എസ് ബി ഐയുടേത് കണ്ണില്‍ ചോരയില്ലാത്ത കൊള്ള; മിനിമം ബാലന്‍സില്ലാത്തതിന്റെ പേരില്‍ സാധാരണക്കാരനെ പിഴിഞ്ഞെടുത്ത് 1500 കോടി

ന്യൂഡല്‍ഹി: കുത്തകള്‍ക്ക് വേണ്ടി കോടികള്‍ എഴുതി തള്ളുന്ന ബാങ്കുകള്‍ സാധാരണക്കാരനെ പിഴിഞ്ഞൂറി കൊയ്യുന്നത് കോടികളുടെ ലാഭം. മിനിമം ബാലന്‍സില്ലെന്ന പേരില്‍ എസ് ബി ഐ ഇതുവരെ തട്ടിയെടുത്തത് 1700  കോടിയിലധികം രൂപ. ശതകോടികളാണ് വമ്പന്‍ കമ്പനികള്‍ വായ്പ്പയെടുത്ത് മുങ്ങിയിരിക്കുന്നത് ഇതിനെതിരെ ഒരു ചെറുവിരല്‍ പോലുമനക്കാത്ത ബാങ്കുകളാണ് കോടികള്‍ മിനിമ ബാലന്‍സിന്റെ പേരില്‍ പിടിച്ചെടുത്തിരിക്കുന്നത്.

2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ അക്കൗണ്ട് ഉടമകളില്‍നിന്ന് എസ്.ബി.ഐ. ശേഖരിച്ചത് 1771 കോടി രൂപ! 2017 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ബാങ്കിന്റെ ആകെ ആദായത്തെക്കാള്‍ കൂടുതലാണിത്. 1581.55 കോടി രൂപയായിരുന്നു ആ പാദത്തിലെ ആദായം. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ആര്‍ജിച്ച അറ്റാദായത്തിന്റെ പാതിയോളം വരുമിത്. 3586 കോടിയാണ് ബാങ്കിന്റെ ആ അര്‍ധവാര്‍ഷിക ആദായം.

മിനിമം ബാലന്‍സ് നിലനിര്‍ത്താതിരുന്നവരില്‍നിന്ന് 2016-17 സാമ്പത്തിക വര്‍ഷം എസ്.ബി.ഐ പണമൊന്നും ഈടാക്കിയിരുന്നില്ല. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടപ്പുസാമ്പത്തിക വര്‍ഷമാണ് ഈ പിഴ ബാങ്ക് തിരികെ കൊണ്ടുവന്നത്. 42 കോടിയോളം സേവിങ്സ് ബാങ്ക് അക്കൗണ്ടാണ് എസ്.ബി.ഐയിലുള്ളത്. ഇതില്‍ 13 കോടിയോളം എണ്ണം പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് കീവില്‍ വരുന്നതും ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകളുമാണ്. ഇവ രണ്ടും മിനിമം ബാലന്‍സില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മിനിമം ബാലന്‍സ് ഇനത്തില്‍ അക്കൗണ്ട് ഉടമകളില്‍നിന്ന് കൊള്ള നടത്തിയത് എസ്.ബി.ഐയാണ്. എസ്.ബി.ഐ. കഴിഞ്ഞാല്‍ പഞ്ചാബ് നാഷണല്‍ ബാങ്കാണ് ഇക്കാര്യത്തില്‍ മുന്നില്‍. മുന്‍ സാമ്പത്തിക വര്‍ഷവും എസ്.ബി.ഐ. ഒഴികെയുള്ള ബാങ്കുകള്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് പിഴ ഈടാക്കിയിരുന്നു. എസ്.ബി.ടി. അടക്കം പ്രധാന ബാങ്കുകളുമായുള്ള ലയനം പൂര്‍ത്തിയായതാണ്, എസ്.ബി.ഐയുടെ കണക്കില്‍ വന്‍തോതിലുള്ള വര്‍ധനയ്ക്ക് കാരണം.

2016-17 കാലയളവില്‍ 130.64 കോടി രൂപ പിഴയീടാക്കിയ പഞ്ചാബ് നാഷണല്‍ ബാങ്ക് 2017-18 സാമ്പത്തിക വര്‍ഷം നവംബര്‍ വരെ 97.34 കോടി രൂപ ഈടാക്കി. മുന്‍ സാമ്പത്തിക വര്‍ഷം 56.63 കോടി രൂപ ഈടാക്കിയ സെന്‍ട്രല്‍ ബാങ്ക് ഈ സാമ്പത്തിക വര്‍ഷം നവംബര്‍ വരെ 68.67 കോടി രൂപ ഈടാക്കി. കാനറ ബാങ്ക് മുന്‍വര്‍ഷം 106.58 കോടിയും ഇക്കുറി 62.16 കോടിയും ഈടാക്കിയപ്പോള്‍, ഐഡിബിഐ ഇത് യഥാക്രമം 88.23 കോടിയും 52.15 കോടിയും സ്വന്തമാക്കി.

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മെട്രോ നഗരങ്ങളില്‍ 5000 രൂപയും മറ്റു നഗരങ്ങളില്‍ 3000 രൂപയുമായിരുന്നു മിനിമം ബാലന്‍സ് വേണ്ടിയിരുന്നത്. ഇതില്‍ മെട്രോ നഗരങ്ങളില്‍ 50 ശതമാനം വരെ കുറവ് വരുത്തുന്നവര്‍ക്ക് 50 രൂപയും 50 മുതല്‍ 75 ശതമാനം വരെ കുറവ് വരുത്തുന്നവര്‍ക്ക് 75 രൂപയും അതിനുമുകളില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 100 രൂപയുമായിരുന്നു പിഴ. മറ്റു നഗരങ്ങളില്‍ ഇത് യഥാക്രമം 40 രൂപ, 60 രൂപ, 80 രൂപ എന്നിങ്ങനെയായിരുന്നു.

Top