കിം ജോങുമായി സംസാരിക്കാന്‍ ട്രംപ് തയ്യാര്‍; അതിനു നിബന്ധനകള്‍ പാടില്ലെന്നും ട്രംപ്

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്നുമായി സംസാരിക്കാന്‍ തയ്യാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

കിമ്മുമായി സംസാരിക്കാന്‍ താന്‍ തയ്യാറാണെന്നും പക്ഷേ അതിന് നിബന്ധനകള്‍ വെക്കാന്‍ പാടില്ലെന്നും ട്രംപ് പറഞ്ഞു. ഇരു കൊറിയകളും വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ചര്‍ച്ച പുനരാരംഭിക്കുന്നതില്‍ തനിക്കു സന്തോഷമുണ്ടെന്നും വളരെ പ്രതീക്ഷയോടെയാണ് താന്‍ ഇതിനെ നോക്കിക്കാണുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് അണുവായുധ മിസൈലിന്റെ ബട്ടണ്‍ തന്റെ മേശപ്പുറത്താണെന്നും പറഞ്ഞ് കിം ജോങ് ട്രംപിനെ വെല്ലുവിളിക്കുകയും തുടര്‍ന്ന് അണുവായുധം തന്റെ പക്കലുമുണ്ടെന്ന് ട്രംപ് മറുപടിയും പറഞ്ഞിരുന്നു. അമേരിക്കയും കൊറിയയും തമ്മില്‍ ഏതു നിമിഷവും യുദ്ധത്തിലേക്കു നീങ്ങുമെന്ന അവസ്ഥയില്‍ ട്രംപ് നിലപാട് മയപ്പെടുത്തുന്നത് പ്രതീക്ഷയോടെയാണ് യുഎന്‍ കാണുന്നത്.

Top