ചില കാര്യങ്ങള്‍ സ്വാഭാവികമായും പരാജയപ്പെടേണ്ടതാണ്. കേവലം രണ്ടോ മൂന്നോ ഖണ്ഡികയുള്ള ഒരു കുറിപ്പിലൂടെ കൈ കഴുകാനാവില്ല ഫ്‌ളവേഴ്‌സ് ടിവിക്ക്‌.

വന്‍ തോതില്‍ ഭൂമി കയ്യേറി നടത്താനിരുന്ന എആര്‍ റഹ്മാന്‍ ഷോയ്‌ക്കെതിരെ ഷാജി ടിയു എഴുതിയ കുറിപ്പ് വൈറലാകുന്നു

എആര്‍ റഹ്മാന്‍ ഷോയുടെ ടിക്കറ്റ് എടുക്കുന്നത് മെയ് ഒന്നിനാണ്, BookMyShow-യില്‍ വില്‍പ്പന തുടങ്ങി ഏറെ താമസിയാതെ. അതിന് കാരണം ടിക്കറ്റുകള്‍ പെട്ടെന്ന് വിറ്റുതീര്‍ന്നേക്കാമെന്ന തോന്നലായിരുന്നു. ഇത്രയധികം ആരാധകരുള്ള ഒരു സംഗീത പരിപാടിക്ക് ഇരുട്ടിവെളുക്കുമ്പോള്‍ പോലും വേണമെങ്കില്‍ ടിക്കറ്റുകള്‍ തീര്‍ന്നു പോകാമെന്നത് തീര്‍ത്തും സ്വാഭാവികവുമാണ്.

ഈ പരിപാടിയുടെ പരസ്യപ്രചാരണങ്ങള്‍ നോക്കുക. ഏറണാകുളത്ത് എണ്ണമറ്റ ഹോര്‍ഡിംഗുകള്‍, നഗരത്തിലെ മിക്കവാറും ഇലക്ട്രിക്ക് പോസ്റ്റുകളില്‍ പരസ്യബോര്‍ഡുകള്‍, ഫ്ലവേഴ്സ് ടിവിയുടെ ചാനലില്‍ എണ്ണമറ്റ പരസ്യങ്ങള്‍, പരിപാടിക്കിടെ സ്ക്രോളുകള്‍, ചാനലിന്റെ യൂട്യൂബ് ചാനലില്‍ മേല്‍പ്പറഞ്ഞതിന്റെ ആവര്‍ത്തനം. കേരളത്തില്‍ മുന്‍പ് നടന്നിട്ടുള്ള ഏതെങ്കിലുമൊരു പരിപാടിക്ക് എപ്പോഴെങ്കിലും ഇത്രയധികം പരസ്യം നല്‍കിയിട്ടുണ്ടാകുമോയെന്ന് സംശയമാണ്.

ഇന്നലെ രാവിലെയും ഇത്തരം പരസ്യങ്ങള്‍ കണ്ടതുകൊണ്ടാണ് ബുക്ക് മൈ ഷോയില്‍ പിന്നേയും നോക്കുന്നത്. എല്ലാ ഗണത്തിലുമുള്ള ടിക്കറ്റുകള്‍ ലഭ്യമായിരുന്നു. ബാക്കിയുള്ള ടിക്കറ്റുകളുടെ എണ്ണത്തിനെ കുറിച്ചോ, വേദിയുടെ പ്രാപ്തിയെ കുറിച്ചോ ഒന്നുമില്ല. ഏറണാകുളത്ത് ധാരാളം പരിപാടികളില്‍ ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇരുമ്പനം ഗ്രൌണ്ട് ആദ്യമായി കേള്‍ക്കുന്നതാണ്. വിശാലമായ ഒരു പ്രദേശത്ത് കഴിയാവുന്നത്ര ആളുകളെ കുത്തിതിരുകി കയറ്റി പരമാവധി പണമുണ്ടാക്കുക എന്നതാണ് ഇന്നലത്തെ പരിപാടിയുടെ നടത്തിപ്പുകൊണ്ട് സംഘാടകര്‍ ഉദ്ദേശിച്ചിരുന്നത്.

ഈ പരിപാടിക്ക് എത്ര ടിക്കറ്റാണ് വില്‍ക്കുന്നതെന്നോ അതിന് എത്രയാളുകളാണ് വരുന്നതെന്നോ നിര്‍ത്തിയിടാന്‍ പോകുന്ന വാഹനങ്ങളുടെ ബാഹുല്യത്തിനെ കുറിച്ചോ യാതൊരു വിധ പ്രാഥമിക ഗൃഹപാഠം പോലും ചെയ്തിരുന്നതായി തോന്നിയില്ല.

ഇത്രായിരം ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിലേക്കുള്ള പ്രധാന വഴിയില്‍ രണ്ട് മാരുതി കാറുകള്‍ എത്തിയാല്‍ പോലും ഒന്നാലോചിച്ചിട്ടേ കടന്ന് പോകാന്‍ കഴിയൂ. ഏറണാകുളം പോലെ വിശാലമായ ഒരു നഗരത്തില്‍ സ്റ്റേഡിയങ്ങളും കണ്‍വെന്‍ഷന്‍ സെന്ററുകളും ഉള്ളപ്പോഴാണ് ഈ അഭ്യാസമെന്നത് ഓര്‍ക്കണം. മഴയുടെ എല്ലാവിധ സാധ്യതയുമുള്ള ഒരു കാലത്ത് അഡ്ലക്സ് പോലെ വിശാലവും പാര്‍ക്കിംഗ് സൌകര്യവും മേല്‍ക്കൂരയുമുള്ള ഒരു വേദിയാണ് ഏറ്റവും ചുരുങ്ങിയത് വേണ്ടതെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്?

ചാലക്കുടിയില്‍ നിന്ന് ഉദ്ദേശം മൂന്ന് മണിക്ക് പുറപ്പെട്ടിട്ട് ഏഴുമണിയോടടുപ്പിച്ചാണ് മേല്‍പ്പറഞ്ഞ ചെളിക്കണ്ടത്തില്‍ എത്തുന്നത്. സുഹൃത്തുക്കളില്‍ പലരും നേരത്തെ അവിടെയുണ്ടായിരുന്നതുകൊണ്ട് അവിടത്തെ അന്തരീക്ഷത്തിനെ കുറിച്ച് ഒരു ധാരണ കിട്ടിയിരുന്നു. പരിപാടി നടക്കാനിടയില്ലെന്ന് ആറുമണിയോടെ തോന്നിയിരുന്നെങ്കിലും പോകാമെന്ന് തന്നെ കരുതി (എന്‍റെ പിഴ). ഈ സമയം മുഴുവന്‍ നാഴികക്ക് നാല്‍പ്പത് വട്ടം ഫ്ലവേഴ്സിന്റെ ചാനലുകളില്‍ എഴുതിയിടുന്ന എല്ലാ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും എന്തെങ്കിലും അപ്ഡേറ്റിനായി തിരഞ്ഞുകൊണ്ടിരുന്നു. ഒന്നിലും ഒരക്ഷരം സംഘാടകര്‍ മിണ്ടിയില്ല. അങ്ങനെ അവര്‍ കഴിയാവുന്നത്ര നേരത്തെ പറഞ്ഞിരുന്നെങ്കില്‍ വാഹനങ്ങളിലും വഴിയിലും ചെളിക്കുണ്ടിലുമായി ആയിരങ്ങള്‍ കുടുങ്ങിപ്പോയത് അവര്‍ക്ക് കുറയ്ക്കാന്‍ കഴിയുമായിരുന്നു.

രാത്രി പന്ത്രണ്ട് മണി കഴിഞ്ഞു ഏതാണ്ട് എല്ലാവരും വീട്ടിലേക്ക് തിരിച്ചിട്ടാണ് അവരുടെ ക്ഷമാപണം ട്വിറ്ററില്‍ വരുന്നത്, ആര്‍ക്കുവേണ്ടി?

അതിഭീകരമായ ട്രാഫിക് ജാമായിരുന്നു വഴി നീളെ.. ഏറണാകുളം നഗരം മുഴുവന്‍ ഏതാണ്ട് ഇങ്ങനെത്തന്നെ ആയിരുന്നിരിക്കാന്‍ സാധ്യതയുണ്ട്. ഇടക്ക് സൈറണിട്ട ആംബുലന്‍സുകള്‍ പോലും കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

ഇരുന്നൂറ്റിയന്‍പത് മുതല്‍ അയ്യായിരം വരെ മുടക്കി ടിക്കറ്റെടുത്ത ഒരോരുത്തരോടും കാണിക്കേണ്ട ഏറ്റവും നിസ്സാരമായ ഉത്തരവാദിത്തം പോലും സംഘാടകര്‍ നടപ്പാക്കിയിട്ടില്ല. ലോകമറിയുന്ന ഒരു സംഗീതജ്ഞന്റെ പേരില്‍ ഇത്രയും തരംതാണുപോയ ഒരു മുതലെടുപ്പ് പാടില്ലായിരുന്നു ഫ്ലവേഴ്സ് ടിവി. ഇന്നലെ ഒരുക്കിയ കഷ്ടപ്പാടിന്, ദുരിതത്തിന് ടിക്കറ്റിന്റെ പണമല്ല, നഷ്ടപരിഹാരമാണ് ഇത്തിരിയെങ്കിലും ഉളുപ്പുണ്ടെങ്കില്‍ നിങ്ങള്‍ നല്‍കേണ്ടത്.

അവസാനമായി ഈ പരിപാടിയുടെ മറവില്‍ പാടം നികത്തിയെങ്കില്‍ പാഠം പഠിപ്പിക്കേണ്ടതാണ്, യാതൊരു സംശയവും വേണ്ട. ചില കാര്യങ്ങള്‍ പരാജയപ്പെടേണ്ടതും ചിലപ്പോള്‍ അനിവാര്യമാണ്.

Top