ആദിവാസികൾ ശബരിമലയിലേക്ക് പോകാൻ കെട്ട്നിറച്ച കൊട്ടിയൂർ ദേവസ്വം വക ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തി

കൊട്ടിയൂർ: ആദിവാസികൾ ശബരിമലയിലേക്ക് പോകാൻ കെട്ട്നിറച്ച കൊട്ടിയൂർ ദേവസ്വം വക ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തിയത് വിവാദമായി.പേരാവൂരിനടുത്ത് മണത്തണ കുണ്ടേന്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ജനുവരി 12നാണു സംഭവം.ചടങ്ങു കഴിഞ്ഞ് അയ്യപ്പവിളികളുമായി ആദിവാസികള്‍ ക്ഷേത്രത്തില്‍ നിന്നിറങ്ങിയ ഉടന്‍ നിന്നതും ഇരുന്നതുമായ സ്ഥലങ്ങളെല്ലാം പൈപ്പിലൂടെ വെള്ളമൊഴിച്ച് കഴുകി. മണത്തണക്ക് സമീപമുള്ള ആക്കല്‍ താഴെ കുണ്ടോന്‍കടവ് കോളനി നിവാസികളായ 67 പേരാണ് ശബരിമല തീര്‍ത്ഥാടനത്തിനായി ഈ ക്ഷേത്രത്തില്‍ കെട്ടുനിറച്ചത്.

ക്ഷേത്രത്തിലെ അയിത്താചരണത്തിന് എതിരെ ആദിവാസി-ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നു. പൊലീസ് വിവരമറിഞ്ഞ് എത്തിയെങ്കിലും കേസെടുത്തില്ല. വകുപ്പു മന്ത്രിക്ക് പരാതി നല്‍കുമെന്ന് ആദിവാസി നേതാക്കള്‍ അറിയിച്ചു. ദേവസ്വം മന്ത്രിക്ക് നാളെ നേരിട്ട് പരാതി നല്‍കും. 56 വര്‍ഷമായി ഇവിടെവച്ചുതന്നെയാണു കെട്ടുനിറ ചടങ്ങുകള്‍ നടത്തിവരുന്നത്. മുന്‍ വര്‍ഷങ്ങളിലില്ലാത്ത അനാചാര ചടങ്ങുകളാണ് ഇത്തവണ നടന്നത്.

67 അയ്യപ്പന്മാരും അവരുടെ ബന്ധുക്കളുമായി 300ലധികം ആദിവാസികളാണ് ക്ഷേത്രത്തില്‍ മൂന്നു ദിവസം നീണ്ട കെട്ടുനിറ ചടങ്ങിലുണ്ടായിരുന്നത്. ഓണന്‍ മൂപ്പനായിരുന്നു ഗുരുസ്വാമിയായി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഓരോ കെട്ടിനും നിശ്ചയിച്ച തുക ക്ഷേത്രത്തിലടച്ചാണ് ചടങ്ങു നടത്തുന്നത്. ആദിവാസികള്‍ കെട്ടുനിറ ചടങ്ങ് നടത്തിയ ക്ഷേത്രപരിസരത്ത് പുണ്യാഹം തളിച്ചതിനു ശേഷം മൂന്നാം ദിവസം രാത്രിയോടെയാണ് ക്ഷേത്രജീവനക്കാര്‍ ശുദ്ധികലശം നടത്തിയത്. ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരുടെ നേതൃത്വത്തിലാണു ക്ഷേത്രമുറ്റവും ക്ഷേത്ര പരിസരവുമെല്ലാം ഇത്തരത്തില്‍ കഴുകിയത്.

പണിയ വിഭാഗത്തിലുള്ള ആദിവാസികള്‍ ഇവിടെ നിന്നു കാലങ്ങളായി ശബരിമലയ്ക്ക് പോകുന്നു. നേരത്തെ കാല്‍നടയായാണു പോയിരുന്നത്. ഇപ്പോള്‍ വിഷ്ണു ക്ഷേത്രത്തില്‍ നിന്നു കെട്ടു നിറച്ച് മണത്തണ ഭഗവതി ക്ഷേത്രത്തില്‍ നിന്നാണു പുറപ്പെടുന്നത്. സ്പെഷ്യൽ ബസില്‍ ശബരിമലയ്ക്കു പോകുന്നത്. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ ആദിവാസികള്‍ സംഭവമറിഞ്ഞ് കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കു തയ്യാറെടുക്കുകയാണ്.

സംഭവത്തെത്തുടര്‍ന്ന് ആദിവാസി സംഘടനകളും ഇടതു സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ആദിവാസികള്‍ക്കെതിരേയുള്ള അയിത്തവും വിവേചനവും ഇപ്പോഴും നിലനിര്‍ത്താനുള്ള ശ്രമമാണ് നടപടിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് അഖിലേന്ത്യാ ആദിവാസി മഹാസഭ പേരാവൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറി ചന്ദ്രേഷ് കുണ്ടേന്‍കാവും പ്രസിഡന്റ് വിനേഷ് ആക്കല്‍ത്താഴെയും പറഞ്ഞു.

 

കാലഹരണപ്പെട്ട ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമായി ഊരുവിലക്കും അയിത്തവും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തെ എന്തു വില കൊടുത്തും എതിര്‍ക്കുമെന്ന് എ.ഐ.വൈ.എഫ് പേരാവൂര്‍ മണ്ഡലം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് മണത്തണ ടൗണിലും പരിസരപ്രദേശങ്ങളിലും അഖിലേന്ത്യ ആദിവാസി മഹാസഭയുടെ നോട്ടീസ് വ്യാപകമായി പതിച്ചിട്ടുണ്ട്.

സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതു വരെ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് ആദിവാസി നേതാക്കള്‍ അറിയിച്ചു.

കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളതാണ് ക്ഷേത്രമെങ്കിലും പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ക്ഷേത്രത്തില്‍ സ്വാധീനം കൂടുതലാണ്. ഇതിന്റെ പ്രതിഫലനമാണ് നിലവിലുണ്ടായ സാമൂഹിക അനാചാരമെന്ന് ആദിവാസി നേതാക്കള്‍ പറഞ്ഞു.

 

Top