ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ പ്രതിസന്ധികളെ മറികടന്ന് അവർ ഒന്നാകുന്നു

കേരളം ചരിത്രത്തിലാദ്യമായി നിയമവിധേയ ട്രാൻസ്‌ജെൻഡർ വിവാഹത്തിന് തുടക്കമിടാനൊരുങ്ങുന്നു. ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ സൂര്യയും ഇഷാൻ കെ ഷാനുമാണ് വിവാഹിതരാകുന്നത്. പ്രതിസന്ധികളെ മറികടന്ന് ജീവിതം പങ്കിടാൻ തീരുമാനിച്ചിരിക്കുകയാണ് ഇവർ . സൂര്യയുടെയും ഇഷാന്റെയും ആറുവർഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് വഴിയൊരുക്കുന്നത് . ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ്‌. ഐഡി കാർഡുകളിൽ സൂര്യ സ്ത്രീയും ഇഷാൻ പുരുഷനുമാണ്. അതുകൊണ്ടുതന്നെ നിയമ പരമായി വിവാഹം മറ്റു തടസ്സങ്ങൾ ഉണ്ടാവുകയില്ല.

ഇരു കുടുംബങ്ങളുടെയും പൂർണ്ണ സമ്മതത്തോടെ സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമാണ് തങ്ങൾ വിവാഹിതരാകുന്നതെന്ന് സൂര്യയും ഇഷാനും വ്യക്തമാക്കുന്നു. സൂര്യ ഹൈന്ദവ കുടുംബ പശ്ചാത്തലത്തിൽ നിന്നും ഇഷാൻ ഇസ്‌ലാം സമുദായത്തിൽ നിന്നുമായതിനാൽ കേവലമൊരു രജിസ്റ്റർ മാര്യേജ് എന്നതിലുപരി സമുദായവും ബന്ധുക്കളുമടങ്ങുന്ന ഒരു വിവാഹവേദി തന്നെ ഒരുക്കാനാണ് ഇരുവരുടെയും തീരുമാനം.

മുപ്പത്തിഒന്നുകാരിയായ സൂര്യ 2014ലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാവുന്നത്. പുരുഷനിൽ നിന്നും സ്ത്രീയിലേക്കുള്ള മാറ്റത്തിനൊടുവിൽ, സൂര്യ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സോഷ്യൽ ആക്റ്റിവിസ്റ്റും, ഭിന്ന – ലൈംഗിക ന്യൂനപക്ഷ പ്രവർത്തകയുമാണ്. ഒപ്പം സ്റ്റേജ് പ്രോഗ്രാമിലെയും സിനിമയിലെയും ഡബ്ബിങ് ആർട്ടിസ്റ്റായും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു.

ചരിത്രത്തിലെ ആദ്യ ട്രാൻസ് ജെൻഡർ വിവാഹത്തിൽ ഭാഗമാകാൻ പോകുന്നു എന്നതിൽ സന്തോഷമുണ്ടെന്നും അതിലുപരി സമൂഹത്തിനും വരും തലമുറയ്ക്കും മുൻപിൽ മാതൃകയും പ്രചോദനവുമാൻ സാധിക്കുന്നു എന്നതിൽ അഭിമാനം ഉണ്ടെന്നും സൂര്യ പറയുന്നു.

Top