സൗദി അറേബ്യയ്ക്ക് ലബനാനില്‍ തിരിച്ചടി; സുരക്ഷാ വിഭാഗങ്ങള്‍ രഹസ്യചര്‍ച്ചയില്‍

റിയാദ്: സൗദി അറേബ്യയും ലബനാനും തമ്മിലുള്ള ബന്ധം വഷളായിരിക്കെ ഇരുരാജ്യങ്ങളിലും സംഭവിക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍. ലബനാന് പ്രധാനമന്ത്രി സഅദ് ഹരീരി രാജി പ്രഖ്യാപിച്ചത് സൗദിയില്‍ എത്തിയ ശേഷമാണ്. ഇതിന് പിന്നില്‍ സൗദിയാണെന്ന് ഇറാനും ലബനാനിലെ ഷിയാ സംഘടനയായ ഹിസ്ബുല്ലയും ആരോപിക്കുന്നതിനിടെയാണ് സൗദി പൗരനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. Saudi crisis more news here
ലബനാനില്‍ സൗദി പൗരനെ തട്ടിക്കൊണ്ടുപോയ കാര്യം ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു. ലബ്നാനിലെ രഹസ്യാന്വേഷണ-സുരക്ഷാ വിഭാഗങ്ങളുമായി സൗദി ഭരണകൂടം ബന്ധപ്പെട്ടുവരികയാണ്. പക്ഷേ, ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് വിവരം. അതിനിടെ സഅദ് ഹരീരി ഉടന്‍ സൗദിയില്‍ നിന്നു ലബനാനില്‍ തിരിച്ചെത്തുമെന്നാണ് വിവരം.
അലി അല്‍ ബിഷ്റവി എന്ന 32കാരനെയാണ് ലബനാനില്‍ വച്ച് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇയാളെ വീട്ടില്‍ നിന്നു പ്രലോഭിപ്പിച്ച് കൊണ്ടുപോയെന്നാണ് വിവരം. പിന്നീട് തിരിച്ചുവന്നിട്ടില്ല. ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. അലിയുടെ ഭാര്യ സിറിയന്‍ പൗരത്വമുള്ളവരാണ്. ഭര്‍ത്താവിനെ കാണാതായ വിവരം ഇവരും സ്ഥിരീകരിച്ചു. പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഭാര്യ. മോചന ദ്രവ്യം തന്നാല്‍ വിട്ടയക്കാമെന്ന് വ്യക്തമാക്കി ഒരു ഫോണ്‍കോള്‍ ഭാര്യക്ക് വന്നിരുന്നുവത്രെ.
ഷിയാ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള രാജ്യമാണ് ലബനാന്. സൗദി അറേബ്യ സുന്നി രാജ്യമാണ്. ലബനാന് പ്രധാനമന്ത്രി സഅദ് ഹരീരി രാജിവച്ചതിന് പിന്നില്‍ സൗദിയുടെ സമ്മര്‍ദ്ദമാണെന്നും രാജ്യത്തെ അട്ടിമറിക്കാന്‍ നടത്തിയ നീക്കമാണെന്നുമാണ് ഷിയാ സംഘടനയായ ഹിസ്ബുല്ലയുടെ ആരോപണം. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റേതെങ്കിലും സംഘങ്ങള്‍ അവസരം മുതലെടുക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിച്ച് വരികയാണ്. സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം ബെയ്റൂത്തിലെ അവരുടെ എംബസിയുമായി ബന്ധപ്പെട്ടു. കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ പൗരനെ മോചിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ലബനാനിലെ സൗദി എംബസി ആ രാജ്യത്തെ ഉന്നത പോലീസ് വൃത്തങ്ങള്‍ക്ക് കത്ത് നല്കി. നിരുപാധികം മോചിപ്പിക്കണമെന്നും കഴിയുംവേഗത്തില്‍ നടപടി സ്വീകരിക്കണമെന്നുമാണ് സൗദിയുടെ ആവശ്യം.