വിദേശ തൊഴിലാളികള്‍ അനുവര്‍ത്തിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ വിശദീകരിക്കുന്ന പുസ്തകം യുഎഇയില്‍ പുറത്തിറക്കി

ദുബായ് : വിദേശ തൊഴിലാളികള്‍ അനുവര്‍ത്തിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ വിശദീകരിക്കുന്ന പുസ്തകം യുഎഇയില്‍ പുറത്തിറക്കി. രാജ്യത്ത് തൊഴിലെടുക്കുന്ന ഒരു ദശലക്ഷം വിദേശ തൊഴിലാളികള്‍ക്ക് പുസ്തകം ലഭ്യമാക്കും. യുഎഇയില്‍ ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.

ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. നിയമലംഘനങ്ങള്‍ക്കുള്ള തടവുശിക്ഷയും പിഴചുമത്തലും പുസ്തകത്തില്‍ വിശദീകരിക്കുന്നു. ഇതാദ്യമായാണ് രാജ്യത്തെ വിദേശ തൊഴിലാളികളെ മുന്‍നിര്‍ത്തി സമഗ്രമായ പുസ്തകം പുറത്തിറക്കുന്നത്.

രാജ്യത്ത് സുരക്ഷയും സമാധാനവും പൗരാവകാശവും സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയാണ് നടപടിയെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. കൊലപാതകവും,വിസ പുതുക്കാതെ രാജ്യത്ത് തുടരുന്നതും മയക്ക് മരുന്ന് കടത്തും ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന നിയമലംഘനമാണ്.

വിദേശ തൊഴിലാളികള്‍ സ്‌പോണ്‍സര്‍മാര്‍ക്ക് വേണ്ടിയല്ലാതെ മറ്റാളുകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത് 50,000 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്. ലഹരിമരുന്ന് ഉപയോഗം നാലുവര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് ഇടയാക്കും.

കലാപമുണ്ടാക്കല്‍, മോഷണം, അനധികൃത മദ്യ ഉപയോഗം, ചൂതാട്ടം, തീവെപ്പ് തുടങ്ങിയ മുഴുവന്‍ കുറ്റങ്ങളുടെ ശിക്ഷയെക്കുറിച്ചും വിശദമായി പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Top