അഞ്ചു മണിക്കൂറിലധികം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ കരുതിയിരിക്കുക

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ അമിതമായി ഉപയോഗിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിച്ചോളൂ. സ്മാര്‍ട്ട്‌ഫോണ്‍ അഞ്ചു മണിക്കൂറിലധികം ഉപയോഗിക്കുന്നവരില്‍ വിഷാദവും ആത്മഹത്യാപ്രവണതയും കൂടുതലാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. ഫ്‌ലോറിഡ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ തോമസ് ജയ്‌നറുടെ നേതൃത്വത്തിലുള്ള സംഘമാണ് അമിതമായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ആത്മഹത്യ, വിഷാദരോഗം തുടങ്ങിയവയിലേക്കു നയിക്കുമെന്നു കണ്ടെത്തിയത്.

കൗമാരക്കാരിലാണ് സ്മാര്‍ട്ട്‌ഫോണ്‌കളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗം കൂടുതലായി കണ്ടുവരുന്നതെന്നും അവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കേണ്ടത് രക്ഷകര്‍ത്താക്കളാണെന്നും തോമസ് ജയ്‌നര്‍ പറഞ്ഞു.

കഴിഞ്ഞ ഏഴു വര്‍ഷമായി അമിതമായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം മൂലം കൗമാരക്കാരില്‍ ആത്മഹത്യപ്രവണതയും വിഷാദരോഗവും വര്‍ധിച്ചുവെന്നും പെണ്‍കുട്ടികളിലാണ് ഇതു കൂടുതല്‍ കണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രവണതകളില്‍ നിന്നും മാറി കായികം, വ്യായാമം തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നവരിലും ദേവാലയങ്ങളില്‍ പോകുന്നവരിലും സന്തോഷം കൂടുതലായി കാണപ്പെടുന്നുവെന്നും പഠനത്തില്‍ പറയുന്നു.

Top