ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച് സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ എത്തിച്ചത് വിവാദത്തില്‍

ന്യൂഡല്‍ഹി: വെള്ളിയാഴ്ച ഐഎഎഫ് എംഐ17 ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച ഏഴ് സൈനികരുടെ മൃതദേഹം കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി സൈനിക കേന്ദ്രങ്ങളിലേക്കയച്ചത് വിവാദത്തില്‍. ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ വെച്ചായിരുന്നു അപകടം. മൃതദേഹങ്ങള്‍ എത്തിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ പ്രാദേശികമായി ലഭിച്ചില്ല. ഇതോടെയാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി സൈനിക ആസ്ഥാനത്തെത്തിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തില്‍ ആറ് ശവപ്പെട്ടികള്‍ താങ്ങാന്‍ ഹെലികോപ്ടറുകള്‍ക്ക് കഴിയില്ലെന്നത് കൊണ്ടാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ഉപയോഗിക്കാന്‍ കാരണമെന്നാണ് സൈനിക വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

അതേ സമയം പെട്ടികള്‍ ഉപയോഗിക്കാന്‍ കഴിയില്ലായിരുന്നെങ്കില്‍ ബോഡി ബാഗുകള്‍ ഉപയോഗിച്ചു കൂടായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ഇത്തരം ഒറ്റപ്പെട്ട സൈനിക കേന്ദ്രങ്ങളില്‍ അത്യാവശ്യം വേണ്ടവ മാത്രമേ കരുതൂ എന്നും ബോഡി ബാഗുകള്‍ വലിയ മിലിട്ടറി സംവിധാനങ്ങള്‍ക്കുള്ളില്‍ മാത്രമേ ഉണ്ടാവൂ എന്നും സൈന്യം പറയുന്നു.ആദ്യം പ്രതിരോധിച്ചെങ്കിലും കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ മൃതദേഹങ്ങള്‍ വഹിച്ചത് വലിയ ചട്ട ലംഘനമാണ് എന്ന് ഒടുവില്‍ സൈന്യം ഒദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചു.

‘മാതൃരാജ്യത്തെ സേവിക്കാന്‍ ഇന്നലെ ഏഴ് ചെറുപ്പക്കാര്‍ വെയിലത്തിറങ്ങി. ഇങ്ങനെയാണ് അവര്‍ തിരിച്ചു വന്നത്’, ഇതായിരുന്നു സംഭവത്തില്‍ അമര്‍ഷം രേഖപ്പെടുത്തിക്കൊണ്ട് റിട്ട ലെഫ് ജനറല്‍ എച്ച എസ് പനാഗ് ട്വീറ്റ് ചെയ്തത്.

Top