സൗദിയില്‍ പ്രിന്‍സ് അബ്ദുളള ബിന്‍ സൗദിനെ സ്ഥാനഭ്രഷ്ടനാക്കി

ജിദ്ദ: റിയാദില്‍ കഴിഞ്ഞയാഴ്ച 11 രാജകുമാരന്മാര്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിശദീകരിച്ചുള്ള ഓഡിയോ സന്ദേശത്തിന്റെ പേരില്‍ സൗദി രാജകുമാരനെതിരെ നടപടി. പ്രിന്‍സ് അബ്ദുളള ബിന്‍ സൗദിനെയാണ് സൗദി അധികാരികള്‍ സ്ഥാനഭ്രഷ്ടനാക്കിയത്.സൗദ് മറൈന്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം.

ജനുവരി നാലിനാണ് രാജകുടുംബങ്ങളുടെ ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലുകള്‍ സര്‍ക്കാര്‍ അടയ്‌ക്കേണ്ടെന്ന ഉത്തരവിനെതിരെ പ്രതിഷേധിച്ചെന്നാരോപിച്ച് 11 രാജകുമാരന്മാരെ സൗദി സര്‍ക്കാര്‍ അറസ്റ്റു ചെയ്തത്. എന്നാല്‍ രാജകുടുംബത്തെ ലക്ഷ്യമിട്ടുള്ള സൗദി സര്‍ക്കാറിന്റെ അറസ്റ്റിനും മുന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നയീഫിന്റെ തിരോധാനത്തിനും എതിരെ പ്രതിഷേധിച്ചതിനാണ് ഇവരെ അറസ്റ്റു ചെയ്തതെന്നാണ് സൗദിയിലെ ആക്ടിവിസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായപ്പെട്ടത്.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമായുള്ള വിശദീകരണം നല്‍കിയതിന്റെ പേരിലാണ് അബ്ദുളള ബിന്‍ സൗദിനെതിരെ നടപടിയെടുത്തിരിക്കുന്നത്. അവര്‍ ഭരണാധികാരികളുടെ ഉത്തരവ് ലംഘിക്കാനുള്ള ഒരു സാധ്യതയുമില്ല. ‘ ഈ പരിപാടിയുമായി എനിക്ക് അടുത്തുബന്ധമുള്ളതിനാല്‍ ഒരു കാര്യം വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ ഏറ്റവും മികച്ച യുവാക്കളാണ് ഈ അറസ്റ്റിലായവര്‍.’ എന്നാണ് അബ്ദുള്ള ബിന്‍ സൗദ് ഓഡിയോ സന്ദേശത്തില്‍ പറഞ്ഞത്.

പണത്തിനും ആഢംബരത്തിനും വേണ്ടി നടത്തിയ സമരം എന്ന ആരോപണം വസ്തുതാവിരുദ്ധവും സാമാന്യബുദ്ധിക്കു നിരക്കാത്തതുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ ബന്ധുക്കള്‍ക്കൊപ്പം കൊട്ടാരത്തില്‍ എത്തിയതായിരുന്നു അവര്‍. എന്നാല്‍ അവരെ അകത്തേക്ക് കടക്കുന്നതില്‍ നിന്നും തടയുകയായിരുന്നു. ഇത് ഗാര്‍ഡുമായി ചെറിയ കയ്യേറ്റത്തിനു വഴിവെച്ചു. ഈ കയ്യേറ്റത്തെ തുടര്‍ന്നാണ് രാജകുമാരന്മാരെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടത്.’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Top