ഭരണം കുട്ടിക്കളിയല്ല; കശ്മീരിലെ അത്യാര്‍ത്തിക്ക് ചരിത്രം ബിജെപിയോട് പൊറുക്കില്ല: ശിവസേന

മുംബൈ: ജമ്മു കശ്മീരിൽ പിഡിപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ശിവസേന. കശ്മീരിലെ അത്യാഗ്രഹത്തിന് ബിജെപിക്കു ചരിത്രം മാപ്പുനൽകില്ലെന്നു പാർട്ടി മുഖപത്രമായ സാമ്ന മുഖപ്രസംഗത്തിൽ പറയുന്നു. കശ്മീരിലെ തീവ്രവാദവും സംഘര്‍ഷവും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ബിജെപി സര്‍ക്കാര്‍ പിഡിപിയെ പഴിചാരി പിന്‍വലിഞ്ഞത് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ പാളയത്തില്‍ നിന്നും ഓടിയൊളിച്ചതിനു തുല്യമാണെന്നും ശിവസേന വിമര്‍ശിച്ചു.

മുൻപൊരിക്കലും കശ്മീരിലെ സാഹചര്യം ഇത്ര മോശമായിട്ടില്ല, ഇതുപോലെ ചോരപ്പുഴയൊഴുകിയ അവസരം മുൻപുണ്ടായിട്ടില്ല, ഇത്രയധികം സൈനികർക്കു ജീവൻ നഷ്ടപ്പെട്ടിട്ടില്ല. ഇതെല്ലാം സംഭവിച്ചത് ബിജെപി ഭരണത്തിൽ സഹകരിച്ചുതുടങ്ങിയ ശേഷമാണ്. എന്നിട്ടു മെഹബൂബ മുഫ്തിയുെട ചുമലിൽ എല്ലാ ഉത്തരവാദിത്തവും വച്ചുകൊടുത്ത് ഒന്നുമറിയാത്തതുപോലെ അവർ കയ്യൊഴി‍ഞ്ഞു.

മോദിയുടെ വിദേശ യാത്രകളെക്കുറിച്ചും മുഖപ്രസംഗത്തില്‍ വിമര്‍ശമുണ്ട്. മോദി ലോകം ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍, കശ്മീരിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ജനങ്ങളുടെ മനുഷ്യാവകാശം ലംഘിക്കുന്നതിന്റെ പേരില്‍ ഐക്യരാഷ്ട്രസഭ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ്. നോട്ടുനിരോധനത്തിനു ശേഷം തീവ്രവാദവും പാകിസ്ഥാന്റെ അതിക്രമിച്ചു കയറലും വര്‍ധിച്ചിരിക്കുകയാണെന്നും ശിവസേന ആരോപിക്കുന്നു.

മുൻപുണ്ടായിരുന്ന കോണ്‍ഗ്രസ്-നാഷനൽ കോൺഫറൻസ് സർക്കാരായിരുന്നു ഭേദമെന്നു കശ്മീർ ജനത ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഇന്ന്, സൈനിക പോസ്റ്റുകൾ ഭീകരർ ആക്രമിക്കുമ്പോൾ സൈനികർ നാട്ടുകാരെ ആക്രമിക്കുകയാണ്. നിരപരാധികളായ സാധാരണക്കാർക്കു ജീവൻ നഷ്ടപ്പെടുന്നു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ തമാശയിൽ പൊതിഞ്ഞ വാക്കുകൾ കൊണ്ടാണു പ്രതിരോധമന്ത്രി ട്വിറ്ററിലൂടെ അനുശോചനമറിയിക്കുന്നത്.

നോട്ട് നിരോധനത്തിനു ശേഷം അതിർത്തിയിലെ ഭീകരവാദം ആയിരമിരട്ടി വർധിച്ചു. പാക്കിസ്ഥാന്റെ ഇടപെടൽ പഴയതിലുമേറെയായി. യുദ്ധമില്ലാതെതന്നെ ഒട്ടേറെ സൈനികർ കൊല്ലപ്പെട്ടു. ഇതൊന്നും നിയന്ത്രിക്കാൻ കഴിയില്ലെന്നായപ്പോൾ എല്ലാം പിഡിപിയുടെ ചുമലിൽ വച്ചുകൊടുത്തു. ബ്രിട്ടിഷുകാരും ഇതുതന്നെയല്ലേ ചെയ്തത്?, മുഖപ്രസംഗം പറയുന്നു.

ചൊവ്വാഴ്ച്ചയാണ് പിഡിപിക്കുള്ള പിന്തുണ പിന്‍വലിക്കുന്നതായി ബിജെപി പ്രഖ്യാപിച്ചത്. കഠുവ സംഭവത്തിനു ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളാണ് സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് വഴിവച്ചത്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപി-പിഡിപി സഖ്യം രൂപവത്കരിച്ചത്. പി.ഡി.പി.യുമായി കൈകോര്‍ക്കില്ലെന്നു കോണ്‍ഗ്രസും, സര്‍ക്കാര്‍ രൂപവത്കരിക്കാനില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സും വ്യക്തമാക്കിയിരുന്നു.

Top