ഗ്രീൻ ട്യൂൺസിന്റെ ‘ഈണത്തില്‍ പാടിയ പാട്ട്’; ഉണ്ണിമേനോന്റെ മനോഹര പ്രണയഗാനം തരംഗമാകുന്നു

തിരുവനന്തപുരം: ആസ്വാദകഹൃദയങ്ങളില്‍ പ്രണയത്തിന്റെ മധുരവുമായി ഒഴുകുകയാണ്
ഉണ്ണിമേനോന്‍ ആലപിച്ച ‘ഈണത്തില്‍ പാടിയ പാട്ട്’. റിലീസ് ചെയ്ത് ഒരാഴ്ച
പിന്നിടുമ്പോള്‍ തന്നെ അറുപതിനായിരത്തിലേറെ പേരാണ് ഈ ഗാനം യൂട്യൂബില്‍
കണ്ടത്.

തിരുവനന്തപുരം കുടപ്പനക്കുന്നു സ്വദേശി അനില്‍ രവീന്ദ്രന്‍ രചിച്ച് എസ്
ആര്‍ സൂരജ് സംഗീതം പകര്‍ന്ന ഗാനം ഗ്രീന്‍ ട്യൂണ്‍സ് മ്യൂസിക്കല്‍സാണു
പുറത്തിറക്കിയത്.ലളിതമായ വരികളും അതിനൊത്ത ഹൃദ്യമായ ഈണവും ഗാനത്തെ ശ്രോതാക്കളുടെ
ഹൃദയത്തില്‍ ആഴത്തില്‍ പതിപ്പിച്ചുകഴിഞ്ഞു. പാട്ടിനെ അഭിനന്ദിച്ചു നിരവധി
പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

ഏറെ നാളുകള്‍ക്കുശേഷമാണു മലയാളിത്തമുള്ള ഗാനം കേട്ടതെന്ന് ശ്രോതാക്കള്‍
അഭിപ്രായപ്പെടുന്നു. ”ജീവിതത്തില്‍ ഒരിക്കലെങ്കിലും ആത്മാര്‍ത്ഥമായി
പ്രണയിക്കാത്തവര്‍ ആരുമുണ്ടാകില്ല. ഈ വരികള്‍ പഴയൊരു പ്രണയകാലം
ഓര്‍മ്മിപ്പിക്കുന്നു. വരികള്‍ക്കൊത്ത ഈണവും പാട്ടിനെ ഹൃദ്യമാക്കുന്നു. ഈ
ഗാനം പാടാന്‍ അനുയോജ്യനായ വ്യക്തി ഉണ്ണിമേനോന്‍ തന്നെയാണ്.
അദ്ദേഹത്തിന്റെ ശബ്ദമാധുര്യം പാട്ടിനു കൂടുതല്‍ ആകര്‍ഷകത്വമേകുന്നു.
‘ഈണത്തില്‍ പാടിയ പാട്ട്’ മനസ്സിനെ വല്ലാതെ ഉലച്ചു”- ഒരാസ്വാദകന്‍
യൂട്യൂബില്‍ കുറിച്ചു.

പ്രേംകിഷോര്‍, മേഘ യു തുടങ്ങിയവരാണു ഗാനരംഗത്തില്‍
അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആഷ്‌ലിന്‍ പൊഡുദാസും പി എസ് രാകേഷും.
അരുണ്‍ ചന്ദാണു ക്രിയേറ്റീവ് ഡയറക്ടര്‍. സൗരവ് മോഹന്‍ എഡിറ്റിങ്ങും
വരുണ്‍ മോഹന്‍ ഗ്രാഫിക്‌സ് ഡിസൈനിങ്ങും നിര്‍വഹിച്ചു.

Top