ഗണേഷിനെയും പ്രതിയാക്കണം… സിഡി അടക്കമുള്ള തെളിവുകള്‍ പക്കലുണ്ട് ; വീണ്ടും ബിജു രാധാകൃഷ്ണന്‍…

തിരുവനന്തപുരം: മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാറിനെ സോളാര്‍ കേസില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളിലൊരാളായ ബിജു രാധാകൃഷ്ണന്‍. സോളാര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തിരുന്നു.

എന്നാല്‍ ഇവരുടെ പട്ടികയില്‍ ഗണേഷിന്റെ പേരുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഗണേഷിനെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജു രാധാകൃഷ്ണന്‍ രംഗത്തുവന്നത്.സോളാര്‍ കേസില്‍ ഗണേഷിനെയും പ്രതിയാക്കണമെന്നാണ് ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെടുന്നത്. തന്റെ അഭിഭാഷകന്‍ മുഖേനയയാണ് ബിജു ഈ ആവശ്യമുന്നയിക്കുന്നത്. സിഡിയുള്‍പ്പെടെ ഗണേഷിനെതിരേ നിരവധി തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ പുതിയ അന്വേഷണസംഘത്തിനു കൈമാറാന്‍ തയ്യാറാണെന്നും ബിജു രാധാകൃഷ്ണന്‍ പറയുന്നു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഗണേഷിനെതിരേയും പിഎ പ്രദീപിനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. ജയിലില്‍ കഴിഞ്ഞ ശേഷം താന്‍ ഗണേഷിന്റെ പിഎ ആയ പ്രദീപിനെ കണ്ടതായി സരിത സോളാര്‍ കമ്മീഷനു നേരത്തേ മൊഴി നല്‍കിയിരുന്നു.സരിതയുടെ മൊഴിയെ തുടര്‍ന്ന് ഗഷേണിന്റെ മൊഴി ജസ്റ്റിസ് ശിവരാജന്‍ രേഖപ്പെടുത്തിയിരുന്നു. സോളാര്‍ കമ്മീഷനു മുന്നില്‍ നേരിട്ടു ഹാജരായാണ് ഗണേഷ് മൊഴി നല്‍കിയത്.

ഗണേഷ് പ്രേരിപ്പിച്ചതിനെ തുടര്‍ന്ന് നേരത്തേ തന്റെ പേരും ഇതിലേക്ക് സരിത വലിച്ചിഴയ്ക്കാന്‍ കാരണമെന്ന് ഷിബു ബേബി ജോണ്‍ 2012ല്‍ ആരോപിച്ചിരുന്നു. ഗണേഷും ഭാര്യ യാമിനിയുമായുള്ള ബന്ധം തകര്‍ന്നപ്പോള്‍ സരിതയുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു.

ഇതിനെതിരേ താന്‍ നിലപാട് എടുത്തതാണ് ഗണേഷിനെ പ്രകോപിപ്പിച്ചതെന്നും ഷിബു ചൂണ്ടിക്കാട്ടിയിരുന്നു. ബുധനാഴ്ചയാണ് സോളാര്‍ കമ്മീഷന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്. ജനങ്ങളെ കബളിപ്പിക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നതായി റിപ്പോര്‍ട്ടിലുണ്ട്.

Top