പ്രവാസികളുടെ നെഞ്ചിടിപ്പേറുന്നു ;സൗദി അറേബ്യയില്‍ നിന്ന് വിദേശികള്‍ കൂട്ടത്തോടെ നാടുവിടേണ്ടി വരുന്ന സാഹചര്യം വരുന്നു

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് വിദേശികള്‍ കൂട്ടത്തോടെ നാടുവിടേണ്ടി വരുന്ന സാഹചര്യം വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തില്‍ മാത്രം രണ്ടര ലക്ഷം വിദേശികള്‍ സൗദി വിട്ടുപോയിരുന്നു. അതിന് പിന്നാലെയാണ് കൂട്ടക്കൊഴിഞ്ഞുപോക്കിന് കളമൊരുങ്ങുന്നുവെന്ന വിവരം വന്നിരിക്കുന്നത്. അടുത്ത സപ്തംബര്‍ മുതല്‍ 12 ജോലികളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ ജോലി നഷ്ടമാകല്‍ ഭീതി.

വിദേശികള്‍ പോകുന്നത് സൗദിക്ക് തിരിച്ചടിയാകുമെന്ന തോന്നല്‍ ഭരണകൂടത്തിനുമുണ്ട്. ഈ സാഹചര്യത്തില്‍ നേരിയ ഇളവ് പ്രഖ്യാപിക്കാനും സൗദി ഭരണകൂടം ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഇളവ് പ്രഖ്യാപിച്ചാലും പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് പ്രവാസികള്‍ പറയുന്നു. ഇതോടെ സപ്തംബര്‍ മുതല്‍ കൂട്ടത്തോടെ പ്രവാസികള്‍ സ്വന്തം നാട്ടിലേക്ക് എത്തുമെന്ന് ഉറപ്പാണ്. സമ്പൂര്‍ണ സ്വദേശി വല്‍ക്കരണം 12 മേഖലകളില്‍ കൂടിയാണ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഈ വര്‍ഷമാദ്യത്തില്‍ തന്നെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശികള്‍ സൗദിയിലെ ജോലി മതിയാക്കി പോകുന്നത്. എന്നാല്‍ പ്രവാസികള്‍ കൂട്ടമായി രാജ്യംവിടുന്നതില്‍ ഭരണകൂടത്തിന് ആശങ്കയുണ്ട്.

തുടര്‍ന്നാണ് സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച 12 മേഖലകളില്‍ നേരിയ ഇളവ് നല്‍കാന്‍ ഭരണകൂടം ആലോചിക്കുന്നത്. പൂര്‍ണമായും വിദേശികളെ ഒഴിവാക്കുന്നതിന് പകരം നിശ്ചിത അളവില്‍ വിദേശികളും സ്വദേശികളും ജോലിക്കുണ്ടാകണമെന്ന നിബന്ധനായാണ് കൊണ്ടുവരുന്നത്. അതും പ്രവാസികളായ ചെറുകിട സംരഭകര്‍ക്ക് തിരിച്ചടിയാണ്.

കാരണം, സ്ഥാപനങ്ങളില്‍ 70 ശതമാനം വിദേശികളെ നിയമിക്കണമെന്ന നിബന്ധനയാണ് കൊണ്ടുവരുന്നത്. ഒരു ജോലിക്കാരന്‍ മാത്രമുള്ള സ്ഥാപനത്തില്‍ സൗദിക്കാരനെ മാത്രമേ ജോലിക്ക് നിര്‍ത്താന്‍ പറ്റൂ. ഒന്നില്‍ കൂടുതല്‍ ജോലിക്കാരുള്ള സ്ഥലങ്ങളിലാണ് 70 ശതമാനം സ്വദേശികളെ ജോലിക്ക് നിര്‍ത്തേണ്ടത്. രണ്ടു പേര്‍ ജോലിക്കുണ്ടെങ്കില്‍ ഒരാള്‍ സൗദിക്കാരനാകണം. നാലു പേരുള്ള സ്ഥാപനത്തില്‍ രണ്ട് സ്വദേശികള്‍ വേണം. 10 പേരുള്ള സ്ഥാപനത്തില്‍ ഏഴ് സ്വദേശികള്‍ വേണം. 100 പേരുള്ള സ്ഥാപനത്തില്‍ 70 സൗദിക്കാര്‍ വേണം. ഇങ്ങനെ വരുമ്പോള്‍ പ്രവാസികളുടെ ചെറിയ സ്ഥാപനങ്ങളെല്ലാം പൂട്ടേണ്ടി വരും. സാധാരണ പ്രവാസികളുടെ സ്ഥാപനങ്ങളില്‍ 10 ജോലിക്കാര്‍ വരെയുണ്ടാകാം. ഇതില്‍ ഏഴ് പേര്‍ സ്വദേശികളാകണമെന്നാണ് ചട്ടം വരുന്നത്. ചട്ടം ലംഘിക്കുന്നവര്‍ക്ക് പിഴയുണ്ടാകും. ചെറിയ കടകളില്‍ പോലും മുഴുവന്‍ സമയം ഒരു സ്വദേശി ജോലിക്ക് വേണ്ടിവരും. ഇവരുടെ ശമ്പളവും മറ്റും പ്രവാസികള്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറമാകും.

സൗദിയിലെ തൊഴില്‍ മേഖലയില്‍ ഘട്ടംഘട്ടമായുള്ള സ്വദേശിവല്‍ക്കരണം നടപ്പാക്കല്‍ അതിന്റെ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. സ്വകാര്യ മേഖലയിലെ 12 തൊഴിലുകളിലാണ് സ്വദേശിവല്‍ക്കരണം ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചത്. മൂന്ന് ഘട്ടമായിട്ടാണ് ഇത് നടപ്പാക്കുക. ഇക്കാര്യം മുന്‍കൂട്ടി കണ്ട് സപ്തംബറോട് സൗദി വിടാന്‍ ഒട്ടേറെ പ്രവാസികള്‍ തീരുമാനിച്ചിട്ടുണ്ടത്രെ.മൂന്ന് ഘട്ടമായിട്ടാണ് ഇത് നടപ്പാകുക. അന്തിമ ഘട്ടം അടുത്ത ജനുവരിയാണ്. അതായത് ഏകദേശം ആറ് മാസമാണ് ബാക്കിയുള്ളത്. സപ്തംബര്‍ 11, നവംബര്‍ ഒമ്പത്, അടുത്ത വര്‍ഷം ജനുവരി ഏഴ് എന്നിങ്ങനെയാണ് സ്വദേശിവല്‍ക്കരണം 12 മേഖലകളില്‍ പൂര്‍ണമായി നടപ്പാക്കേണ്ട അന്തിമ തിയ്യതി. ഇതില്‍ യാതൊരു മാറ്റവും വരുത്തില്ലെന്നും മറിച്ചുള്ള വിവരങ്ങള്‍ തെറ്റാണെന്നും തൊഴില്‍ മന്ത്രാലയം വിശദീകരിച്ചിരുന്നു.

Top