കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറെന്ന് സുധീരന്‍

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറെന്ന് വി.എം.സുധീരന്‍ സുധീരന്‍. സംസ്ഥാന നേതൃത്വത്തിന്റേത് മതേതര മുന്നേറ്റം തകര്‍ക്കുന്ന നടപടിയാണ്. രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് ഇത്. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് അധാര്‍മികമായ നടപടിയാണെന്നും സുധീരന്‍ പറഞ്ഞു.

യുപിഎയുടെ നഷ്ടം ബിജെപിയുടെ നേട്ടമാകുന്നു. യുപിഎയ്ക്ക് ലോക്‌സഭയില്‍ സീറ്റ് കുറയും. ഇത് ബിജെപിക്കാണ് നേട്ടമാകുക. സമദൂരം പറയുന്ന മാണി ബിജെപിയുടെ കൂടെ കൂടില്ലെന്ന് ഉറപ്പുണ്ടോ? മാണി ബിജെപിയിലേക്ക് പോകില്ലെന്ന ഉറപ്പെങ്കിലും നേതാക്കള്‍ വാങ്ങണമായിരുന്നു. മാണിയുമായി ഇടപെടല്‍ നടത്തുമ്പോള്‍ മുന്‍കരുതല്‍ വേണമായിരുന്നു.

ബിജെപിക്കെതിരായ ദേശീയനീക്കത്തെ നേതാക്കള്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തത്. സാമാന്യബുദ്ധിയുള്ള ഒരു രാഷ്ട്രീയ നേതാവും ഇങ്ങനെ തീരുമാനിക്കില്ല.

കോണ്‍ഗ്രസില്‍ നിന്നും ആരെയും പരിഗണിക്കേണ്ട എന്ന രഹസ്യ അജണ്ടയാണ് നേതൃത്വത്തിനുണ്ടായിരുന്നത്. ആര്‍എസ്പിക്ക് സീറ്റ് കൊടുത്തത് കൂട്ടായ തീരുമാനമെടുത്താണ്. മൂന്ന് നേതാക്കള്‍ എടുത്ത തീരുമാനമായിരുന്നില്ല അത്. കെപിസിസി എക്‌സിക്യൂട്ടീവ് അക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

തനിക്കെതിരെയുള്ള ആരോപണം ഗ്രൂപ്പ് മാനേജര്‍മാരുടെ കളിയാണ്. കേരളത്തിലെ നേതൃത്വത്തിന് സങ്കുചിത താല്‍പ്പര്യമാണ്. അണികളുടെ വിശ്വാസം നേതാക്കള്‍ തിരികെ പിടിക്കണം. പരസ്യപ്രസ്താവന വിലക്കിയതുകൊണ്ട് മാത്രം കാര്യമായില്ല.

Top