ഇന്ത്യയുടെ സമ്മര്‍ദ്ദത്തില്‍ കുടുങ്ങി സൗദിയുടെ ഒ.കെ ; വിട്ടുവീഴ്ച്ചയ്ക്ക് തയ്യാര്‍

റിയാദ്: സൗദി അറേബ്യ ഏഷ്യന്‍ രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായെന്ന് റിപ്പോര്‍ട്ട്. ഏഷ്യയിലേക്കു സൗദി കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യും. സൗദിയുടെ പ്രധാന എണ്ണ ഇറക്കുമതിക്കാര്‍ ഏഷ്യക്കാരാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെയും ചൈനയുടെയും സമ്മര്‍ദ്ദം ഫലം കണ്ടത്.

കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതു കൊണ്ടുതന്നെ എണ്ണവില ഇനിയും വന്‍തോതില്‍ ഉയരാന്‍ സാധ്യതയില്ലെന്നാണ് സൂചന. സൗദി കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാനും ഇന്ത്യയിലേക്ക് കൂടുതല്‍ കയറ്റി അയക്കാനും തീരുമാനിച്ചു. ഇന്ത്യയും ചൈനയും ഏത് രീതിയിലുള്ള സമ്മര്‍ദ്ദമാണ് ചെലുത്തിയത് എന്നതാണ് പ്രധാനം. ഇറാന്റെ എണ്ണക്കെതിരെ അമേരിക്ക ഉപരോധം ചുമത്തിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. നവംബര്‍ ആദ്യവാരം മുതല്‍ ഇറാന്റെ എണ്ണ ഇറക്കരുതെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക അന്ത്യശാസനം നല്‍കിയിട്ടുണ്ട്. പകരം എണ്ണ എവിടെ നിന്ന് ലഭിക്കുമെന്ന ചോദ്യം അപ്പോള്‍ ബാക്കിയാകുന്നു.

ഈ ഘട്ടത്തിലാണ് സൗദിയിലേക്ക് തിരിയുന്നത്. ഇറാന്റെ എണ്ണ ഒഴിവാക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ സൗദി അറേബ്യ കൂടുതല്‍ എണ്ണ തരണമെന്നാണ് ഇന്ത്യയുടെ വാദം. ഇക്കാര്യം അമേരിക്കയും സൗദിയോട് ആവശ്യപ്പെട്ടു. ഇറാനെ ഒതുക്കുന്നത് സൗദിയുടെ കൂടി ആവശ്യം പരിഗണിച്ചാണ്. പക്ഷേ, സൗദി അറേബ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ സൗദിയുടെ എണ്ണയ്ക്ക് കൂടുതല്‍ വില കൊടുക്കേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്ക വന്നു. ചൈന ഉടന്‍ നടപടി സ്വീകരിച്ചു. ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ചൈനയില്‍ നിന്ന് സൗദിയുടെ എണ്ണയ്ക്കുള്ള ആവശ്യം കുത്തനെ കുറഞ്ഞു. ചൈനയിലെ പ്രധാന എണ്ണ ശുദ്ധീകരണ യൂണിറ്റായ യുണിപെക് സൗദിയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് വെട്ടിക്കുറച്ചു. സൗദി എണ്ണയ്ക്ക് വില കൂടുതലാണെന്നാണ് ഇവരുടെ നിലപാട്. അതേസമയം, ഇന്ത്യ വാങ്ങുന്നത് കുറച്ചില്ല. പകരം വില കുറയ്ക്കണമെന്നും കൂടുതല്‍ കയറ്റി അയക്കണമെന്നും സൗദിയോട് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സൗദിയുടെ എണ്ണ വാങ്ങുന്നതില്‍ നിന്ന് പിന്‍വാങ്ങുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സൗദി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ കയറ്റി അയക്കാമെന്നും സമ്മതിച്ചിരിക്കുന്നത്. ഇതോടെ വില വന്‍ തോതില്‍ കുതിച്ചുയരുന്ന സാഹചര്യമൊഴിവാകുമെന്ന് കരുതുന്നു.

ഇന്ത്യയിലേക്കും ചൈനയിലേക്കും ഓഗസ്റ്റില്‍ കൂടുതല്‍ എണ്ണ സൗദി അറേബ്യ കയറ്റുമതി ചെയ്യും. സ്വകാര്യ വിവരമായതിനാല്‍ പേര് വെളിപ്പെടുത്താത്ത സൗദി ഉദ്യോഗസ്ഥനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ സൗദി അരാംകോ തയ്യാറായില്ല. കൂടുതല്‍ എണ്ണ ആഗോള വിപണയിലെത്തിച്ചിരുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഇവരുടെ എണ്ണയ്ക്കാണ് അമേരിക്ക ഉപരോധം പ്രഖ്യാപിക്കുന്നത്. മറ്റൊരു എണ്ണ ഉല്‍പ്പാദക രാജ്യമായ വെനസ്വേലയിലെ ഉല്‍പ്പാദനം കുറഞ്ഞിട്ടുണ്ട്. ലിബയയില്‍ സംഘര്‍ഷ സാഹചര്യമായതിനാല്‍ അവിടെ നിന്നുള്ള എണ്ണയും കാര്യമായി എത്തുന്നില്ല.

ഈ സാഹചര്യത്തിലാണ് സൗദിയോട് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനും കയറ്റുമതി ചെയ്യാനും അമേരിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടതെന്ന് സിംഗപ്പൂര്‍ കേന്ദ്രമായുള്ള എനര്‍ജി ആസ്‌പെക്റ്റ്‌സ് ലിമിറ്റഡിനെ സാമ്പത്തിക നിരീക്ഷകര്‍ വീരേന്ദ്ര ചൗഹാന്‍ പറയുന്നു. നവംബര്‍ മുതല്‍ ആഗോള വിപണിയില്‍ ഇറാന്റെ എണ്ണ തീരെ എത്തില്ലെന്നാണ് കരുതുന്നത്. ഇറാന്റെ എണ്ണ കൂടുതല്‍ എത്തുന്നത് ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്. സൗദി, ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയും ചൈനയുമൊക്കെ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ ഇറാന്‍ എണ്ണ തീരെ ഇറക്കരുതെന്നാണ് അമേരിക്കയുടെ ആവശ്യം. പകരം എവിടെ നിന്ന് എണ്ണ തരുമെന്ന ചോദ്യത്തിനാണ് സൗദി മറുപടി നല്‍കുന്നത്.

Top