അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷത്തിന് മുഖ്യാതിഥിയായി ട്രമ്പിനെ ക്ഷണിച്ചു

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നതിനും, രാജ്യത്തിന്റെ സൈനിക കരുത്ത് വിളിച്ചോതുന്ന സൈനിക പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്നതിനും മുഖ്യാതിഥിയാകാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെ ഇന്ത്യ ക്ഷണിച്ചു. ഏപ്രിലില്‍ ഇതു സംബന്ധിച്ച ക്ഷണക്കത്ത് കൈമാറിയതാണെങ്കിലും അമേരിക്കന്‍ ഭാഗത്തു നിന്ന് വ്യക്തമായ പ്രതികരണം ഉണ്ടായിട്ടില്ല. എങ്കിലും ഇക്കാര്യത്തില്‍ അനുകലമായ ഒരു തീരുമാനമാണ് ഉണ്ടാകാന്‍ സാധ്യതയെന്ന് പറയപ്പെടുന്നു. നയതന്ത്ര തലത്തില്‍ ഈ വിഷയം പലതവണ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. ട്രമ്പിന്റെ മുന്‍ഗാമി ഒബാമ 2015 ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു.
ഇന്ത്യയും അമേരിക്കയും തമ്മില്‍ അടുത്ത കാലത്ത് പല കാര്യങ്ങളിലും ഭിന്നത നിലനില്‍ക്കുന്ന എന്നതാണ് ട്രമ്പിന്റെ വരവിനെപ്പറ്റി ആശങ്ക ഉയര്‍ത്തുന്നത്. വ്യാപാര താരിഫ് സംബന്ധിച്ച തര്‍ക്കം, ഇറാനില്‍ നിന്ന് ഇന്ത്യ നടത്തി വരുന്ന എണ്ണ ഇറക്കുമതി, റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാനുള്ള നീക്കം തുടങ്ങിയവ അമേരിക്കയ്ക്ക് അനിഷ്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ഭിന്നതകള്‍ പരിഹരിക്കുന്നതിന് മന്ത്രിതല ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അമേരിക്ക അത് മാറ്റിവയ്ക്കുകയായിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുടെ അപ്രതീക്ഷിത ഉത്തര കൊറിയന്‍ സന്ദര്‍ശനത്തെ തുടര്‍ന്നായിരുന്നു ഇത്.
അമേരിക്കയുമായുള്ള ഭിന്നതകള്‍ പരിഹരിക്കാന്‍ പറ്റുന്നതാണെന്ന് മോഡി ഭരണകൂടം കരുതുന്നു. ട്രമ്പിന്റെ സന്ദര്‍ശനം യാഥാര്‍ഥ്യമായാല്‍ വിദേശനയവുമായി ബന്ധപ്പെട്ട പല വിമര്‍ശനങ്ങളുടെയും മുനയൊടിക്കുവാന്‍ അത് സഹായകമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ മോഡിയുടെ ഇമേജ് വര്‍ധിപ്പിക്കുന്ന ഘടകമായി ഇത് മാറ്റിയെടുക്കാമെന്നും ബി.ജെ.പി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

Top