മാനസികമായി ബുദ്ധിമുട്ടിലാണ്, സമാധാനം തേടി മാറുന്നു: വിവാഹമോചന വിവാദത്തിനിടെ ദൂതന്‍ വഴി തേജ് പ്രതാപിന്റെ വെളിപ്പെടുത്തല്‍

പട്‌ന: ആഢംബരകല്യാണത്തിന്റെ തിളക്കം മായുന്നതിനു മുമ്പു തന്നെ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ആ വിവാഹമോചന വാര്‍ത്ത എത്തിയത്. ബിഹാര്‍ ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപും ഭാര്യ ഐശ്വര്യ റായിയും തമ്മില്‍ പിരിയുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ചതിനു ശേഷം തേജ് രപതാപിനെ കാണാനില്ലെന്ന വാര്‍ത്തകളും പരന്നിരുന്നു. അഴിമതിക്കേസില്‍ റാഞ്ചിയില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദിനെ സന്ദര്‍ശിച്ച ശേഷം തേജ് പ്രതാപിനെ കാണാതായെന്നായിരുന്നു വാര്‍ത്തകള്‍.

തേജ് പ്രതാപ് എവിടെയാണെന്നതില്‍ വീട്ടുകാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും സൂചനകളുണ്ടായിരുന്നില്ല. ഇതിനിടെ പ്രത്യേക ദൂതന്‍ വഴി തേജ് പ്രതാപ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. തേജ് പ്രതാപിന്റെ വക്താവായി ആര്‍ജെഡി നേതാവാണ് രംഗത്തെത്തിയിരിക്കുന്നത്. മാനസികമായി ബുദ്ധിമുട്ടിലായതിനാല്‍ വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് ദൂതന്‍ വഴി അറിയിച്ചിരിക്കുന്നത്.

വിവാഹമോചന വിഷയത്തില്‍ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഈ മാറ്റമെന്നാണ് പാര്‍ട്ടി വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. അല്‍പം സമാധാനം തേടി മാറുകയാണ് എന്നാണ് അറിയിപ്പ്. ആറു മാസം മാത്രം നീണ്ട ദാമ്പത്യമാണ് തേജ് പ്രതാപ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കി എന്ന് തുറന്നടിച്ചുകൊണ്ടായിരുന്നു വിവാഹമോചന വാര്‍ത്തയോട് തേജ് പ്രതാപ് പ്രതികരിച്ചത്. 2018 മേയ് 12നാണ് മുന്‍ മന്ത്രിയും ആര്‍ജെഡി നേതാവുമായ ചന്ദ്രിക റായ് എംഎല്‍എയുടെ മകളും ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ കൊച്ചുമകളുമായ ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്റെ വിവാഹം നടന്നത്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വിവാഹം ആര്‍ഭാടങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

Top