യു.കെ വിസ തട്ടിപ്പ്, കോടികളുമായി മലയാളി മുങ്ങി

യുകെയില്‍ വിസ ശരിയാക്കി നല്‍കാമെന്നു വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത ശേഷം മറ്റൊരു ഏജന്‍സി കൂടി മുങ്ങി. തൃശൂര്‍ ആസ്ഥാനമായി റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്‍റെ പേരില്‍ പെരിങ്ങോട്ടുകരി സ്വദേശിയായ അഭിലാഷ് അശോക്‌ ആണ് ഇത്തവണ തട്ടിപ്പ് നടത്തി മുങ്ങിയിരിക്കുന്നത്.ലണ്ടനിലേക്ക് ബിസിനസ് വിസ സംഘടിപ്പിച്ച് നല്‍കാം എന്ന്‍ മോഹിപ്പിച്ചാണ് ഇയാള്‍ പലരെയും തട്ടിപ്പിന് ഇരയാക്കിയത്. നൂറിലധികം ആളുകള്‍ അഭിലാഷിന്‍റെ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണറിയുന്നത്. നിരവധി പേരില്‍ നിന്നായി കോടിക്കണക്കിനു രൂപയാണ് അഭിലാഷ് തട്ടിയെടുത്തിരിക്കുന്നത്.യുകെയില്‍ സ്റ്റുഡന്റ് വിസയിലും കെയറര്‍ വിസയിലും എത്തിയവരായിരുന്നു അഭിലാഷിന്‍റെ ഇരകളില്‍ ഏറെയും. ഇവരുടെ വിസ കാലാവധി തീരാറാകുന്ന മുറയ്ക്ക് ഇവരെ കണ്ടെത്തി ബിസിനസ്സ് വിസയും മറ്റും വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പിന് തുടക്കം കുറിയ്ക്കുന്നത്. ഇതിനായി പ്രത്യേകം ഏജന്റുമാരെയും അഭിലാഷ് നിയമിച്ചിട്ടുണ്ട്. ഈ ഏജന്റുമാര്‍ ആണ് അഭിലാഷിന് വിസ നല്‍കാന്‍ സാധിക്കും എന്ന് ഇവരെ വിശ്വസിപ്പിക്കുന്നത്.

തലയോലപ്പറമ്പ് സ്വദേശിയായ പ്രവീണ്‍ എന്നയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് അഭിലാഷ് നടത്തിയ തട്ടിപ്പുകള്‍ വെളിയില്‍ വന്നത്. പ്രവീണില്‍ നിന്ന് മാത്രം ഇയാള്‍ പതിനാല് ലക്ഷം രൂപയാണ് തട്ടിച്ച് എടുത്തിരിക്കുന്നത്. യു.കെ.ഐ.ബി.എസ്.ഒ. എന്ന പേരില്‍ ആയിരുന്നു അഭിലാഷ് കമ്പനി നടത്തിയിരുന്നത്.

യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ പ്രവീണിന് ബിസിനസ്സ് വിസ നല്‍കാമെന്ന് മോഹിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പിന് കളമൊരുക്കിയത്. ഇയാളെ വിശ്വസിച്ച പ്രവീണ്‍ ഏഴു ലക്ഷം രൂപ ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും ബാക്കി തുക ലണ്ടനില്‍ വച്ച് നേരിട്ടും നല്‍കുകയായിരുന്നു. എന്നാല്‍ പണം കൈമാറിയ ശേഷവും വിസ ശരിയാകാതെ വന്നതിനെ തുടര്‍ന്ന് ഇക്കാര്യം ചോദിക്കുമ്പോഴെല്ലാം ഇയാള്‍ പല ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു.

വിസ ലഭിക്കാത്തതിനെ തുടര്‍ന്ന്‍ പരാതി നല്‍കിയ പ്രവീണിനെ പോലീസില്‍ പിടിപ്പിക്കും എന്ന് പറഞ്ഞ് അഭിലാഷ് ഭീഷണിപ്പെടുത്തി. മാത്രവുമല്ല ലണ്ടനിലും നാട്ടിലും ഗുണ്ടകളെ ഉപയോഗിച്ച് അഭിലാഷ് പ്രവീണിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അഭിലാഷിന്റെ ഭീഷണി ഭയന്ന്‍ പ്രവീണ്‍ ലണ്ടനില്‍ നിന്നും തിരികെ മടങ്ങുകയായിരുന്നു. എന്നാല്‍ യുകെയിലെത്താനായി വന്‍തുക കടം വാങ്ങിയിരുന്ന പ്രവീണ്‍ തിരികെയെത്തിയതോടെ കടക്കാര്‍ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിതുടര്‍ന്ന് ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റാണ് പ്രവീണ്‍ കടക്കാരില്‍ നിന്നും താത്ക്കാലിക രക്ഷ നേടിയത്.

രമ്യ എന്ന നഴ്സാണ് അഭിലാഷിന്‍റെ തട്ടിപ്പിന് ഇരയായ മറ്റൊരാള്‍. രണ്ടായിരത്തി പന്ത്രണ്ടിലാണ് രമ്യ അഭിലാഷിന് വിസയ്ക്കായി പണം നല്‍കിയത്. രമ്യയോടൊപ്പം രമ്യയുടെ സുഹൃത്തുക്കളും ഇത് പോലെ അഭിലാഷിന് പണം നല്‍കിയിരുന്നു. ലണ്ടനിലായിരുന്ന ഇവര്‍ക്ക് വിസ പുതുക്കി നല്‍കാമെന്ന് പറഞ്ഞ് അഭിലാഷ് പണം കൈപ്പറ്റിയെങ്കിലും വിസ നല്‍കിയില്ല. തുടര്‍ന്ന്‍ പണം ചോദിച്ചപ്പോള്‍ ഇവരുടെ വിസ കാലാവധി തീര്‍ന്ന വിവരം പോലീസില്‍ അറിയിച്ച് പിടിപ്പിക്കും എന്ന്‍ പറഞ്ഞ് അഭിലാഷ് ഭീഷണിപ്പെടുത്തി. ബാങ്ക് ലോണെടുത്തും കടം മേടിച്ചും മറ്റുമായി അഭിലാഷിന് പണം നല്‍കിയ ഇവര്‍ ഇതോടെ ഭയപ്പാടിലായി.

രോഗിയായ പിതാവിനെയും കുട്ടിയേയും സംരക്ഷിക്കേണ്ടിയിരുന്ന രമ്യ തുടര്‍ന്ന് യുകെയില്‍ നിന്ന്‍ മടങ്ങുകയായിരുന്നു. ഹൃദ്രോഗിയായ അച്ഛനെ ചികിത്സിക്കാന്‍ വഴിയില്ലാത്തതിനെ തുടര്‍ന്ന് രമ്യ ഇപ്പോള്‍ ഭര്‍ത്താവിനെയും കുട്ടിയേയും നാട്ടിലാക്കി ഇസ്രായേലില്‍ കെയറര്‍ ആയി ജോലി ചെയ്യുകയാണ്. കെയറര്‍ ജോലിയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ തുകയില്‍ നിന്നും മിച്ചം പിടിച്ച് വേണം കടം വീട്ടാനും ഹൃദയത്തിന് അഞ്ച് ബ്ലോക്ക് ഉള്ള അച്ഛനു ചികിത്സ നല്കാനുമെന്ന് പറയുമ്പോള്‍ രമ്യ കരയുകയായിരുന്നു.

 

Top