അമേരിക്കക്കെതിരെ ആഞ്ഞടിച്ച് സൗദി രാജകുമാരന്‍; പ്രശ്‌നമുണ്ടാക്കരുത്!!

റിയാദ്: അമേരിക്കയുടെ നീക്കങ്ങളില്‍ സംശയം പ്രകടിപ്പിച്ച് സൗദി രാജകുമാരന്‍. മേഖലയില്‍ പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് രാജകുമാരന്‍ അമേരിക്കയെ ഓര്‍മിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പശ്ചിമേഷ്യന്‍ മേഖല കൂടുതല്‍ മോശമായ സാഹചര്യത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് രാജകുടുംബത്തില്‍ നിന്ന് തന്നെ അമേരിക്കക്കെതിരായ സ്വരമുണ്ടായിരിക്കുന്നത്. സൗദിയും അമേരിക്കയും അടുത്ത ബന്ധം നിലനിര്‍ത്തുന്ന രാജ്യമാണ്. അമേരിക്കയും ഇസ്രായേലും തമ്മിലും മികച്ച ബന്ധമാണ്. ഈ ബന്ധങ്ങളിലുള്ള പ്രശ്‌നങ്ങരും വൈരുധ്യങ്ങളും തുറന്നുപറയുകയാണ് സൗദി രാജകുമാരന്‍. അമേരിക്കന്‍ നേതൃത്വങ്ങള്‍ക്കും ആശങ്കയുണ്ടാക്കുന്ന പ്രതികരണമാണിത്.

അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയങ്ങള്‍ക്കെതിരെയാണ് സൗദി രാജകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയുടെ ചില ഇടപെടലുകള്‍ മേഖലയെ കൂടുതല്‍ പ്രശ്‌നങ്ങളില്‍ ചാടിക്കുമെന്ന് തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. രാജകുടുംബത്തില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിയാണിദ്ദേഹം. നേരത്തെ സൗദി രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവനായിരുന്നു.

അമേരിക്ക ഇസ്രായേലുമായുണ്ടാക്കുന്ന അടുപ്പത്തെ സൂചിപ്പിച്ചാണ് ഫൈസല്‍ രാജകുമാരന്‍ വിമര്‍ശിച്ചത്. തെല്‍ അവീവിലെ അമേരിക്കന്‍ എംബസി ഓഫീസ് ജറുസലേമിലേക്ക് മാറ്റാന്‍ പ്രസിഡന്റ് ട്രംപ് തീരുമാനിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഇതിന്റെ ഔദ്യോഗിക പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഉചിതമായ നീക്കമല്ലെന്ന് ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന്റെ ജറുസലേം നീക്കത്തിനെതിരെ സൗദി രാജകുടുംബത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഇത്രയും കടുത്ത ഭാഷയില്‍ പരസ്യ വിമര്‍ശനം നേരിടുന്നത്. അമേരിക്കയുടെ എംബസി മാറ്റാനുള്ള തീരുമാനം പശ്ചിമേഷ്യയെ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുമെന്ന് രാജകുമാരന്‍ പറഞ്ഞു. അല്‍ ഖാഇദ അമേരിക്കക്കെതിരെ ആക്രമണം ശക്തമാക്കാന്‍ ആഹ്വാനം ചെയ്ത പശ്ചാത്തലവും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.

സിഎന്‍ബിസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫൈസല്‍ രാജകുമാരന്‍ അമേരിക്കന്‍ നിലപാടിനെ വിമര്‍ശിച്ചത്. അമേരിക്ക നിയമത്തിനൊപ്പം നിലനില്‍ക്കണം. നീതിക്ക് വേണ്ടി നിലകൊള്ളണം. അന്താരാഷ്ട്ര കരാറുകളെ മാനിക്കണമെന്നും ഫൈസല്‍ രാജകുമാരന്‍ തുറന്നടിച്ചു.അമേരിക്ക പശ്ചിമേഷ്യയില്‍ സമാധാനം പുലരാന്‍ വേണ്ടി ശ്രമിക്കുന്നുവെന്നാണ് ഇതുവരെ പറഞ്ഞിട്ടുള്ളത്. നേരത്തെ ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചതും അമേരിക്കയായിരുന്നു. എന്നാല്‍ ട്രംപ് അധികാരത്തിലെത്തിയതോടെ അമേരിക്കന്‍ വിദേശനയത്തില്‍ കാതലായ മാറ്റം സംഭവിച്ചിട്ടുണ്ട്.

Top