ഇസ്രയേൽ തലസ്ഥാനം: അറബ് ലോകത്തെ ഞെട്ടിച്ച യുഎസ് നയംമാറ്റം ;ജറുസലമിൽ തൽസ്ഥിതി നിലനിർത്തണമെന്നു ഫ്രാൻസിസ് മാർപാപ്പ

ന്യൂയോര്‍ക്ക്: ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപാണ് പ്രഖ്യാപനം നടത്തിയത്. യുഎസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റും. ഏഴ് പതിറ്റാണ്ടായി തുടരുന്ന വിദേശനയം മാറ്റിമറിച്ചാണ് ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിക്കുന്നത്. മേഖലയിലെ സമാധാനത്തെയും രാഷ്ട്രീയ സ്ഥിരതയേയും ബാധിക്കുന്ന തീരുമാനത്തിനെതിരെ അറബ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഇസ്രയേല്‍ -പലസ്തീന്‍ പ്രശ്നത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണു തന്‍റെ പ്രഖ്യാപനമെന്നാണ് ഡോണള്‍ഡ് ട്രംപിന്‍റെ വാദം. ജൂദായിസം, ക്രിസ്തുമതം, ഇസ്ലം എന്നീ മൂന്നുമതങ്ങളുടെ പുണ്യ നഗരമായി ജറുസലേം തുടരും. അതിര്‍ത്തി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുഎസ് അന്തിമ നിലപാട് എടുക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
.
ആറ് മാസത്തിനുശേഷമേ അമേരിക്കന്‍ എംബസി ടെല്‍ അവീവീല്‍ നിന്ന് ജറുസലേമിക്ക് മാറ്റാനുള്ള നടപടി തുടങ്ങുകയുള്ളു. കിഴക്കന്‍ ജറുസലേമിലെ ഇസ്രയേലി നിര്‍മ്മാണപ്രവര്‍ത്തനങ്ങളോട് യോജിക്കുന്നു എന്ന് ഇതിനര്‍ത്ഥമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപിന്‍റെ പ്രഖ്യാപനത്തിനെതിരെ അറബ് ലോകം ശക്തമായി രംഗത്തെത്തി. യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സിസ് മാര്‍പാപ്പയും യുഎസ് നീക്കത്തെ അപലപിച്ചു.

ഇസ്രയേൽ തലസ്ഥാനമായി ജറുസലമിനെ യുഎസ് അംഗീകരിക്കുന്നതു മേഖലയിൽ സൃഷ്ടിക്കുക കനത്ത പ്രത്യാഘാതങ്ങൾ. പശ്ചിമേഷ്യാ സമാധാന ശ്രമങ്ങൾക്കു തിരിച്ചടിയാകുന്നതിനൊപ്പം അറബ് ലോകത്തു യുഎസിനെതിരെ കടുത്ത അവിശ്വാസം സൃഷ്ടിക്കുന്ന നടപടികൂടിയാകും ഇത്.

1948ൽ പടിഞ്ഞാറൻ ജറുസലമിന്റെ നിയന്ത്രണമേറ്റെടുത്ത ഇസ്രയേൽ 1967ൽ യുദ്ധത്തിലൂടെയാണ് ജോർദാന്റെ അധീനതയിലുണ്ടായിരുന്ന കിഴക്കൻ ജറുസലം കൈവശപ്പെടുത്തുന്നത്. അന്നുമുതൽ ഇസ്രയേൽ – പലസ്തീൻ തർക്കത്തിന്റെ കേന്ദ്രമായി തുടരുന്നു കിഴക്കൻ ജറുസലം. 1980ൽ ഐക്യ ജറുസലമിനെ രാജ്യതലസ്ഥാനമായി പ്രഖ്യാപിച്ച് ഇസ്രയേൽ നിയമം പാസാക്കിയെങ്കിലും യുഎൻ രക്ഷാസമിതി ഇതു തള്ളിക്കളഞ്ഞു. രാജ്യാന്തര സമൂഹവും കിഴക്കൻ ജറുസലമിനെ ഇസ്രയേലിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. പടിഞ്ഞാറൻ ജറുസലമിനെ തലസ്ഥാനമായി റഷ്യ ഈ വർഷം ആദ്യം അംഗീകരിച്ചിരുന്നു. ഇസ്രയേലിന്റെ ഭരണകേന്ദ്രം ജറുസലം ആണെങ്കിലും യുഎസ് ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും എംബസികൾ ടെൽ അവീവിലാണു പ്രവർത്തിക്കുന്നത്. ഇതിനാണു ട്രംപ് മാറ്റം വരുത്തുന്നത്.

ഇസ്‌ലാം, ജൂത, ക്രിസ്ത്യൻ മതവിശ്വാസികൾക്ക് ഒരുപോലെ പുണ്യനഗരമാണിത്. ജൂതന്മാർ അവരുടെ പുണ്യസ്ഥലമായി കാണുന്ന ടെംപിൾ മൗണ്ടും ഇസ്‌ലാമിലെ മൂന്നാമതു പുണ്യസ്ഥലമായ അൽ അഖ്സ മസ്ജിദും കിഴക്കൻ ജറുസലമിലാണ്.

കിഴക്കൻ ജറുസലമിൽ നാലു ലക്ഷത്തിലേറെ പലസ്തീൻകാരുണ്ടെന്നാണു കണക്ക്. ഇവർക്ക് ഒരു രാജ്യത്തിന്റെയും പൂർണപൗരത്വമില്ല. പകരമുള്ളത് ഇസ്രയേൽ റസി‍ഡൻസി പെർമിറ്റുകൾ മാത്രം. ജോർദാൻ പാസ്പോർട്ട് ഉണ്ടെങ്കിലും അതിൽ ദേശീയ പൗരത്വ നമ്പറില്ല.

ടെൽ അവീവിൽനിന്നു യുഎസ് എംബസി ജറുസലമിലേക്കു മാറ്റുന്നതിനു വർഷങ്ങളെടുക്കുമെങ്കിലും ഇസ്രയേൽ അനുകൂല യാഥാസ്ഥിതികരുടെ വോട്ടുബാങ്കാണു ട്രംപിന്റെ ലക്ഷ്യം. നടപ്പാക്കുന്നതിനെക്കൾ എളുപ്പമാണ് ഇതുസംബന്ധിച്ച വാചകമടിയെന്നു ട്രംപിനറിയാം.

ട്രംപിന്റെ മകൾ ഇവാൻകയുടെ ഭർത്താവ് ജാറെദ് കുഷ്നറും ജാസർ ഗ്രീൻബെൽറ്റുമാണ് യുഎസ് മധ്യസ്ഥത വഹിക്കുന്ന ഇസ്രയേൽ – പലസ്തീൻ സമാധാന ചർച്ചകൾക്കു നേതൃത്വം നൽകുന്നത്. വിവിധ അറബ് നേതാക്കളുമായി ഇതുവരെ ചർച്ചകൾ നടത്തിയതു കുഷ്നറാണ്. ഇതിന്റെ ഭാവിയും അനിശ്ചിതത്വത്തിലായി.

ജറുസലമിൽ തൽസ്ഥിതി നിലനിർത്തണമെന്നു ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സാഹചര്യങ്ങൾ സങ്കടപ്പെടുത്തുന്നതായും ഇതേക്കുറിച്ചു നിശ്ശബ്ദത പാലിക്കാനാവില്ലെന്നും മാർപാപ്പ പറഞ്ഞു. യുഎൻ പ്രമേയം എല്ലാവരും അംഗീകരിക്കണമെന്നു മാർപാപ്പ ആവശ്യപ്പെട്ടു.

Top