ബിന്‍ തലാലിനെയും അറസ്റ്റ് ചെയ്ത നടപടിയിലൂടെ കിരീടാവകാശി നല്‍കുന്നത്. നേരത്തേ തന്റെ നയങ്ങളെ വിമര്‍ശിക്കുന്ന പണ്ഡിതന്‍മാരെയും സാമൂഹ്യപ്രവര്‍ത്തകരെയും ഇദ്ദേഹം കൂട്ടത്തോടെ അറസ്റ്റ് ചെയ്തിരുന്നു. സൗദി ചരിത്രത്തില്‍ എട്ട് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് ഈ രീതിയില്‍ എതിരാളികള്‍ക്കെതിരേ കൂട്ടമായ പ്രതികാര നടപടികള്‍ കൈക്കൊള്ളുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

എണ്ണ സാമ്പത്തിക വ്യവസ്ഥിതിയില്‍ അധിഷ്ഠിതമായ സൗദിയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുകയെന്നതാണ് കിരീടാവകാശിയുടെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ എതിരാളികളോട് യാതൊരു തത്വദീക്ഷയുമില്ലാതെ, നടപടിക്രമങ്ങളൊന്നും പാലിക്കാതെ അനുവര്‍ത്തിച്ച നടപടി നിലവിലുള്ള വിദേശ നിക്ഷേപകരെ അടക്കം സൗദിയില്‍ നിന്ന് അകറ്റുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരോടുള്ള സമീപനം ഇതാണെങ്കില്‍ തങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ഭീതിയിലാണ് നിക്ഷേപകര്‍.

Top