ആര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടില്ല; വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി ഗാംഗുലി

വ്യാജവാര്‍ത്തകള്‍ക്ക് യാതൊരു പഞ്ഞവും ഇല്ലാത്ത കാലമാണ് ഇപ്പോള്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ സൗരവ് ഗാംഗുലിയുടെ പേരിലും ഇറങ്ങി ഒരു വ്യാജവാര്‍ത്ത. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഉടച്ചു വാര്‍ത്താല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇക്കാര്യത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയ്ക്കു മുന്നറിയിപ്പ് നല്‍കി എന്ന തരത്തില്‍ ഗാംഗുലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന വാര്‍ത്തയാണ് വിവാദമായത്.

മുരളി വിജയും അജിങ്ക്യ രഹാനയും കുറച്ചു കൂടി നിശ്ചയദാര്‍ഢ്യം കാണിക്കണമെന്നും കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയാണ് ഇംഗ്ലണ്ടിനെതിരായ തോല്‍വിക്കു കാരണമെന്നു കരുതുന്നില്ലെന്നും വ്യാജപോസ്റ്റില്‍ പറയുന്നു. എന്നാല്‍ തന്റെ പേരിലുള്ള ഈ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വ്യാജമാണെന്നും ഇത് വാര്‍ത്തയാക്കരുതെന്നും ഗാംഗുലി ട്വീറ്റ് ചെയ്തു. താന്‍ അത്തരം മുന്നറിയിപ്പുകളൊന്നും ആര്‍ക്കും നല്‍കിയിട്ടില്ല. വ്യാജ അക്കൗണ്ടിന്റെ വിവരം ഇന്‍സ്റ്റഗ്രാം അധികൃതരെ അറിയിക്കുമെന്നും ഗാംഗുലി ട്വിറ്ററിലൂടെ അറിയിച്ചു. എന്തായാലും ഗാംഗുലിയുടെ പ്രതികരണത്തിനു പിന്നാലെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമാകുകയും ചെയ്തു. ടീമംഗങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കുകയാണ് വേണ്ടതെന്നും ഗാംഗുലിയുടെ പേരിലുള്ള വ്യാജ പോസ്റ്റില്‍ കുറിച്ചിരുന്നു.

ഗാംഗുലിയുടെ പേരില്‍ വന്ന വ്യാജ പോസ്റ്റില്‍നിന്ന്:

ടെസ്റ്റ് മല്‍സരത്തില്‍ ജയിക്കണമെങ്കില്‍ എല്ലാവരും സ്‌കോര്‍ ചെയ്‌തേ മതിയാകൂ. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ഒരു മത്സരം മാത്രമേ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. ഇനിയും നാലു മത്സരങ്ങള്‍ നടക്കാനുണ്ട്. തിരിച്ചടികളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരാന്‍ ഈ ടീമിന് സാധിക്കുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.

ഇത്തരം സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള മുരളി വിജയും അജിങ്ക്യ രഹാനെയും കുറച്ചുകൂടി നിശ്ചയദാര്‍ഢ്യം കാട്ടണം. ക്യാപ്റ്റനാണ് തോല്‍വിക്കു കാരണമെന്ന് ഞാന്‍ കരുതുന്നില്ല. ആരു ക്യാപ്റ്റനായാലും വിജയങ്ങളില്‍ അഭിനന്ദനം ഏറ്റുവാങ്ങുന്നതുപോലെ പരാജയങ്ങളില്‍ വിമര്‍ശനങ്ങളും സ്വാഭാവികമാണ്.

ടീമിലുള്ളവര്‍ക്ക് മികവു കാട്ടാന്‍ കൂടുതല്‍ അവസരം നല്‍കുകയാണ് കോഹ്‌ലി ചെയ്യേണ്ടത്. ഫോമില്ലായ്മയുടെ പേരില്‍ താരങ്ങളെ പുറത്തിരുത്തും മുമ്പ് അവര്‍ക്ക് മതിയായ അവസരം നല്‍കണം. പേസിനും സ്വിങ്ങിനും ആവശ്യത്തിലധികം പിന്തുണ ലഭിക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഒരിക്കല്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ടീമില്‍നിന്നും പുറത്താക്കുന്നത് ശരിയല്ലെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഇതുതന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

എങ്കിലും എപ്പോഴും ഇത്തരം ഒഴിവ്കഴിവുകള്‍ക്ക് സ്ഥാനമില്ല. 2011ലും 2014ലും നമുക്ക് ഇവിടെ പരമ്പര നഷ്ടമായിരുന്നു. ഇക്കുറി നാമത് നേടിയേ തീരൂ. ബാറ്റിംഗ് നിര താളം കണ്ടെത്തണം. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ പേസ് ലഭിക്കുന്നതുപോലെ ഇംഗ്ലണ്ടില്‍ സ്വിങ് ലഭിക്കുമെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ടീമംഗങ്ങള്‍ക്ക് ആത്മവിശ്വാസം പകരാന്‍ ക്യാപ്റ്റന് സാധിക്കണം. ഇത് ക്യാപ്റ്റന്റെ ടീമാണ്. താരങ്ങളില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ അയാള്‍ക്കേ കഴിയൂ. സഹതാരങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ച്, തനിക്ക് സാധിക്കുമെങ്കില്‍ എല്ലാവര്‍ക്കും സാധിക്കുമെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണം. എല്ലാവര്‍ക്കും മതിയായ സമയം നല്‍കാനും ധൈര്യപൂര്‍വം കളിക്കാനുള്ള ആത്മവിശ്വാസം പകരാനും ക്യാപ്റ്റനു സാധിക്കണം.

ഒരു കളിയിലെ പരാജയത്തിന്റെ പേരില്‍ പുറത്തിരുത്തിയാല്‍, തന്നില്‍ ടീം മാനേജമെന്റിന് വിശ്വാസമില്ലെന്ന തോന്നല്‍ കളിക്കാര്‍ക്ക് വന്നേക്കാം. ഒറ്റക്കെട്ടായി നിന്ന് വിജയത്തിനായി ശ്രമിക്കണം. ഇതിന് വിദേശ പരമ്പരകളില്‍ മികവുകാട്ടിയിട്ടുള്ള മുന്‍ ടീമുകളെ മാതൃകയാക്കാം. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സേവാഗ് എന്നിവര്‍ക്കൊപ്പം താനും കൂടി ചേര്‍ന്ന് നേടിയിട്ടുള്ള വിജയങ്ങള്‍ പ്രചോദനമാകണം.

Top